Tuesday 12 November 2019 11:07 AM IST : By സ്വന്തം ലേഖകൻ

‘ആഘോഷിക്കാൻ പുതിയ വിഷയങ്ങൾ തേടുമ്പോൾ, മറക്കരുത് വാളയാറിലെ പെൺകുട്ടികളെ!’; കുറിപ്പ്

walayar-bbgtftddd

വാളയാർ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഏതാണ്ട് അവസാനിച്ച മട്ടാണ്. വാളയാർ സഹോദരിമാർക്ക് നീതി വാങ്ങിക്കൊടുക്കാൻ ഇറങ്ങി തിരിച്ചവർ പലരും ഇപ്പോൾ മറ്റു വിഷയങ്ങളിൽ വ്യാപൃതരുമാണ്. ഈ വിഷയത്തിൽ മലയാള മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ബിനോയ് കെ ഏലിയാസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

ബിനോയ് കെ ഏലിയാസ് പങ്കുവച്ച കുറിപ്പ് വായിക്കാം;  

എത്ര വിദഗ്ധമായാണ് സാമൂഹിക മാധ്യമങ്ങളുടെ ചർച്ചകൾ സെറ്റ് ചെയ്യപ്പെടുന്നത്. വാളയാർ കേസ് വിധി വന്നതോടെ പിഎസ്‌സി കോപ്പിയടി, ഉപതിരഞ്ഞെടുപ്പ് ഇവ അപ്രത്യക്ഷമായി. വാളയാർ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടത് ഒരു നീറ്റലായി, വെണ്ണീറായി പടർന്നു...

തുടർന്ന് സംഭവവികാസങ്ങളുടെ പരമ്പര... 

നക്സൽ വേട്ട, അർബൻ നക്സൽ, യുഎപിഎ, കേരള ലാപ്‌ടോപ്പ്, അയോധ്യ വിധി, പബ്ബ്, മഹാരാഷ്ട്ര ഭരണം, ജെഎൻയു... വിഷയങ്ങൾ പെയ്ത് നിറയുകയാണ്.

മുട്ടക്കറിയുണ്ടാക്കാൻ സവാളയ്ക്ക് ബദൽ എന്തെങ്കിലും ഉണ്ടോ? കുടുംബബജറ്റിന്റെ കുത്തഴിയുന്ന വിലക്കയറ്റം, പൂട്ടിപ്പോകുന്ന വ്യാപാര സ്ഥാപനങ്ങൾ, ഉപഭോഗം കുറയുന്ന വൈദ്യുതി... ഗ്രീസും അർജന്റീനയും ഒന്നും ഒരുപാട് ദൂരയല്ല എന്ന സത്യം... ഇതൊന്നും ആർക്കും പ്രശ്നമല്ല. പത്തു മാസമായി ശമ്പളം കിട്ടാതെ കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ കരാർ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് നമ്മുടെ നാട്ടിലാണ്.

രണ്ട് പെൺകുട്ടികളുടെ മരണം ചർവിതചർവണമായി തോന്നിയത് നമ്മുടെ നിയമനിർമാണ സഭയ്ക്കാണ്. 

ആഘോഷിക്കാൻ വിഷയങ്ങൾ തേടുമ്പോൾ ആ പെൺകുട്ടികൾക്ക് വേണ്ടി ഈ പോസ്റ്റർ സൃഷ്ടിച്ച കുട്ടികൾ ഇപ്പോഴും സ്കൂളിനു പുറത്താണോ എന്ന് ആരെങ്കിലും തിരക്കിയോ? 

മറക്കരുത് വാളയാറിലെ കുട്ടികളെ...

Tags:
  • Spotlight
  • Social Media Viral