Saturday 12 January 2019 03:34 PM IST : By സ്വന്തം ലേഖകൻ

ശുചിമുറി പോലുമില്ലാത്ത ഒറ്റമുറി ഷെഡിൽ നരകയാതന; ദുരിത ജീവിതത്തിൽ നിന്നും മോചനം തേടി ഭാനുമതി

bhanu

ജീവിതത്തിൽ എന്ത് ബാക്കിയുണ്ട് എന്ന് ചോദിച്ചാൽ കണ്ണീരല്ലാതെ മറ്റൊന്നു തിരികെ പറയാനുണ്ടാകില്ല ഭാനുമതിക്ക്. ഇക്കണ്ട നാളത്രയും ആ നിർദ്ധനയായ വൃദ്ധയ്ക്ക് കണ്ണീകാണ്, കണ്ണീർ മാത്രം. കഴിഞ്ഞ 12 വർഷമായി അടച്ചുറപ്പു പോലുമില്ലാത്ത ഒറ്റമുറി ഷെഡിനു കീഴെ മഴയും വെയിലുമേറ്റ് മരവിച്ച് കഴിയുകയാണ് ഈ പാവം അമ്മ. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഈ ഷെഡിൽ ഒരു ശുചിമുറി പോലുമില്ല എന്നത് കരളലിയിപ്പിക്കുന്ന മറ്റൊരു കാഴ്ച

പ്രാഥമിക ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം തുറവൂർ പുത്തൻചന്ത സ്വദേശിയായ ഈ അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ചാലിട്ടൊഴുകും. മനസില്ലാ മനസോടെയാണെങ്കിലും വർഷങ്ങളായി സമീപത്തെ വീടുകളിലാണ് ഈ വീട്ടമ്മ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്. റോഡിനോട് ചേർന്ന് കിടക്കുന്ന ഷെഡ് നൽകുന്ന അപകടഭയവും വേറെ റോഡിലൂടെ ഒരു ബൈക്ക് പോയാൽ തന്നെ ഷെഡ് ഇളകിപ്പറക്കുമെന്ന് ഭാനുമതി പറയുന്നു. 

അടയ്ക്കാൻ ഒരു വാതിലുപോലുമില്ലാത്ത ഈ ഷെഡിൽ രാത്രിയിൽ മൂർച്ചയുള്ള കത്തിയുമായാണ് ഭാനുവമ്മ കിടക്കുന്നത്. ആരെങ്കിലും ആക്രമിക്കുമോയെന്ന ഭയം തന്നെ കാരണം. വീടിനോട് ചേർന്നുള്ള രണ്ട് ക്ഷേത്രത്തിലെ മുറ്റമടിച്ച് കിട്ടുന്ന 800 രൂപയാണ് ഭാനുവിന്‍റെ ആകെയുള്ള വരുമാനം. ആ തുക കൊണ്ട് അരിയും പച്ചക്കറിയും മരുന്നും വാങ്ങിയാൽ പിന്നെ ഷെഡ് മുറുക്കി കെട്ടാൻ പോലും തികയില്ലെന്ന് അവർ പറയുന്നു.

ചെറുപ്പത്തിലുണ്ടായ പനി കാരണം മുഖം ഒരുവശത്തേക്ക് കോടിപ്പോയതിനാൽ വിവാഹമൊന്നും കഴിച്ചില്ല. അന്നുമുതൽ അവഗണന നിറഞ്ഞ ജീവിതമാണ് തന്റേതെന്ന് വേദനയോടെ അവർ പറയുന്നു. സഹോദരന്റെ പറമ്പിലാണ് ഷെഡ് കെട്ടി അഭയസ്ഥാനമൊരുക്കിയിരിക്കുന്നത്. സഹോദരൻ മരിച്ചതോടെ  താമസിക്കുന്ന പറമ്പുപോലും ഭാനുവിന് അന്യമായി. നിലവിൽ സഹോദര ഭാര്യയുടെ കൈവശമാണ് ഭാനുവിന്റെ പേരുൾപ്പെടുന്ന റേഷൻകാർഡും. ആയതിനാൽ റേഷൻ പോലും കിട്ടില്ല.

നിലവിൽ അഗതി ലിസ്റ്റിലാണ് സർക്കാർ ഭാനുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സമീപവാസിയായ ഒരാൾ ഒരു സെന്റ് ഭൂമി ഭാനുവിന് സ്വന്തമായി നൽകാമെന്ന് പറഞ്ഞെങ്കിലും വീട് പണിയാൻ സുമനസുകൾ സഹായിക്കണം. ഒരു വീടിനായി നിരവധി തവണ പഞ്ചായത്തിൽ കയറിയിറങ്ങി മടുത്തുവെന്ന് ഭാനു പറയുന്നു. ഓരോ തവണയും ഫണ്ടില്ല, പിന്നെനോക്കാം എന്ന സ്ഥിരം പല്ലവി മാത്രമാണ് അധികാരികൾ നൽകുന്നത്. മരിക്കുന്നതിന് മുമ്പ് അടച്ചുറപ്പുള്ള ഒരു വീടും സ്വന്തമായി ഒരു ശുചിമുറിയുമാണ് ഈ അനാഥയുടെ ലക്ഷ്യം.