Thursday 17 June 2021 11:19 AM IST : By സ്വന്തം ലേഖകൻ

ലോക് ഡൗണിൽ 10 വർഷമായി ചെയ്തിരുന്ന തുണിക്കടയിലെ ജോലി പോയി; സ്കൂട്ടറിൽ മീൻ വിൽപ്പനയ്ക്ക് ഇറങ്ങി ബിന്ദു, അതിജീവനം

trivandrum-bindhu.jpg.image.845.440

കോവിഡിനെ തുടർന്ന് തുണിക്കടയിലെ ജോലി നഷ്ടപ്പെട്ട വീട്ടമ്മ കുടുംബം പുലർത്താൻ സ്കൂട്ടറിൽ മീൻ വിൽപ്പന നടത്തുന്നു. ഹോട്ടൽ തൊഴിലാളിയായ ഭർത്താവിന്റെ ജോലിയും നഷ്ടമായി കുടുംബം പ്രതിസന്ധിയിലായതോടെയാണ് ബാലരാമപുരം ഐത്തിയൂർ കോട്ടാംവിളാകത്ത് വീട്ടിൽ എസ്. ബിന്ദു(44) പെരിങ്ങമ്മലയിൽ രാവിലെയും വൈകിട്ടും മത്സ്യ വിൽപന തുടങ്ങിയത്. 

ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയായ മകളുടെയും ഐടിഐ വിദ്യാർഥിയായ മകന്റെയും വിദ്യാഭ്യാസ കാര്യങ്ങളും വീട്ടുകാര്യങ്ങളും ഇതുവഴി നടക്കുന്നു. അർബുദ രോഗിയായ അമ്മയുടെ ചികിത്സയ്ക്കും പണം കണ്ടെത്തുന്നു. 10 വർഷമായി ചെയ്തിരുന്ന ജോലി നഷ്ടപ്പെട്ടതോടെയാണ് ലോക്ഡൗൺ കാലത്ത് മീൻ വിൽപന എന്ന ആശയം ഉണ്ടായത്. ഇതിനിടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അച്ചാറും സാലഡും വിൽപന നടത്തി. കോവിഡ് വ്യാപനം കൂടിയതോടെ അവിടെ പ്രവേശനം ഇല്ലാതായി.

ആശുപത്രികളിൽ രോഗീപരിചരണവും നടത്തിയിരുന്നു. തുടർന്നാണ് മീൻ കച്ചവടത്തിലേക്ക് തിരിയുന്നത്. ആദ്യം വീട്ടിൽ എതിർപ്പുണ്ടായെങ്കിലും മക്കളുടെ പിന്തുണ ലഭിച്ചതോടെ മുന്നോട്ടു പോയി. 18 വയസ്സുകാരനായ മകൻ‌ അശ്വിനുമൊത്ത് നേരം വെളുക്കുന്നതിന് മുൻപ് തീരത്തെത്തി മീൻ എടുക്കും. ആദ്യം 600 രൂപയ്ക്ക് എടുത്ത മീൻ 900 രൂപയ്ക്ക് വിറ്റതോടെ ആവേശമായി. തുടർന്നു വിൽപന വിപുലമാക്കി. പലപ്പോഴും നഷ്ടവും ഉണ്ടാവാറുണ്ടെന്ന് ബിന്ദു പറയുന്നു. എന്നാലും മത്സ്യക്കച്ചവടം തുടരാനുള്ള തീരുമാനത്തിലാണ് ഈ വീട്ടമ്മ. 

Tags:
  • Spotlight
  • Motivational Story