Thursday 18 June 2020 04:27 PM IST

പ്രണയം തളിരിട്ട കാലത്ത് തടിയും കൈവിട്ടു പോയി; വിവാഹ ശേഷം പൊണ്ണത്തടി കുറച്ച ബിനുവിന്റേയും അഖിലയുടേയും ജോഡിപ്പൊരുത്തം

Binsha Muhammed

akhila

പ്രണയം പൂത്തു തളിരിട്ട കാലം. അതേ കാലഘട്ടത്തിൽ തന്നെയാണ് അടൂർ സ്വദേശിയായ ബിനുവിന്റെ പൊണ്ണത്തടിയും സെഞ്ച്വറി കടന്നത്, 113 നോട്ട് ഔട്ട്! പ്രണയപ്പാതിയായ അഖിലയും തടിയുടെ കാര്യത്തിൽ ബിനുവിന് ചേർന്ന ജോഡിപ്പൊരുത്തമായിരുന്നു. 80 കിലോയുമായി ബിനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖില കട്ടയ്ക്ക് കട്ടയ്ക്ക് നിന്നു. പ്രണയ സുരഭിലമായ നാളുകൾക്കൊടുവിൽ അഖിലയെ താലികെട്ടി കൂടെക്കൂട്ടിയപ്പോഴും ആദ്യമെത്തിയ കമന്റ് ഇങ്ങനെ... ‘ചക്കിക്കൊത്ത ചങ്കരൻ!’

മെയ്ഡ് ഫോർ ഈച്ച് അദറിനെ മലയാളീകരിച്ച് അങ്ങനെ പറഞ്ഞതിന്റെ കാരണം മറ്റൊന്നുമല്ലായിരുന്നു. മനസു പോലെ ഇഴചേർന്നു നിൽക്കുന്ന ഇരുവരുടേയും പൊണ്ണത്തടി. ആദ്യമാക്കെ തമാശയായിരുന്നു. കളിയാക്കലുകളെ അതേ സ്പിരിറ്റിൽ ചെവിയിലേക്ക് കയറ്റി പുറത്തേക്ക് കളഞ്ഞു. പക്ഷേ ദിനമൊട്ടു കഴിഞ്ഞപ്പോഴേക്കും കളിയാക്കലുകൾ കൂർത്ത മുനകളെ പോലെയായി. തടിയിൽ സെഞ്ച്വറി കടന്ന കെട്ട്യോനും ഉടൻ സെഞ്ച്വറി കടക്കുമെന്ന് തോന്നിപ്പിച്ച കെട്ട്യോളും പരിഹാസ പാത്രങ്ങളായി. ടാ... തടിയാ... എന്നതായിരുന്നു ബിനുവിന് നേരെ പതിച്ച കൂരമ്പ്. അഖിലയെ ‘ബബ്ലിയെന്ന്’ സ്നേഹം നടിച്ച് വിളിച്ചപ്പോഴും അതിനുള്ളിൽ ഒരു കുത്തുവാക്കിന്റെ സ്വരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. തടി കൂടിയപ്പോൾ ‘ജോഡിപ്പൊരുത്തമായി’ എന്നു പറഞ്ഞവരെ കൊണ്ട് തിരുത്തിപ്പറയിക്കുമെന്ന് പ്രതിജ്ഞയെടുത്ത കെട്ട്യോനേയും കെട്ട്യേളേയുമാണ് പിന്നെക്കണ്ടത്. പൊണ്ണത്തടിയെ പമ്പ കടത്താന്‍ അരയും തലയും മുറുക്കി ഇരുവരും ഇറങ്ങിത്തിരിച്ചു. ബാക്കി കഥ തുടങ്ങുന്നത്, മെലിഞ്ഞ് സുന്ദരമായ ഇവരുടെ ചിത്രത്തിൽ നിന്നാണ്. പൊണ്ണത്തടിയെ പമ്പകടത്താൻ തുനിഞ്ഞിറങ്ങിയ ദമ്പതികൾ ‘വനിത ഓൺലൈനോട്’ പറയുന്നു അക്കഥ...

binu-1

തടിയിലെ ജോഡിപ്പൊരുത്തം

ഭാര്യയോ, ഭർത്താവോ ഇവരിൽ ആർക്കെങ്കിലും ഒരാൾക്ക് തടിയുണ്ടെങ്കിലേ... പഴി രണ്ടാൾക്കും കിട്ടും. പക്ഷേ ഇവിടെ കഥയിലെ നായകനും നായികയും തടിയുള്ളവരാണ്. ബാക്കിയുള്ള കാര്യം പറയണോ? ഞാൻ 113 കിലോ നോട്ട് ഔട്ട്. അഖില 78 കിലോ– ബിനു പറഞ്ഞു തുടങ്ങുകയാണ്.

akhila-3

2015ലായിരുന്നു വിവാഹം. അതിനു മുമ്പുള്ള പ്രണയകാലത്ത് ഞങ്ങൾക്ക് അത്യാവശ്യം നല്ല തടിയുണ്ടായിരുന്നു. പ്രണയിച്ചു നടന്ന കാലത്തിനിടയക്ക് അതൊന്നും മൈൻഡ് ചെയ്തിരുന്നില്ല. പക്ഷേ വിവാഹം കഴിഞ്ഞതോടയാണ് തടിയുള്ള കെട്ട്യോനേയും കെട്ട്യോളേയും കൂട്ടുകാരും ബന്ധുക്കളും ഒരു നുകത്തിൽ കെട്ടാൻ തുടങ്ങിയത്. വിരുന്നിന് പോകുമ്പോഴും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോഴും കളിയാക്കലോടും കളിയാക്കൽ. തടിയാ എന്ന വിളിയായിരുന്നു എനിക്ക് കിട്ടിയത്. ‘ബബ്ലി’ എന്ന് അഖിലയെ സ്നേഹത്തോടെ വളിക്കുമ്പോഴേ അതിലൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടായിരുന്നു. വർഷങ്ങൾ കടന്നു പോയി, എന്റെ തടി അവൾക്കും അവളുടെ തടി എനിക്കും ബുദ്ധിമുട്ടില്ല എന്ന തിരിച്ചറിവിൽ ഒന്നും കൂസാക്കാതെ ജീവിച്ചു. 2019 ഡിസംബറിൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് വാഗമണിൽ ഒരു ട്രിപ്പ് പോയപ്പോഴാണ് കളിയാക്കലുകൾ ‘കാര്യമായത്.’ വേദനിപ്പിക്കുന്ന രീതിയിൽ അല്ലെങ്കിലും തടിയുടെ പേരിൽ കേട്ട കുത്തുവാക്കുകൾ എന്നേയും അവളേയും നന്നേ നോവിച്ചു. ആ നിമിഷത്തിലാണ് ഞാനും അഖിലയും കട്ടയ്ക്ക് ആ തീരുമാനം എടുത്തത്. തടി കുറച്ചിട്ടേ മറ്റെന്തുമുള്ളൂ. പരിഹാസങ്ങൾ ഏറ്റുവാങ്ങിയ ഡിസംബറിന്റെ ചൂടാറും മുമ്പേ ജനുവരിയിൽ ഞങ്ങൾ ആ യഞ്ജം സ്റ്റാർട്ട് ചെയ്തു. ജനുവരി 1ന് ഐശ്വര്യമായി ഒരുമിച്ച് തുടങ്ങി, ഓപ്പറേഷൻ വെയ്റ്റ്ലോസ്. ആ തീരുമാനത്തിന് കൂട്ടായി എത്തിയതാകട്ടെ, സോഷ്യൽ മീഡിയയിൽ തരംഗമായ കീറ്റോ ഡയറ്റും.

ഓപ്പറേഷൻ കീറ്റോ

akhila-1

അരിയാഹാരങ്ങളെ ഗെറ്റ് ഔട്ട് അടിച്ചായിരുന്നു തുടക്കം. മധുരത്തോടുള്ള പ്രണയത്തെ മനസില്ലാ മനസോടെ വഴിയിൽ കളഞ്ഞു. രാവിലെ രണ്ട് മുട്ട, കൂട്ടിന് തേങ്ങാപ്പാലിൽ ഉണ്ടാക്കിയ മുട്ടക്കറി. ബട്ടർ കോഫി കൂടി കുടിച്ചു കഴിയുമ്പോഴേക്കും സംഗതി കുശാലാകും. ആദ്യ കാലത്തൊക്കെ ഇത്തിരി ബുദ്ധിമുട്ടി. പ്രതിജ്ഞയും ദൃഢനിശ്ചയവുമൊക്കെ പാതിയിൽ നിലയ്ക്കുമെന്ന് തോന്നി. പക്ഷേ അഖില എനിക്ക് സപ്പോർട്ട് തന്ന് നല്ലപാതിയായി. ഉച്ചയ്ക്ക് ബീഫ് ഫ്രൈ, മുട്ട അങ്ങനെ പോയി. മീൻ വറുത്തതും പച്ചക്കറികളും തീൻമേശയിൽ വിരുന്നുകാരായെത്തി. വൈകുന്നേരം വിശക്കുമെന്ന് ഉറപ്പല്ലേ...വാൽനട്ട്, കാഷ്യൂനട്ട്, പീനട്ട്, ബദാം എന്നിവ ഞങ്ങളുടെ വിശപ്പിന്റെ വിളികേട്ടെത്തി. കൂടെ നമ്മുടെ കീറ്റോ സൂപ്പർസ്റ്റാർ ബട്ടർ കോഫിയും. രാത്രിയിലും ഭക്ഷണം ഇങ്ങനെയൊക്കെ തന്നെയായിരിക്കും എന്നുറപ്പ് വരുത്താൻ അഖില പ്രത്യേകം ശ്രദ്ധിച്ചു. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ അടുത്ത ദിവസം അതേ സമയം വരെ ഭക്ഷണം ഒഴിവാക്കുന്ന വാട്ടർ ഫാസ്റ്റിങും ഇടയ്ക്കിടെ പരീക്ഷിച്ചു. വിശക്കുന്ന സമയങ്ങളിൽ വെള്ളം, സൂപ്പ്, നാരങ്ങാ വെള്ളം എന്നിവ കുടിച്ചായിരുന്നു അന്നേരം പിടിച്ചു നിന്നത്. നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കഴിച്ച് ബാക്കിയുള്ള സമയം ഭക്ഷണം ഒഴിവാക്കുന്ന ഇന്റർമീഡിയേറ്റ് ഫാസ്റ്റിംഗും ഇടയ്ക്ക് ഒരു കൈനോക്കി. ഇതു പ്രകാരം വൈകുന്നേരത്തോടെ ആ ദിവസത്തെ ഭക്ഷണം സ്റ്റോപ്പ് ചെയ്യു. പിന്നീട് ബ്രേക്ക് ഫാസ്റ്റിംഗിനായിരിക്കും എന്തെങ്കിലും കഴിക്കുന്നത്.

ആദ്യ രണ്ടാഴ്ചയിൽ തന്നെ ഞങ്ങൾ ഉദ്ദേശിച്ച റിസൽറ്റ് കിട്ടി. 113 കിലോയിൽ നിന്നും 103ലേക്ക് ഞാനെത്തി. അഖിലയും 78ൽ നിന്നും 5 കിലോ താഴേക്കിറങ്ങി. വെഡ്ഡിങ്–ഇവന്റ് ഫൊട്ടോഗ്രാഫറായ ഞാൻ മാലിദ്വീപിലേക്ക് വർക്കിനായി പോയപ്പേഴാണ് ആദ്യം പണിപാളിയത്. അവിടെപ്പോയതോടെ എന്റെ ഡയറ്റ് കൈയ്യീന്ന് പോയി. അവിടെ പോയി, അവിടുന്ന് കിട്ടിയ ഭക്ഷണം കഴിച്ച് പിടിച്ചു നിൽക്കേണ്ടി വന്നു. തിരിച്ച് നാട്ടിലെത്തിയപ്പോഴേക്കും 103 കിലോയിൽ നിന്നും 5 കിലോ കൂടി കൂടി 108ലെത്തി ഇടിച്ചു നിന്നു. പക്ഷേ അപ്പോഴും അഖില ഡയറ്റ് കൈവിടാതെ മുന്നോട്ട് പോകുന്നുണ്ടായിരുന്നു. തടി പിന്നെയും കൂടിയതോടെ ഞാൻ കീറ്റോയിൽ നിന്നും പുറത്തു പോയല്ലോ എന്നോർത്ത് നിരാശയായിരുന്നു. അപ്പോഴും ആത്മവിശ്വാസമേകിയത് അഖില തന്നെ. പൂർവാധികം ശക്തിയോടെ ഞാൻ വീണ്ടും കീറ്റോ സ്റ്റാർട്ട് ചെയ്തു. ഞാനും അഖിലയും പഴയ പടി ഒരുമിച്ച് ഡയറ്റിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടു പോയി. ആഴ്ചകൾ മാസങ്ങളായി മാറുമ്പോൾ എന്റേയും അഖിലയുടേയും കഠിനാദ്ധ്വാനം ഫലം കാണുകയാണ്. 113 കിലോയിൽ നിന്നും 93 കിലോയിലേക്ക് ഞാൻ ലാൻ‌ഡ് ചെയ്തിരുന്നു. അഖിലായകട്ടെ, 78ൽ നിന്നും 58ലേക്ക് സേഫ് ആയി പറന്നെത്തിയിരിക്കുന്നു. എല്ലാം കീറ്റോ കൊണ്ടു വന്ന മാറ്റം. ഇത്രയൊക്കെ ആയെങ്കിലും ഞങ്ങൾ രണ്ടു പേരും ഞങ്ങളുടെ ഗോളിലേക്കെത്തി എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ഇനിയും കുറച്ചു ദൂരം കൂടി പോകാനുണ്ട്. എന്നിട്ട് വേണം ഞങ്ങളെ കളിയാക്കിയവരോട് ചോദിക്കാൻ, വെയ്റ്റ്ലോസിലെ ഞങ്ങളുടെ ജോഡിപ്പൊരുത്തം എങ്ങനെ ഉണ്ടെന്ന്– ബിനു പറഞ്ഞു നിർത്തി.