Saturday 07 December 2019 10:05 AM IST : By സ്വന്തം ലേഖകൻ

കൊന്നുകളഞ്ഞില്ലേ എന്റെ പെങ്ങളെ! സഹോദരിയുടെ വിയോഗത്തിൽ നൊന്തുനീറി ബിജിൽ; കെഎസ്ആർടിസിക്കെതിരെ വേറിട്ട പ്രതിഷേധം

fathima

വാഴ്‍ത്തുകളിലെ താരമായിരുന്ന ആനവണ്ടിയുടെ ഭീകരമുഖം കണ്ട സംഭവമായിരുന്നു ഫാത്തിമ നജീബ് മണ്ണേൽ എന്ന യുവതിക്ക് സംഭവിച്ച അപകടമാരണം. കെഎസ്ആർടിയുടെ മരണപ്പാച്ചിലിൽ ജീവൻ ഹോമിക്കേണ്ടി വന്ന ഫാത്തിമയുടെ ഓർമകളെ ഇപ്പോഴും സോഷ്യൽ മീഡിയ നെഞ്ചേറ്റുകയാണ്. ഫാത്തിമയുടെ അകാല മരണത്തിന് കെഎസ്ആർടിസി മാത്രമാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമയുടെ സഹോദരൻ പങ്കുവച്ച കുറിപ്പും ഏവരേയും നൊമ്പരപ്പെടുത്തിയിരുന്നു. ഫാത്തിമയുടെ വിയോഗത്തിന്റെ വേദന വിട്ടൊഴിയാത്ത ഈ നിമിഷത്തിലും ഉള്ളുലയ്ക്കുന്നൊരു പ്രതിഷേധം പങ്കുവയ്ക്കുകയാണ് ഫാത്തിമയുടെ സഹോദരൻ ബിജിൽ.

‘കെഎസ്ആർടിസി എന്റെ പെങ്ങളെ കൊന്നു; കഴുത മോങ്ങുന്നതു പോലെ ഹോണടിച്ചാൽ നിങ്ങൾക്ക് എന്നെ മറികടക്കാൻ കഴിയില്ല. #ജസ്റ്റിസ് ഫോർ ഫാത്തിമ നജീബ് മണ്ണേൽ’ എന്ന കുറിപ്പ് നമ്പർ പ്ലേറ്റിനു ചുവട്ടിലെഴുതിയാണ് ബിജിൽ എസ്.മണ്ണേലിന്റെ കാർ ഇപ്പോൾ നിരത്തിലിറങ്ങുന്നത്.

കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മരണപ്പാച്ചിലും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം ജീവൻ പൊലിഞ്ഞ സഹോദരിയോടും ഒരു കൈ നഷ്ടമായ സഹോദരനോടുമുള്ള സ്നേഹം കാരണമാണ് ബിജിൽ ഒരു മാസത്തോളമായി സമൂഹമാധ്യമങ്ങളിലുൾപ്പെടെ കെഎസ്ആർടിസിക്കെതിരെ നിരന്തരം പ്രചാരണം നടത്തുന്നത്. ബിജിലിന്റെ സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം നിരവധി പേർ ഏറ്റെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം 11 ന് രാത്രി ദേശീയപാതയിൽ നങ്ങ്യാർകുളങ്ങരയ്ക്കു സമ‍‍ീപമാണ് ബിജിലിന്റെ പിതാവിന്റെ അനുജൻ നജീബും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ഇടിച്ചത്. അപകടത്തിൽ നജീബിന്റെ മകൾ ഫാത്തിമ (20) മരിച്ചു. ഫാത്തിമയുടെ സഹോദരൻ മുഹമ്മദ് അലിയുടെ വലതു കൈയും അപകടത്തിൽ നഷ്ടമായി. അലിയാണ് വാഹനം ഓടിച്ചിരുന്നത്.അപകടം നടന്നയുടൻ കെഎസ്ആർടിസി ഡ്രൈവർ കടന്നുകളഞ്ഞു.

അടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരായ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. പിന്നീട് രണ്ടു തവണ തന്റെ വാഹനത്തിനു നേരെ കെഎസ്ആർടിസി ബസ് തെറ്റായ ദിശയിൽ വന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ബിജിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകളുടെ അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കേണ്ടവർ നടപടിയെടുക്ക‍ുകയും മരിച്ച പെങ്ങൾക്കു നീതി ലഭിക്കുകയും ചെയ്യുന്നതുവരെ കെഎസ്ആർടിസിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജിൽ പറഞ്ഞു.

ഇനിയുമൊരു ഫാത്തിമ നജീബ് മണ്ണേൽ ആവർത്തിക്കാതിരിക്കട്ടെ! എന്ന തലക്കെട്ടോടെ നജീബ് നേരത്തെ പങ്കുവച്ച കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റോഡില്ലാതെ റോഡ് ടാക്സ് വാങ്ങുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്. ഹെൽമെറ്റ് വെക്കാതെ പോകുന്ന ബൈക്കുകാരെ പിടിക്കാൻ ഇവിടെ നിയമമുണ്ട്, നിയമ പാലകരുണ്ട്. പക്ഷെ ഈ കെ.എസ്.ആർ.ടി.സി ബസിനൊരു കടിഞ്ഞാണിടാൻ ഇവിടെ ഒരു നിയമമോ, നിയമ പാലകരോ ഇല്ല. പല ഹാഷ് ടാഗുകളും ഇട്ടിട്ടുണ്ടെങ്കിലും എന്റെ പെങ്ങളുടെ പേരിൽ ഇടേണ്ടിവരുമെന്നു ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിട്ടില്ലെന്നും ബിജിൽ അന്ന് വേദനയോടെ കുറിച്ചിരുന്നു.

Tags:
  • Social Media Viral