Tuesday 25 September 2018 04:13 PM IST

അൽഫോൺസ് കണ്ണന്താനത്തിന്റെ അനിയൻ ‘അധികപ്രസംഗി’! തുടർച്ചയായി 77 മണിക്കൂർ പ്രസംഗിച്ച് ലോക റെക്കാര്‍ഡിട്ട ബിനുവിന്റെ വിശേഷങ്ങളിലേക്ക്

Roopa Thayabji

Sub Editor

binu-kannan1

തുടർച്ചയായി വർത്തമാനം പറഞ്ഞു ബോറടിപ്പിക്കുന്നവരെ പല പേരുകളിലും നമ്മൾ കളിയാക്കി വിളിക്കാറുണ്ടെങ്കിലും കാമ്പുള്ള വിഷയത്തിൽ സംസാരിക്കുന്നവരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാറാണ് പതിവ്. അങ്ങനെയൊരു വലിയ കയ്യടി കൊടുത്ത് അഭിനന്ദിക്കേണ്ട ആളാണ് ഈ കോട്ടയംകാരൻ. നാലു പകലും മൂന്നു രാത്രിയും തുടർച്ചയായി പ്രസംഗിച്ച് ലോക റെക്കോർഡിട്ട ബിനു കണ്ണന്താനമാണ് കയ്യടിക്ക് അർഹൻ. സെപ്റ്റംബര്‍ 5-ാം തീയതി രാവിലെ 9 മണിക്കാരംഭിച്ച പ്രസംഗം 8-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്കാണ് അവസാനിച്ചത്. ഇതിനു സാക്ഷിയാകാന്‍ അനേകായിരങ്ങളാണ് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ എത്തിച്ചേര്‍ന്നത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ സഹോദരൻ കൂടിയായ ബിനു കണ്ണന്താനം ‘സംസാരിച്ചു’ നേടിയ വിജയത്തെ കുറിച്ച് ‘വനിത ഓൺലൈനോ’ടു സംസാരിക്കുന്നു.

റെക്കോർഡ് പ്രസംഗത്തെ കുറിച്ചു തന്നെയാകട്ടെ ആദ്യം ?

നാലു പകലും മൂന്നു രാത്രിയും തുടര്‍ച്ചയായി ‘ജീവിതവിജയം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംസാരിച്ചത്. പ്രസംഗത്തിനു യാതൊരു റഫറന്‍സും ഇല്ലായിരുന്നു. സംസാരിക്കുമ്പോൾ ആവർത്തനമാണ് വിരസതയുണ്ടാക്കുന്നത്. അതു വരാതെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏഴുവര്‍ഷത്തെ പരിശീലനവും, വായനയും, പഠനവും പ്രത്യേക ആഹാരരീതിയും 45 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലഭിച്ച അനുഭവ പരിജ്ഞാനവുമാണ് ഈ ലക്ഷ്യം കൈവരിക്കുവാന്‍ സഹായിച്ചത്.

binu-kannan3

യൂണിവേഴ്സല്‍ റെക്കാര്‍ഡിന്റെയും, ഗിന്നസ് റെക്കാര്‍ഡിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. യൂണിവേഴ്സല്‍ റെക്കാര്‍ഡ് പ്രതിനിധികള്‍ മേല്‍നോട്ടം വഹിക്കാന്‍ നേരിട്ടെത്തുകയും നിലവിലുള്ള 75 മണിക്കൂര്‍ 32 മിനിറ്റ് പിന്നിട്ടപ്പോള്‍ ലോക റെക്കാര്‍ഡു മറികടന്നുവെന്നു പ്രഖ്യാപിച്ചു ഗോള്‍ഡ് മെഡല്‍ അണിയിക്കുകയും ചെയ്തു. 77 മണിക്കൂര്‍ തുടർച്ചയായി പ്രസംഗിച്ചാണ് ഞാൻ അവസാനിപ്പിച്ചത്. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ വച്ച് പ്രസംഗത്തിന് ലോകറെക്കാര്‍ഡിട്ടതിനുള്ള സര്‍ട്ടിഫിക്കറ്റ് റവന്യു മന്ത്രി ഇ. ചന്ദ്രേശഖരനും ട്രോഫി കോട്ടയം ജില്ലാ കളക്ടര്‍ തിരുമേനി ഐ.എ.എസും നല്‍കി.

ഇത്രയും ദിവസം വിശ്രമവും ഉറക്കവുമില്ലാതിരുന്നതെങ്ങനെ ?

പ്രസംഗം നടത്തിയ നാലു ദിവസവും പാഷന്‍ ഫ്രൂട്ടും മുതിരയും മാത്രമാണ് കഴിച്ചത്. തുടര്‍ച്ചയായി പതിമൂന്നു മണിക്കൂര്‍ പ്രസംഗിച്ചതിനു ശേഷമാണ് ഏഴുമിനിറ്റ് ആദ്യത്തെ ബ്രേക്കെടുത്തത്. പിന്നെ പതിനൊന്നു മണിക്കൂര്‍ പ്രസംഗിച്ചശേഷം പത്തുമിനിറ്റ് മാത്രം. ഒരു മണിക്കൂറിന് അഞ്ചു മിനിറ്റ് വച്ച് ശരാശരി വിശ്രമമെടുക്കാമെന്ന് നിയമമുണ്ടെങ്കിലും അതുപയോഗിക്കാതെ റിസര്‍വു ചെയ്തു വച്ചു. കാരണം, എഴുപത്തിയഞ്ച് മണിക്കൂര്‍ പിന്നിടുമ്പോഴോ മറ്റോ വിഷമം തോന്നി വിശ്രമിക്കേണ്ടി വന്നാല്‍ ഈ അനുവദനീയ സമയം ഉപയോഗിക്കാമല്ലോ. പക്ഷേ അതു വേണ്ടി വന്നില്ല. പൂര്‍ണ്ണ ആരോഗ്യവാനായിത്തന്നെ എഴുപത്തിയേഴു മണിക്കൂറും പിന്നിട്ടു. എന്നെ ആദ്യമായി നിര്‍ബന്ധിച്ച് സ്റ്റേജില്‍ പ്രസംഗിപ്പിച്ച ഗുരുനാഥന്‍ പ്രൊഫ. ആശാരി സാറിന് ഈ വിജയം സമര്‍പ്പിച്ച് അദ്ദേഹത്തെ പൊന്നാടയണിയിച്ച് കാല്‍തൊട്ടു വന്ദിച്ചാണ് ഞാൻ അവസാനിപ്പിച്ചത്.

binu-kannan5

ജീവിതവിജയത്തെ കുറിച്ച് ഇത്രയധികം സംസാരിക്കാനുണ്ടോ ?

എംബിഎ ബിരുദധാരിയാണ് ഞാൻ. വർഷങ്ങളായി പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനറായി ജോലി ചെയ്യുന്നു. ജീവിതവിജയത്തെ കുറിച്ച് ഇനിയുമേറെ സംസാരിക്കാനുണ്ടെന്നാണ് എന്റെ പക്ഷം. മൂന്ന് ‘D’ കളുണ്ടെങ്കില്‍ ആര്‍ക്കും ജീവിത വിജയം നേടാം, അവയാണ് Decision, Desire, Determination.

വ്യക്തമായ ഒരു തീരുമാനമെടുത്താൻ പിന്നെ ആ തീരുമാനത്തെ പരമാവധി സ്നേഹിക്കണം. എങ്ങനെയും അതു നേടിയെടുക്കും എന്ന ദൃഢനിശ്ചയം ഓരോ ശ്വാസത്തിലും വേണം. അങ്ങനെയെങ്കില്‍ ലക്ഷ്യം സഫലമാക്കാന്‍ നമുക്കൊപ്പം ദൈവവും പ്രപഞ്ചശക്തികളും നിൽക്കും.

ലക്ഷ്യത്തിലേയ്ക്കു കുതിക്കുമ്പോള്‍ പല പ്രശ്നങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും. നാം തേടേണ്ടത് പരിഹാരമാണ്. പ്രശ്നത്തിന്റെ ആഴങ്ങളിലേയ്ക്ക് ചെല്ലുമ്പോൾ എവിടെയെങ്കിലും നമുക്കനുകൂലമായ ഒരു ഘടകം കാണാം. അതിലൂടെ പ്രശ്നങ്ങളെ നമുക്ക് അനുകൂലമാക്കിയെടുക്കണം. പ്രശ്നങ്ങളെ ജീവിത വിജയത്തിന്റെ പടവുകളാക്കി മാറ്റാന്‍ സാധിക്കണം.

binu-kannan2

ഈ ആത്മവിശ്വാസം എങ്ങനെ കിട്ടി ?

ലോക റെക്കാര്‍ഡ് നേടാൻ ഇറങ്ങിത്തിരിച്ചപ്പോള്‍ ഒരാളോടു മാത്രമാണ് അഭിപ്രായം ചോദിച്ചത്, എന്നോടു തന്നെ. ‘ഈ വലിയ ദൗത്യം ഏറ്റെടുക്കുവാന്‍ സാധിക്കുമോ’ എന്ന് എന്നോടുതന്നെ ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു. ‘എന്നെപ്പോലെയുള്ള ഒരാളാണ് 75 മണിക്കൂര്‍ 32 മിനിറ്റ് പ്രസംഗിച്ച് ലോക റെക്കാര്‍ഡിട്ടത്. അതിനെക്കാളും ഒന്നര മണിക്കൂര്‍ കൂടുതല്‍ പ്രസംഗിച്ചാല്‍ ഞാൻ ലക്ഷ്യമിടുന്ന 77 മണിക്കൂര്‍ ആകില്ലേ. He could do it, why cant you.’ ആ ചോദ്യമാണ് എന്നെ ലക്ഷ്യത്തിലെത്തിച്ചത്.

നമുക്കൊരാവശ്യം വരുമ്പോള്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടത് നമ്മുടെ മനസിനോടു തന്നെയാണ്. നമ്മുടെ മനസിന് നമ്മെ അറിയുന്നതുപോലെ ഈ ലോകത്ത് നമ്മെ മറ്റാര്‍ക്കും അറിയില്ല. ‘All of us have an inner observer, who comments on what we do’ വിശുദ്ധ ബൈബിള്‍ പറയുന്ന ഗോപുര മുകളിലിരുന്നു വീക്ഷിക്കുന്ന ഏഴു കാവല്‍ക്കാരേക്കാള്‍ നിനക്ക് അറിവു തരുന്നത് മനസാണ്. ഒരുവന്റെ മനസിലുദിക്കുന്ന ചിന്താഗതികളാണ് അവനെ വിജയിയോ, പരാജിതനോ ആക്കി മാറ്റുന്നത്. അതുകൊണ്ടാണ് മഹാഭാരതത്തിൽ ‘യഥോഭവ തഥോ ഭവ’ എന്നു പറയുന്നതും. ‘നീ എന്തു ചിന്തിക്കുന്നുവോ നീ അതായിത്തീരും.’ വിശുദ്ധ ഖുറാന്‍ പറയുന്നുണ്ട്, ‘ഉദ്ദേശങ്ങളാണ് നിങ്ങളുടെ പ്രവൃത്തിയെ നിര്‍ണ്ണയിക്കുക’ എന്ന്. ബൈബിള്‍ പറയുന്നു, ‘നിന്റെ ചിന്തയെന്താണോ നീ അതായിത്തീരും.’ ശ്രീബുദ്ധന്‍ പറയുന്നു, ‘നീ എന്തായിരിക്കുന്നുവോ അത് നിന്റെ ചിന്തയുടെ ഫലമാണ്.’ ഇതിൽനിന്നൊക്കെ നമുക്ക് മനസ്സിലാക്കാവുന്നത് ഒരു കാര്യമാണ്, ശുഭാപ്തിവിശ്വാസിക്ക് അസാധ്യമായി ഒന്നുമില്ല.

കുടുംബത്തിന്റെ പിന്തുണ ?

ഭാര്യ സിനി വീട്ടമ്മയാണ്. മൂന്നു മക്കൾ. ആർഷയും അമലയും എൻജിനിയറിങ്ങിനു പഠിക്കുന്നു. അഭിനവ് ഒമ്പതാം ക്ലാസിൽ. ഞാൻ താമസിക്കുന്ന കോട്ടയം ജില്ലയിലെ മണിമല മുഴുവൻ എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പിന്നെ എന്റെ സഹോദരനായ അൽഫോൺസ് കണ്ണന്താനവും.