അഞ്ചു മാസം മുൻപു പിറന്ന കുഞ്ഞിനെ നേരിട്ടൊരു നോക്കു കാണാനാകാതെ തൃശൂർ സ്വദേശി ബിനിൽ ഓർമയാകുമ്പോൾ നെഞ്ചുനീറി വീട്ടുകാർ. തനിക്ക് ആൺകുഞ്ഞു പിറന്നപ്പോൾ വിഡിയോ കോളിലൂടെയാണു ബിനിൽ കണ്ടത്. കുഞ്ഞിനിടാൻ പേരു കണ്ടെത്തി വച്ചിട്ടു നാളുകളായെങ്കിലും ഇതുവരെ ചൊല്ലിവിളിച്ചിട്ടില്ല. ബിനിൽ തിരികെ എത്തിയതിനു ശേഷം മാമ്മോദീസ ചടങ്ങു നടത്തി പേരിടാമെന്നായിരുന്നു ഭാര്യ ജോയ്സിയടക്കം എല്ലാവരും തീരുമാനിച്ചിരുന്നത്.
ചതിക്കപ്പെട്ടെങ്കിലും ഭർത്താവ് തിരികെ എത്തുമെന്നു ജോയ്സി അവസാന നിമിഷം വരെ വിശ്വസിച്ചിരുന്നു. പിതൃസഹോദരന്റെ മകനായ ജെയ്ൻ കുര്യനും ബിനിലും ഒന്നിച്ചാണു റഷ്യയിൽ ജോലിക്കായി കഴിഞ്ഞ ഏപ്രിൽ നാലിനു പുറപ്പെട്ടത്. ഗർഭിണിയായ ജോയ്സിയോട് ഒരു വർഷത്തിനകം തിരിച്ചെത്തുമെന്നു വാക്കു നൽകിയായിരുന്നു യാത്ര. കരാർ കാലാവധി ഒരു വർഷമായതിനാൽ തിരികെയെത്താൻ തടസ്സമുണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ റഷ്യയിലെത്തിപ്പെട്ട ശേഷമാണു ചതി മനസ്സിലായത്. ഓഗസ്റ്റിൽ കുഞ്ഞു ജനിച്ചെങ്കിലും രക്ഷപ്പെടാനുള്ള ബിനിലിന്റെ ശ്രമം വിജയിച്ചില്ല. വീസയുടെ കാലാവധി തീരാൻ 2 മാസം ശേഷിക്കെ ഇരുവരെയും യുദ്ധമുഖത്തേക്കു വിട്ടു. റഷ്യയിൽ ക്രിസ്മസ് ആഘോഷങ്ങൾ നടന്ന ഏഴിന് ആണ് തടസ്സമില്ലാതെ വിഡിയോകോൾ ചെയ്യാൻ ആദ്യമായി പട്ടാളം ബിനിലിനെ അനുവദിച്ചത്. അന്നു വീട്ടിലെല്ലാവരും മതിവരും വരെ ബിനിലുമായി സംസാരിച്ചു. കുഞ്ഞിന്റെ മുഖം കണ്ടപ്പോഴെല്ലാം ബിനിൽ നിശബ്ദനായി നോക്കിയിരുന്നു. തിരികെ എത്താമെന്ന പ്രതീക്ഷ അപ്പോഴും ശേഷിച്ചിരുന്നു. ബിനിലും ജോയ്സിയും ചേർന്നു കണ്ടെത്തിയ ജെയ്ക്ക് എന്ന പേര് ഔപചാരികമായി ചൊല്ലിവിളിക്കാൻ കഴിയും മുൻപേയാണു ബിനിലിന്റെ മരണം.
ഷെൽ ആക്രമണത്തിൽ ജെയ്നിനു വയറിലാണു പരുക്കേറ്റത്. സംഭവത്തിനു ശേഷം ജെയ്നിന്റെ ഫോൺ സന്ദേശം വീട്ടിലെത്തിയെങ്കിലും ബിനിൽ വിളിച്ചിരുന്നില്ല. യുദ്ധഭൂമിയിൽ നിന്ന് ആശുപത്രിയിലേക്കു മാറ്റുന്ന സമയത്താണു ജെയ്ൻ വിളിച്ചത്. തനിക്കൊപ്പം ബിനിലും വീഴുന്നതു കണ്ടുവെന്നു ജെയ്ൻ പറഞ്ഞിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ജെയ്ൻ ചികിത്സയിൽ തുടരുകയാണ്. ആശുപത്രിയിൽ നിന്നുള്ള ദൃശ്യം വീട്ടുകാർക്കു ലഭിക്കുകയും ചെയ്തു. പരുക്കിന്റെ തീവ്രത, ചികിത്സാ പുരോഗതി എന്നിവ സംബന്ധിച്ച ഒരു വിവരവും ബന്ധുക്കൾക്കു ലഭിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്കു ശേഷം സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പറയാനുള്ളത് ഒന്നോ രണ്ടോ വരിയിൽ എഴുതിക്കാണിക്കുകയാണു ചെയ്യുന്നത്. ഏതു വിധേനയും നാട്ടിലെത്തിച്ചു മെച്ചപ്പെട്ട ചികിത്സ നൽകാനാണു ബന്ധുക്കളുടെ ശ്രമം.
‘‘ഇനി കാണാനിടയില്ല’’
‘യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കാൻ പോകുകയാണ്. ഇനി ചിലപ്പോൾ നേരിട്ടു കാണാൻ കഴിഞ്ഞേക്കില്ലെന്നാ തോന്നുന്നത്..’ ഒരുപാടു നാളുകൾക്കൊടുവിൽ കഴിഞ്ഞ പുതുവർഷ ദിനത്തിൽ വീട്ടിലേക്കു ഫോൺ വിളിക്കാൻ അവസരം കിട്ടിയപ്പോൾ ബിനിൽ നെഞ്ചിടറി പറഞ്ഞു. അന്നാണു ബിനിലിന്റെ ശബ്ദം അവസാനമായി വീട്ടുകാർ കേട്ടത്. ഇനിയൊരു വിളിയുണ്ടാകില്ലെന്ന മട്ടിൽ അന്നു കൂടുതൽ സമയം സംസാരിക്കാൻ പട്ടാള മേധാവി അനുവദിച്ചിരുന്നു. മഞ്ഞുമൂടിയ മലനിരകളിലാണു താമസമെന്നും അപൂർവമായി മാത്രമേ തങ്ങൾക്കു ഭക്ഷണം കഴിക്കാൻ ലഭിക്കുന്നുള്ളൂവെന്നും ബിനിൽ പറഞ്ഞിരുന്നു.
യുദ്ധമുഖത്തുള്ള റഷ്യൻ പട്ടാളക്കാർക്കു ഭക്ഷണം, ഡീസൽ എന്നിവ എത്തിക്കുന്ന ജോലിയായിരുന്നു ഏറെക്കാലം ബിനിലും കൂട്ടരും ചെയ്യേണ്ടിവന്നത്. ശമ്പളമായി ഒന്നും നൽകിയിരുന്നില്ല. ഏതാനും മാസം മുൻപ് ഒരുതവണ യുദ്ധമുഖത്തു നേരിട്ടു പങ്കെടുക്കേണ്ടിവന്നു. അന്നു ജീവൻ രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണെന്നു ബിനിൽ പിന്നീടു ബന്ധുക്കളെ വിളിച്ചപ്പോൾ പറഞ്ഞു.ബിനിൽ അടക്കമുള്ളവർ തങ്ങളുടെ അനുവാദമില്ലാതെ വീടുകളിലേക്കു വിളിക്കുന്നതു തടയാൻ പട്ടാള നേതൃത്വം സിം കാർഡ് ഊരിമാറ്റിയിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അപൂർവമായി മാത്രം ഇന്റർനെറ്റ് അനുവദിക്കുമ്പോഴാണു വാട്സാപ് വിഡിയോ കോൾ വഴി വീട്ടിലേക്ക് അൽപനേരം വിളിക്കാൻ കഴിഞ്ഞിരുന്നത്.
ജീവനെടുത്തത് ചതി
ബിനിലിന്റെ ജീവനെടുത്തത് അകന്ന ബന്ധുവിലൂടെ തേടിയെത്തിയ ചതി. ഒമാനിൽ ശമ്പളം കുറഞ്ഞ ജോലി വേണ്ടെന്നുവച്ചു പുതിയ ജോലി തേടുന്നതിനിടെയാണു ബന്ധു പോളണ്ടിൽ ജോലി ശരിയാക്കി നൽകാമെന്ന വാഗ്ദാനം മുന്നോട്ടു വച്ചത്. 1.40 ലക്ഷം രൂപ വീതം ഇയാൾ ബിനിൽ അടക്കമുള്ളവരിൽ നിന്നു വാങ്ങിയെടുത്തു. വീസ ലഭിക്കുന്ന ഘട്ടത്തിലാണു ജോലി റഷ്യയിലാണെന്നറിഞ്ഞത്. യുദ്ധകാലമാണ് എന്നതിനാൽ ഇവർ ഭയപ്പെട്ടു പിന്മാറാൻ ശ്രമിച്ചു. എന്നാൽ,കൂലിപ്പട്ടാളത്തിനു ഭക്ഷണം എത്തിക്കേണ്ട ജോലിയാണെന്നു വിശ്വസിപ്പിച്ചാണു ബന്ധു ഇവരെ വിമാനം കയറ്റിയത്.
നാട്ടിലേക്കു മടങ്ങണമെന്ന് ആവശ്യപ്പെടുന്നവർക്കു കൂലിപ്പട്ടാളത്തിൽ നിന്നു ക്രൂരപീഡനം നേരിടേണ്ടി വന്നിരുന്നതായി ബിനിൽ വീട്ടിലേക്കു വിളിച്ചപ്പോൾ പറഞ്ഞിരുന്നു. മടക്കയാത്രയെക്കുറിച്ച് എംബസിയിൽ നിന്ന് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചതിന്റെ പേരിൽ ഒരു പട്ടാളക്കാരൻ തങ്ങളെ യുദ്ധമുഖത്തുകൂടി ട്രക്കിൽ ഇരുത്തി സഞ്ചരിച്ചു ശിക്ഷിച്ച വിവരം ഇവർ വീട്ടിലറിയിച്ചിരുന്നു. കുടിക്കാൻ ഒരു ദിവസത്തെ വെള്ളം വെട്ടിക്കുറച്ച് ഒരു കുപ്പിയാക്കുകയും ചെയ്തു. അന്വേഷണം തുടർന്നാൽ ഷെല്ലാക്രമണം നടത്തുന്നിടത്തു കൊണ്ടുപോയി തള്ളുമെന്നു വിരട്ടുകയും ചെയ്തു. ഇവരെ തിരിച്ചെത്തിക്കാൻ എംബസി വഴി ശ്രമം നടക്കുന്നതിനിടയിലാണു സംഭവം.
ഇനിയുമുണ്ട്; ആരുടെയോ യുദ്ധത്തിൽ ആഗ്രഹിക്കാതെ പെട്ടവർ
റഷ്യയിൽ യുദ്ധത്തിനായി കേരളത്തിൽ നിന്ന് വിവിധ ഏജൻസികൾ റിക്രൂട്ട് ചെയ്തവരെ മുഴുവൻ തിരികെക്കൊണ്ടുവരാനുള്ള നടപടികൾ ഇപ്പോഴും ഫലപ്രാപ്തിയിലെത്തിയില്ല. ഓഗസ്റ്റിൽ കല്ലൂർ നായരങ്ങാടി കാങ്കിൽ സന്ദീപ് ചന്ദ്രൻ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം വിവിധ ജില്ലകളിൽ നിന്ന് ഇത്തരത്തിൽ റഷ്യയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ ബന്ധുക്കൾ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. റഷ്യൻ സേനയുടെ ഭാഗമായവരെ തിരികെക്കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പു നൽകുകയുമുണ്ടായി.രാജ്യാന്തര വിഷയമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.
പ്രധാനമന്ത്രി മോദി റഷ്യൻ സന്ദർശന വേളയിൽ ഇക്കാര്യം റഷ്യൻ പ്രസിഡന്റിന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. ഏതാനും പേരെ ഇതിനുശേഷം കേരളത്തിലേക്ക് തിരികെയെത്തിച്ചു. എന്നാൽ, യുദ്ധമുഖത്തുള്ള പലരെയും ഇപ്പോഴും തിരികെയെത്തിക്കാനായിട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറിലേറെ പേർ റഷ്യയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. യുദ്ധം നടക്കുന്ന ഇടങ്ങളിൽ നിന്നുള്ളവരെ സംബന്ധിച്ച വിവരങ്ങൾ കിട്ടാൻ വിവിധ ഏജൻസികളുടെ സ്ഥിരീകരണം വേണമെന്നുള്ളത് പ്രധാന കടമ്പയാണെന്ന് നോർക്ക അധികൃതർ പറയുന്നു. ഇവിടെ നിന്നു പോയവർ ഇപ്പോൾ റഷ്യൻ സൈന്യത്തിന്റെ ഭാഗമാണ് എന്നതും യുദ്ധസ്ഥലത്ത് പ്രത്യേക നിയമമാണെന്നതും വെല്ലുവിളിയാണെന്ന് അവർ അറിയിച്ചു.ആവശ്യപ്പെടുന്ന വിവരങ്ങളുടെ സ്ഥിരീകരണം എംബസിയിൽ നിന്ന് കിട്ടുന്നതിന് താമസമെടുക്കുന്നുണ്ട്.
റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു
ഇലക്ട്രീഷ്യൻ ജോലിക്ക് വീട്ടിൽ നിന്നു പുറപ്പെട്ടു റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിപ്പോയ കുട്ടനെല്ലൂർ സ്വദേശിക്ക് യുക്രെയ്ൻ യുദ്ധമുഖത്തു ദാരുണാന്ത്യം. കരുണ ലെയ്ൻ തോലത്തു ബാബുവിന്റെയും ലൈസയുടെയും മകൻ ബിനിൽ (32) ആണു ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബന്ധു ജെയിൻ കുര്യൻ (27) ഗുരുതര പരുക്കേറ്റു മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കൊപ്പം കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ കല്ലൂർ നായരങ്ങാടി സ്വദേശി സന്ദീപ് നേരത്തെ കൊല്ലപ്പെട്ടിരുന്നു.ബിനിൽ കൊല്ലപ്പെട്ട വിവരം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇന്ത്യൻ എംബസി അധികൃതർ കുടുംബത്തെ അറിയിച്ചത്. മൃതദേഹം എന്നെത്തിക്കുമെന്ന വീട്ടുകാരുടെ ചോദ്യത്തിനു മറുപടി ലഭിച്ചിട്ടുമില്ല.
കഴിഞ്ഞ ഏപ്രിൽ നാലിനാണു ബിനിൽ അടക്കം അഞ്ചംഗ സംഘം തൃശൂരിൽ നിന്നു വിവിധ ജോലികൾക്കായി റഷ്യയിലെത്തിയത്. 10 വർഷം ഒമാനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു പരിചയമുള്ള ബിനിൽ അകന്ന ബന്ധു വഴിയാണു റഷ്യയിലെത്തിയത്. ചതിക്കപ്പെട്ടു എന്ന വിവരം ഇവർ അറിയുന്നതു റഷ്യയിലെത്തിയ ശേഷമാണ്. യുക്രെയ്നുമായുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ കൂലിപ്പട്ടാളത്തിലേക്കു റിക്രൂട്ട് ചെയ്യുകയായിരുന്നു ഇവരെ. ബന്ധു ചതിച്ചതാണെന്ന് ഇവർ വീട്ടിലറിയിച്ചിരുന്നു.
പട്ടാള ക്യാംപിൽ 2 മാസത്തെ പരിശീലനത്തിനിടയിൽ ഇവരുടെ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടു. സിം കാർഡ് ഊരിവാങ്ങിയതിനാൽ വീട്ടുകാരെ ബന്ധപ്പെടാനും കഴിയാതായി. വിവിധ രാജ്യങ്ങളിൽ നിന്നു 40 പേർ സമാന ചതിയിൽപ്പെട്ട് ഇവരുടെ സംഘത്തിലെത്തിയിരുന്നു. പുതുവർഷ ദിനത്തിലാണ് ഒടുവിൽ ബിനിൽ വീട്ടിലേക്കു വിളിച്ചത്. ഇവരെ തിരിച്ചെത്തിക്കുമെന്ന അധികൃതരുടെ വാഗ്ദാനത്തിൽ വിശ്വസിച്ചു വീട്ടുകാർ കാത്തിരിക്കുന്നതിനിടയിലാണു ദുരന്തവിവരം പുറത്തെത്തിയത്. ബിനിലിന്റെ ഭാര്യ ജോയ്സി.