Wednesday 19 September 2018 04:12 PM IST : By സ്വന്തം ലേഖകൻ

‘അവളുടെ മുഖത്ത് വീണ്ടും ആ പഴയ ചിരി’; ഭവ്യയുടെ ഓപ്പറേഷൻ ഭംഗിയായി അവസാനിച്ചെന്ന് സച്ചിൻ

bhavya

പ്രാർത്ഥനയുടെ നിമിഷങ്ങളിൽ കേരളക്കര ഒരായിരം വട്ടം ആ പേര് ആവർത്തിച്ച് ഉരുവിട്ടിട്ടുണ്ടായിരിക്കും. മരണവും വിധി വൈപരീത്യങ്ങളുമൊന്നും അവനേയും അവളേയും തൊട്ടു തീണ്ടരുതേയെന്ന് മനമുരുകിയിട്ടുണ്ടാകും. കാരണം മനസാക്ഷി മരവിച്ചു പോയിട്ടില്ലാത്തവർക്ക് അത്രമേൽ പ്രിയങ്കരരായിരുന്നു ആ യുവമിഥുനങ്ങൾ.

കാൻസറിന്റെ കരാള ഹസ്തങ്ങളിലേക്ക് പ്രിയതമയെ എറിഞ്ഞു കൊടുക്കാതെ അവളെ ഹൃദയത്തോട് ചേർത്ത് നിർത്തിയ സച്ചിനായിരുന്നു ആ ഹീറോ. കാൻസറിനെ പടിക്കു പുറത്തു നിർത്തി സച്ചിന്റെ കൈപിടിച്ച് കതിർ മണ്ഡപത്തിലേക്ക് കയറിയ ഭവ്യയായിരുന്നു കഥയിലെ നായിക. ഓപ്പറേഷൻ തീയറ്ററിന്റെ പടവുകൾ കയറും മുമ്പ് സച്ചിൻ കേരളക്കരയോട് ചോദിച്ചത് ഒന്നേയൊന്ന് മാത്രം. ‘എന്റെ പ്രിയപ്പെട്ടവൾക്കായി പ്രാർത്ഥിക്കണം, ഞങ്ങളെ അനുഗ്രഹിക്കണം.’

ഇപ്പോഴിതാ സഹൃദയരുടെ പ്രാർത്ഥനകൾ അതിന്റെ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു എന്ന സന്തോഷവാർത്ത പങ്കുവച്ചിരിക്കുകയാണ് സച്ചിൻ. സന്തോഷവും കളിചിരികളും നിറഞ്ഞ, അവർ സ്വപ്നം കണ്ട ജീവിതത്തിലേക്ക് പ്രതീക്ഷകൾ വരുന്നതിന്റെ സൂചന കൂടിയാണ് സച്ചിന്റെ പോസ്റ്റ്.

‘കഴിഞ്ഞ ദിവസം ഭവ്യയുടെ ഓപ്പറേഷൻ ആയിരുന്നു. എല്ലാം ഭംഗിയായി അവസാനിച്ചു. രാവിലെ അവളെ നേരിൽ കണ്ടു സംസാരിച്ചു, വേദനയുണ്ട് എങ്കിലും പഴയ പോലെ ആ ചിരി ആ മുഖത്ത് കാണാൻ സാധിച്ചു. പറയാൻ വാക്കുകൾ കിട്ടാത്ത അത്രയും സന്തോഷം ഉണ്ട് മനസ്സിൽ. നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും മാത്രമാണ് അവളുടെ ഈ ചിരിക്ക് കാരണം. ഞങ്ങൾക്ക് താങ്ങും തണലുമായി നിന്ന എല്ലാ സുമനസുകൾക്കും നന്ദിയും,. കടപ്പാടും അറിയിക്കുന്നു. സച്ചിൻ കുറിച്ചു.

സോഷ്യൽ ലോകത്ത് ഏറെ ചർച്ചയായിരുന്നു ഇരുവരുടെയും പ്രണയം കാൻസർ ബാധിച്ചിട്ടും ഭവ്യയെ കൈവിടാതെ അവളെ ചികിൽസിക്കാൻ കൂലിപ്പണിക്കിറങ്ങിയ സച്ചിന്റെ ജീവിതം ഹൃദയം കൊണ്ടാണ് കേരളം കണ്ടത്. അടുത്തിടെ ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. കാൻസറിെന പ്രണയം കൊണ്ട് തോൽപ്പിക്കാൻ ഇറങ്ങിയ ഇൗ ദമ്പതികൾക്ക് പിന്തുണയുമായി ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു.

ഭവ്യയുടെ രോഗത്തെ കാര്യമാക്കാതെ പ്രണയിനിയെ ജീവിതത്തിൽ കൂടെക്കൂട്ടിയ സച്ചിനെ സോഷ്യൽ മീഡിയ സ്നേഹാഭിനന്ദനങ്ങൾ കൊണ്ട് മൂടിയിരുന്നു. അവളുടെ ചികിൽസയ്ക്കായി അവനും ജോലിക്കിറങ്ങി. ഒടുവിൽ കീമോ ചികിൽസ പുരോഗമിക്കുന്നതിനിടയിൽ കാൻസറിനെ മറികടന്ന് അവളെ ജീവിതസഖിയാക്കി. ഇപ്പോഴിതാ രോഗം പതിയെ അവളിൽ നിന്നും പിൻവാങ്ങുന്നതിന്റെ സൂചന സച്ചിൻ നൽകുമ്പോൾ കേരളവും സന്തോഷിക്കുകയാണ്.