Friday 14 January 2022 02:28 PM IST : By സ്വന്തം ലേഖകൻ

‘പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തും നേടാം, നീതി ലഭിക്കും വരെ പോരാടും’: സിസ്റ്റർ അനുപമ

franco-case-verdict

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി വിശ്വസിക്കാനാവുന്നില്ലെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തക സിസ്റ്റർ അനുപമ. കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് സിസ്റ്റർ അനുപമ പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും. പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തും േനടാം. അതുതന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് വിശ്വസിക്കുന്നു. മഠത്തിൽ തന്നെ തുടരുമെന്നും അന്നും ഇന്നും സുരക്ഷിതയല്ലെന്നും അനുപമ പറഞ്ഞു. അനുപമ ഉൾപ്പെടെയുള്ള കന്യാസ്ത്രീകളാണ് പരാതിക്കാരിക്കായി നിലകൊണ്ടത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതിനും അനുപമയടക്കമുള്ള കന്യാസ്ത്രീകളാണ് നേതൃത്വം നൽകിയത്.  

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിലെ കോടതി വിധി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നു കേസന്വേഷണത്തിനു മേൽനോട്ടം നൽകിയ കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എസ്. ഹരിശങ്കർ പറഞ്ഞു. ഇന്ത്യയിൽത്തന്നെ വേറിട്ടു നിൽക്കുന്ന വളരെ അസാധാരണമായ കോടതി വിധിയാണിതെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പീഡനക്കേസിൽ ഇരയുടെ മാനസികാവസ്ഥയും മൊഴിയും ഉൾക്കൊണ്ടാണു മേൽക്കോടതികളുടെ വിധികളുണ്ടായിട്ടുള്ളതെന്ന് ഹരിശങ്കർ‌ പറഞ്ഞു. ഇരയുടെ മൊഴി തെളിവായി സ്വീകരിക്കാമെന്ന നിർദേശം സുപ്രീംകോടതിയും നൽകിയിട്ടുണ്ട്. ആ സാഹചര്യത്തിൽ വളരെ ഞെട്ടലോടെയാണ് ഈ വിധിയെ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.