Friday 13 May 2022 04:20 PM IST : By ഉല്ലാസ് ഇലങ്കത്ത്

കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ പിതാവ് മരിച്ചത് ഹൃദയാഘാതം മൂലമല്ല; കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തം, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

thodupuzha-biju

തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച ഏഴുവയസുകാരന്റെ പിതാവിന്റെ മരണവും കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2018 മെയ് 23ന് ആണ് ഏഴുവയസുകാരന്റെ പിതാവായ ബിജു ഭാര്യവീട്ടിൽ മരിച്ചത്. ഹൃദയാഘാതം ആണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബിജുവിന്റെ പിതാവ് ബാബുവിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് കഴുത്തുഞെരിച്ചുള്ള കൊലപാതകം ആണെന്ന് വ്യക്തമായത്.

ബിജുവിന്റെ ഭാര്യയെ നുണപരിശോധനയ്ക്കു വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഭാര്യയുടെ അമ്മയുടെ നുണപരിശോധനയ്ക്ക് ഇതുവരെ കോടതിയുടെ അനുമതി ലഭിച്ചിട്ടില്ല. ബിജുവിന്റെ മരണശേഷം കാമുകനായ അരുൺ ആനന്ദിനൊപ്പം താമസം ആരംഭിച്ച യുവതിയുടെ മൂത്ത കുട്ടിയാണ് 2019 ഏപ്രിലിൽ കാമുകന്റെ ക്രൂരമായ മർദനത്തിനിരയായി മരിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനായ നാലു വയസുകാരനെ പീഡിപ്പിച്ച കേസിൽ അരുൺ ആനന്ദിന് ഇന്നലെ മുട്ടം പോക്സോ കോടതി 21 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ബിജുവിന്റെ പിതാവ് ബാബുവിന്റെ സഹോദരിയുടെ മകനാണ് അരുൺ ആനന്ദ്.

പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭാര്യയും അമ്മയും ചേർന്നു കൊലപ്പെടുത്തിയെന്നാണ് ബിജുവിന്റെ കുടുംബം ആരോപിക്കുന്നത്. ബിജു മരിച്ചു മൂന്നാം നാൾ യുവതി അരുൺ ആനന്ദിനൊപ്പം പോകണമെന്നു പറഞ്ഞിരുന്നു. അരുൺ ആനന്ദിന് ഈ കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ബിജുവിന്റെ കുടുംബം എതിർത്തിട്ടും യുവതി കുട്ടികളുമായി അരുണിനൊപ്പം പോയതാണ് കുടുംബത്തിനു സംശയം ഉണ്ടാക്കിയത്. 

പൂര്‍ണ്ണമായും വായിക്കാം.. 

Tags:
  • Spotlight