Tuesday 05 July 2022 02:56 PM IST

കൃഷി അത്ര മലമറിക്കുന്ന പണിയല്ലെന്നേ: മനോരമ കർഷകശ്രീ അവാർഡ് ജേതാവ് പി. ഭുവനേശ്വരി

Tency Jacob

Sub Editor

bhuvaneswari-karshakasree-agriculture-woman-success-cover ഭുവനേശ്വരി തന്റെ മാന്തോപ്പിൽ, ഫോട്ടോ: വിബി ജോബ്

‘‘പാലക്കാട് മണ്ണാർക്കാട് എടത്തനാട്ടുകരയാണ് എന്റെ വീട്. അച്ഛൻ കുഞ്ഞിക്കണ്ണൻ മന്നാഡിയാർ കർഷകനായിരുന്നു. കുട്ടിക്കാലത്തു തന്നെ ഞാനും അനിയൻ മുരളീധരനും ജോലികളിൽ ഒപ്പം കൂടും.’’ 2022 ലെ മനോരമ കർഷകശ്രീ അവാർഡ് ജേതാവ് കൂടിയായ പി. ഭുവനേശ്വരി വർത്തമാനത്തിനിടയിലും മാമ്പഴം പറിക്കുന്ന തിരക്കിലാണ്. നൂറിലധികം ഇനത്തിലുള്ള മൂന്നൂറിലധികം മാവുകൾ ഇവിടെയുണ്ട്.

‘‘പതിനഞ്ചു വയസ്സിൽ വിവാഹം കഴിഞ്ഞു എലപ്പുള്ളി പള്ളത്തേരി മാരുതി ഗാർഡൻസിലെത്തിയതാണ്. ഭർത്താവ് എസ്. വെങ്കിടാചലപതി പ്രധാന അധ്യാപകനായി റിട്ടയർ ചെയ്തു. ഭർത്താവിനു പാരമ്പര്യമായി കിട്ടിയ പന്ത്രണ്ടര ഏക്കർ ഭൂമിയുണ്ട്. കുറച്ചു തെങ്ങു മാത്രമുള്ള പാറക്കല്ലുകൾ നിറഞ്ഞ കിണർ പോലുമില്ലാത്ത തരിശു ഭൂമി. ഇത്തരം സ്ഥലത്ത് ആരും കൃഷി ചെയ്യില്ല. പക്ഷേ, കൃഷി എന്റെ രക്തത്തിലുള്ളതല്ലേ, എനിക്കു മുഖം തിരിക്കാനാകില്ലല്ലോ. ആദ്യം പശു വളർത്തലാണ് തുടങ്ങിയത്. പല ഇനങ്ങളിലുള്ള 14 പശുക്കളുണ്ടായിരുന്നു. അതിന്റെ ഓരോ കാര്യങ്ങൾക്കായി വെറ്ററിനറി സർജനായിരുന്ന ഡോ. ശുദ്ധോദനനെ സമീപിച്ചപ്പോഴാണ് അദ്ദേഹം കൃഷിക്കു വേണ്ട നിർദേശങ്ങൾ തന്നത്. ഒരു പശു ഉണ്ടെങ്കിൽ ഒരു ഏക്കറിൽ കൃഷി ചെയ്യാം എന്നു പറഞ്ഞു.’’ തരിശിൽ നിന്നു നൂറു മേനി വിളയിച്ച അനുഭവം പങ്കിടുകയാണ് ഭുവനേശ്വരി.

ഭൂമി കൃഷിയോഗ്യമാക്കി

‘‘ആദ്യം ശീമക്കൊന്ന വച്ചുപിടിപ്പിക്കുകയാണ് െചയ്തത്. ചാണകവും ശീമക്കൊന്നയിലയും മണ്ണിൽ നിക്ഷേപിച്ചു ഭൂമി ഒരുക്കിയെടുത്തു. അമ്ല–ക്ഷാരനില (പിഎച്ച് വാല്യു) കൂടുതലുള്ള ഭൂമി കൃഷിയോഗ്യമാക്കി പരുവപ്പെടുത്തിയെടുക്കുന്നത് ശ്രമകരമാണ്. അതിനു വേണ്ടി കാക്കകാലിന്റെ പോലും തണലില്ലാത്ത പാറപ്പുറത്തു നിന്നു കൊണ്ട വെയിലെത്ര.

കുഴൽക്കിണർ കുഴിച്ചു വെള്ളം കണ്ടെത്തി. പറമ്പിന്റെ അങ്ങ് അറ്റത്താണ് കിണർ. മാവുകളും തെങ്ങുമാണ് ആദ്യം നട്ടത്. രണ്ടുവർഷത്തോളം വെള്ളം കുടത്തിൽ ചുമന്നു കൊണ്ടു വന്നൊഴിച്ചാണ് നനച്ചത്. വാഴ, കപ്പ, പ്ലാവ്, കവുങ്ങ്, മഞ്ഞൾ, എള്ള്, മുതിര, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ എന്നിവയൊക്കെ കൃഷിയുണ്ട്. പത്തേക്കറിൽ നെൽകൃഷിയുമുണ്ട്.

എത്ര പണിക്കാരുണ്ടെങ്കിലും നമ്മൾ കൂടി അധ്വാനിച്ചാലേ ശരിയാവൂ. എനിക്ക് ട്രാക്ടറും ടില്ലറുമൊക്കെ ഉപയോഗിക്കാനറിയാം. ഞാറ് നടാനും വിളവെടുക്കാനുമെല്ലാം ഞാനും കൂടും. പണിക്കാരുടെ കൂടെ കൂടി ജോലി ചെയ്യാനും പഴങ്കഥകൾ കേള്‍ക്കാനും ഇഷ്ടമാണ്. ഒരു ജീവിയേയും വേദനിപ്പിക്കാതെ കൃഷി ചെയ്യണമെന്നതാണ് എന്റെ നിലപാട്. ആ ആശയം എനിക്കു കിട്ടിയത് കാർഷിക വിദഗ്ധൻ സുഭാഷ് പലേക്കറുടെ അടുത്തു നിന്നാണ്.’’ ഭുവനേശ്വരിയുടെ ചിരി വെയിലിലും തിളങ്ങി.

കർഷകശ്രീയുടെ ലോകം

നാടൻപശുക്കൾ, ആട്, കോഴി, താറാവ് തുടങ്ങി പല തരം പക്ഷികളും നായ്ക്കളും തുടങ്ങി പല ജീവജാലങ്ങളുണ്ട് ഭുവനേശ്വരിയുടെ കാർഷിക ലോകത്ത്. നട്ടു നനച്ച് സ്നേഹം വിതറി കൃഷിയിടത്തിൽ തുള്ളി നന രീതിയാണ് പിന്തുടരുന്നത്. ‘‘വൈകിട്ട് നനയ്ക്കുന്നതാണ് നല്ലത്. നട്ടു നനയ്ക്കുക മാത്രമല്ല, അതിന്റെ ഇടയിലൂടെ നടക്കുകയും വേണം. നമ്മുടെ സാമീപ്യം എല്ലാത്തരം ചെടികൾക്കും വൃക്ഷങ്ങൾക്കും ആവശ്യമാണ്. ഞാൻ അവരോട് നന്നായി വർത്തമാനം പറയും. പേരക്കുട്ടികളും എന്നെപ്പോലെയാണ്. നാട്ടിലെത്തുമ്പോൾ മണ്ണിലിറങ്ങി എന്റെ കൂടെ കൂടും. നാലു മക്കളാണ് ഞങ്ങൾക്ക്. മൂന്ന് ആണും ഒരു പെണ്ണും. ആൺമക്കൾ സജിത്തും സബിത്തും ജോലിയായി കുടുംബസമേതം ഇംഗ്ലണ്ടിലാണ്. മകൾ സബിത ഊട്ടിയിലെ ഇന്റർനാഷനൽ സ്കൂളിൽ നൃത്താധ്യാപികയാണ്. കൃഷിയിൽ താൽപര്യമുള്ള ഇളയ മകൻ അനി ഒപ്പമുണ്ട്.

bhuvaneswari-karshakasree-agriculture-woman-success-grand-kid ഭുവനേശ്വരി പേരക്കുട്ടി തീർഥയോടൊപ്പം, ഫോട്ടോ: വിബി ജോബ്

അരി, മഞ്ഞൾ, എള്ള്, നാളികേരം എന്നിങ്ങനെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാൻ കഴിയുന്നതെല്ലാം അത്തരത്തിലാക്കാറുണ്ട്. പ്രധാനമായും ഓൺലൈനിലൂടെയാണ് വിപണി കണ്ടെത്തുന്നത്. നേരിട്ടും ആളുകൾ എത്തുന്നുണ്ട്. ജൈവ വിൽപനശാലകൾ വഴിയും വിൽക്കാറുണ്ട്. ഇവിടുത്തെ അരിയും മാമ്പഴവും മഞ്ഞൾപ്പൊടിയും രുചിച്ചറിഞ്ഞ ആളുകൾ വീണ്ടും തേടി വരും എന്നുറപ്പാണ്. കാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരനെ പോലുള്ള ഡോക്ടർമാർ കാൻസർ രോഗികൾക്ക് ഞങ്ങളുടെ ഉല്പന്നങ്ങളാണ് നിർദേശിക്കുന്നത്. പുതിയ വീട് പണിതപ്പോൾ, പഴയ വീടും പുതിയ വീടിന്റെ മുകൾനിലയും ഹോം സ്േറ്റ ആക്കി മാറ്റി. അവിടെ വരുന്ന വിദേശ അതിഥികൾക്കും വീട്ടിലെ ജൈവഭക്ഷണം തന്നെയാണ് കൊടുക്കുന്നത്.

നേട്ടം നല്ല ഭക്ഷണം കഴിക്കാൻ പറ്റുന്നു

എല്ലാവരും കൃഷിയിൽ നിന്ന് എന്തു വരുമാനം കിട്ടും എന്നു ചോദിക്കാറുണ്ട്. കുറച്ചു സേവന പ്രവർത്തനങ്ങൾ കൂടി നടത്തുന്നതുകൊണ്ട് എനിക്കൊരിക്കലും കൃത്യമായ വരുമാനം പറയാനാകില്ല. നല്ല ഭക്ഷണം കഴിക്കാൻ പറ്റുന്നു എന്നുള്ളതാണ് നേട്ടമായി ഞാൻ കാണുന്നത്. കൃഷിയിൽ വന്നിട്ടു 28 വർഷമായി. ഈ ഭൂമിയിൽ ഇതുവരെ ജൈവവളമല്ലാതെ വേറൊന്നും ഉപയോഗിച്ചിട്ടില്ല. പശുവിന്റെ മൂത്രവും ചാണകവുമാണ് പ്രധാന വളം. എന്തു കിട്ടിയാലും നമ്മുടെ യുക്തിക്കനുസരിച്ച് വളമാക്കി മാറ്റുക എന്നതാണ് എന്റെ തത്വം. ജീവാമൃതം, പഞ്ചഗവ്യം പോലുള്ള വളപ്രയോഗങ്ങൾ നടത്തുന്നത് സൂര്യനുദിക്കുന്നതിനു മുൻപോ അസ്തമയം കഴിഞ്ഞിട്ടോ ആണ്. ഗോമൂത്രത്തിന്റെ ഇരട്ടി ചാണകം, ഏതിനം പയറിന്റെയെങ്കിലും അരക്കിലോ പൊടി, കരുപ്പെട്ടി വെള്ളത്തിൽ കലക്കിയത്, ഒരു പിടി ഫലഭൂയിഷ്ടമായ മണ്ണ് ഇവ തമ്മിൽ യോജിപ്പിച്ച് രണ്ടു ദിവസം സൂക്ഷിച്ചാൽ ജീവാമൃതം തയാറായി. പയർ മുളപ്പിച്ച ശേഷം ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ നല്ലതാണ്. ഇത് തളിച്ച ശേഷം ഇലയുടെ പച്ചപ്പ് കണ്ടു തന്നെ അറിയണം.കുറച്ചു നാരങ്ങാനീരിൽ രണ്ടു മുട്ട ചേർത്തശേഷം അടച്ചു വയ്ക്കുക. രണ്ടുമാസം കഴിയുമ്പോൾ അതു വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് അടിച്ചു കൊടുത്താൽ പ്രാണി ശല്യം ഉണ്ടാകില്ല. കൃഷി അത്ര മലമറിക്കുന്ന പണിയല്ലെന്നേ.

bhuvaneswari-karshakasree-agriculture-woman-success ഭുവനേശ്വരി, ഫോട്ടോ: വിബി ജോബ്

വീട്ടിലേക്കുള്ള പച്ചക്കറി

20 ഗ്രോ ബാഗ് ഉണ്ടെങ്കിൽ ഒരു വീട്ടിലേക്കുള്ള പച്ചക്കറി നടാം. വിളകൾ മാറി മാറി നടുന്നതാണ് നല്ലത്. ആണ്ടുതോറും മണ്ണു മാറ്റണം. അടുക്കളയിലെ ഒട്ടുമിക്ക അവശിഷ്ടങ്ങളും വളമാക്കി മാറ്റാം. ചായച്ചണ്ടി, ചീഞ്ഞ പച്ചക്കറികളും പഴങ്ങളും, മുട്ടത്തോട്, അരി കഴുകിയ വെള്ളം എന്നിവയെല്ലാം രണ്ടു ദിവസം പുളിപ്പിച്ചശേഷം ഉപയോഗിച്ചാൽ നല്ല വളമായി. ചകിരിച്ചോർ ചേർത്താണ് നടാനുള്ള മണ്ണ് തയാറാക്കുന്നതെങ്കിൽ എന്നും നനച്ചില്ലെങ്കിലും കുഴപ്പമില്ല. അടിവളമായി ചാണകം ഇട്ടു കൊടുക്കാം. ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്തു തയാറാക്കുന്നതാണ് പഞ്ചഗവ്യം. 10 കിലോ ചാണകം, രണ്ടു ലീറ്റർ ഗോമൂത്രം, പാൽ, തൈര് ഓരോ ലീറ്റർ വീതം, അര ലീറ്റർ നെയ്യ് മിക്സ് ചെയ്ത് 48 മണിക്കൂർ തണലത്തു വയ്ക്കുക. പഞ്ചഗവ്യം തളിച്ചാൽ കൊതുകും വരില്ല.’’ കൃഷിപാഠങ്ങളും അനുഭവങ്ങളും പങ്കുവച്ച് ഭുവനേശ്വരി പൊരിവെയിലത്തു നിന്ന് തണലിലേക്കു കയറി...