Friday 20 August 2021 05:27 PM IST

'എന്തിനാ ഇങ്ങനൊരു ജന്മം, അതല്ലേ ആ കുഞ്ഞും ഇങ്ങനെ ആയത്': ആ വാക്കുകള്‍ ഹൃദയം പൊള്ളിച്ചു: എന്നിട്ടും തളര്‍ന്നില്ല ബിസ്മിത

Binsha Muhammed

BISMITHA

മൂക്കിന്‍ തുമ്പത്തൊരു കാക്കപ്പുള്ളിയിരുന്നാല്‍ പോലും ഉടഞ്ഞു വീഴും മലയാളിയുടെ സൗന്ദര്യ സങ്കല്‍പ്പം. വെളുത്തിരിക്കുന്നതാണ് ചന്തമെന്ന വികലമായ സൗന്ദര്യബോധത്തിനും  21-ാം നൂറ്റാണ്ടില്‍ എക്‌സ്പയറി ഡേറ്റ് വീണിട്ടില്ല. ഫേഷ്യലില്‍ വെളുക്കുന്ന മുഖവും ലേസര്‍ ട്രീറ്റ്‌മെന്റില്‍ തുടുത്തിരിക്കുന്ന മേനിയും മാത്രമാണ് സൗന്ദര്യമുള്ളതെന്ന് കരുതുന്നവരെ... തൊലിപ്പുറം കണ്ട് അഴകിന് മാര്‍ക്കിടുന്നവരേ. കണ്‍തുറന്നു കാണൂ ബിസ്മിതയെ, അവളുടെ സൗന്ദര്യത്തെ... ആത്മവിശ്വാസത്തെ. 

തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശിയായ ബിസ്മിത സോഷ്യല്‍ മീഡിയക്ക് സുപരിചിതയാണ്. ഇന്‍സ്റ്റഗ്രാം റീലുകളില്‍ ഹൃദ്യമായ പ്രകടനങ്ങളുമായി തിളങ്ങുന്ന പെണ്‍കുട്ടി. പുള്ളികുത്തിയ അവളുടെ മുഖം കണ്ട് ആദ്യം ചിലരൊക്കെ നെറ്റിചുളിച്ചു. ചിലര്‍ സഹതാപം കൊണ്ട് മൂടി. പക്ഷേ റീലുകള്‍ താണ്ടി റിയല്‍ ലൈഫിലേക്കെത്തുമ്പോള്‍ കാണാനാകുന്നത് അവളുടെ ആത്മവിശ്വാസത്തിന്റെ പുഞ്ചിരി മാത്രം.

ജന്മനായുണ്ടായ ത്വക്ക് രോഗത്തെ തുടര്‍ന്ന് പുള്ളികുത്തിയ മുഖവുമായി ജീവിക്കേണ്ടി വന്ന അവളെ അകറ്റി നിര്‍ത്തിയവര്‍ ഒത്തിരിപ്പേരുണ്ട്. അടക്കിപ്പിടിച്ച പരിഹാസ ചിരിയില്‍ തുടങ്ങി ഇതെന്ത് ജന്മം എന്ന് കണ്ണില്‍ച്ചോരയില്ലാതെ പറഞ്ഞവര്‍ വരെ അക്കൂട്ടത്തിലുണ്ട്. മനസില്‍ വസൂരിക്കല ബാധിച്ച അവരോടുള്ള മറുപടി കൂടിയാണ് ഈ ജീവിതം. ഈ രൂപം വച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ നാണമാകുന്നില്ലേ എന്ന് ചോദിച്ചവര്‍ക്കു മുന്നില്‍ വമ്പന്‍ മേക്കോവറുമായെത്തി പഴകി ദ്രവിച്ച സൗന്ദര്യ ബോധങ്ങള്‍ക്ക് ഉശിരന്‍ മറുപടി നല്‍കുകയാണ് ഈ തന്റേടിപ്പെണ്ണ്. ചായം പൂശിയ മുഖത്തെ മൊഞ്ചിന്റെ കഥമാത്രമല്ലിത്, അതിനേക്കാളേറെ ചന്തമുള്ള അവളുടെ മനക്കരുത്തിന്റെ കഥകൂടിയാണിത്. പുള്ളികുത്തിയ മുഖത്തിനു മേലെ പടര്‍ന്നു കയറിയ ആത്മവിശ്വാസത്തിന്റെ കഥ പുഞ്ചിരിയോടെ അവള്‍ പറയുന്നു... 'വനിത ഓണ്‍ലൈനോട്.'

ആത്മവിശ്വാസം അവളുടെ അഴക്

കഥ തുടങ്ങുന്നത് നിങ്ങളെന്നെ കണ്ട സോഷ്യല്‍ മീഡിയയില്‍ നിന്നല്ല. ജീവിതം കണ്ണാടി പോലെ തുറന്നു വച്ച ടിക് ടോക്കും ഇന്‍സ്റ്റഗ്രാമുമൊക്കെ വരും മുന്നേ ഞാനിവിടെയൊക്കെയുണ്ട്. അന്നും എന്റെയീ മുഖത്ത് പുള്ളികളുണ്ട്. കൃത്യമായി പറഞ്ഞാല്‍ ജനിച്ചപ്പോള്‍ മുതല്‍. സഹതാപങ്ങളോടും പരിഹാസങ്ങളോടും ഞാന്‍ അന്നേ മറുപടി പറയാന്‍ പഠിച്ചു എന്ന് സാരം. - ബിസ്മിത ജീവിതം പറഞ്ഞുതുടങ്ങുകയാണ്.

ആദ്യം ഉമ്മയുടെ ഉമ്മ... അവിടെ നിന്നും എന്റെ ഉമ്മ മാജിദയിലേക്ക്... പിന്നെ ഞാന്‍,  ഒടുവിലിതാ എന്റെ മകനും. മുഖത്തെ മൂടിയ വെളുപ്പും അതിനു മേല്‍ പടര്‍ന്ന പുള്ളികുത്തലും കഴിഞ്ഞ നാലു തലമുറകളായി ഞങ്ങളോടൊപ്പമുണ്ട്. എന്താണ് സംഭവിച്ചതെന്നു ചോദിച്ചാല്‍ പടച്ചവന്റെ വിധി എന്നതിനപ്പുറം മറ്റൊന്നും എനിക്ക് പറയാനില്ല. ഞങ്ങളെ ഇങ്ങനെ ആക്കിയ അവസ്ഥയുടെ വേരു തേടി പോകാന്‍ മാത്രമുള്ള സാമ്പത്തിക സ്ഥിതിയും ഞങ്ങള്‍ക്കില്ല. ജനിതകമായ പ്രശ്‌നം എന്നു മാത്രം അറിയാം. ത്വക്ക് രോഗം പുള്ളികുത്തിയ ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടെങ്കില്‍ തന്നെ വെറും 20 ശതമാനം പ്രതീക്ഷയെ വയ്‌ക്കേണ്ടതുള്ളൂ എന്നാണ് ഡോക്ടര്‍മാരും അറിവുള്ളവരും പറഞ്ഞു തന്നത്. കുടുംബത്തില്‍ എല്ലാവര്‍ക്കും ഈ പ്രശ്‌നമില്ല. സഹോദരന്‍ മനാഫിന്റെ ദേഹത്ത് ചെറിയൊരു കാക്കപ്പുള്ളി പോലുമില്ല. 

മുഖത്തെ മൂടിയ ഈ പ്രശ്‌നത്തിന്റെ പേരില്‍ ഞാന്‍ വിധിയെ ഏറെ പഴിച്ചിട്ടുണ്ട്. മുഖം തെളിയുന്ന കണ്ണാടിയെ വെറുത്തിട്ടുണ്ട്. അന്നൊക്കെ എനിക്ക് ആത്മവിശ്വാസം പകര്‍ന്നത് എന്റെ ഉമ്മച്ചിയാണ്. കളിയാക്കുന്നവരുടെ മുന്നില്‍ തലയയുര്‍ത്തി പിടിച്ച് നടക്കണം മോളേ... എന്ന് എന്റുമ്മ പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇത് നമ്മുടെ ആരുടേയും തെറ്റല്ല, പടച്ചവന്റെ തീരുമാനമാണ് എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും. സോഷ്യല്‍ മീഡിയയിലെ പിന്തുണയ്ക്കും എത്രയോ മുന്നേ അതായിരുന്നു എനിക്ക് കിട്ടിയ ജീവിക്കാനുള്ള ഊര്‍ജം. 

ചിലര്‍ വന്ന് സ്‌നേഹത്തോടെ എന്താ മോളേ... എന്താണ് പറ്റിയത് എന്നൊക്കെ സ്‌നേഹത്തോടെ ചോദിക്കും. അവരോടൊക്കെ ഞാനെന്റെ അനുഭവവും ജീവിതവും പറയാറുണ്ട്. പക്ഷേ ചിലരുണ്ട്, സൂം ചെയ്തു പിടിച്ച മാതിരി മുഖത്തേക്ക് നോക്കും. ഈ കുട്ടിയെന്താ... ഇങ്ങനെ എന്ന മട്ടില്‍ സംസാരിക്കും, കമന്റടിക്കും. അതൊക്കെയായിരുന്നു അസഹനീയം. പക്ഷേ അതൊക്കെ മറക്കാനും സൗകര്യ പൂര്‍വം അവഗണിക്കാനും എന്റുമ്മ എന്നെ പഠിപ്പിച്ചിരുന്നു. എത്രയോ പേര്‍ ഈ ലോകത്ത് വികലാംഗരായി ജനിക്കുന്നു. പടച്ചോന്‍ എന്നെ അങ്ങനെ ആക്കീലല്ലോ...

എന്റെ മനസു കണ്ടവന്‍

മുഖത്തേക്ക് തുറിച്ചു നോക്കുന്ന സഹതാപക്കണ്ണുകളുടെ കാലത്ത് നമ്മുടെ മനസു കാണാനും ആളുണ്ടാകുക എന്നത് ഭാഗ്യമാണ്. എന്റെ ഇക്ക സനുവും ജീവിതത്തിലേക്ക് കടന്നു വരുന്നത് അങ്ങനെയാണ്. അതും നല്ല ഒന്നാന്തരം പ്രണയകഥയ്‌ക്കൊടുവില്‍- നാണം കലര്‍ന്ന പുഞ്ചിരിയോടെ ബിസ്മിത പറയുന്നു. 

പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ഇക്ക എന്നെ വന്ന് പ്രപ്പോസ് ചെയ്തത്. അതുവരെയും ആരും അങ്ങനെയൊരു ധൈര്യം കാണിച്ചിട്ടില്ല എന്നതാണ് സത്യം. ഇഷ്ടം പറയുമ്പോഴേ ഞാന്‍ എന്റെ പരിമിതികളെ കുറിച്ച് ഇക്കയോട് ആദ്യമേ പറഞ്ഞിട്ടുണ്ട്. പക്ഷേ പുള്ളിക്കാരന് അതൊന്നും വിഷയമേ അല്ലായിരുന്നു. വിഷയം വീട്ടില്‍ അവതരിപ്പിക്കുമ്പോള്‍ എതിര്‍പ്പുകളുണ്ടായി. മറ്റ് വിവാഹാലോചനകള്‍ വന്നു. പക്ഷേ എല്ലാ പ്രതിബന്ധങ്ങളേയും താണ്ടി ഞങ്ങള്‍ ഒരുമിച്ചു.

ഇക്ക ഓട്ടോ ഡ്രൈവറാണ്. വര്‍ഷം നാലു കഴിയുന്നു. ഒരിക്കല്‍ പോലും ഒരുമിക്കാനുള്ള തീരുമാനം തെറ്റിയതായി തോന്നിയിട്ടില്ല. എന്റെ മുഖത്തെ പുള്ളികളെ കുറിച്ച് വേദനിപ്പിക്കുന്ന ഒരു വാക്കോ പരിഹാസമോ ഇക്ക നടത്തിയിട്ടില്ല. അത്രയ്ക്ക് ജീവനെപ്പോലെയാണ് എന്ന നോക്കുന്നത്. ഞങ്ങളുടെ ജീവിതത്തിന്റെ സന്തോഷങ്ങളുടെ ആകെത്തുകയാണ് മുഹമ്മദ് അല്‍സം എന്ന ഞങ്ങളുടെ കുഞ്ഞാവ. എന്റെ മുഖത്തുള്ളതു പോലെ അവന്റെ മുഖത്തു പുള്ളികളുണ്ട് എന്നതാണ് സങ്കടം. സാരമില്ല... എല്ലാം സഹിച്ച ഉമ്മച്ചിയുടെ മകനല്ലേ അവനും. സമൂഹത്തിനു മുന്നില്‍ തലയയുര്‍ത്തി ജീവിക്കാനുള്ള കരുത്തും കരളുറപ്പും അവന് പടച്ചോന്‍ നല്‍കും.

സോഷ്യല് മീഡിയ തന്നു സ്നേഹം

ടിക് ടോക് കാലം തൊട്ടേ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ മുഖം കാണിക്കാനോ പ്രത്യക്ഷപ്പെടാനോ എനിക്കൊരു മടിയും ഉണ്ടായിരുന്നില്ല. നാലാള്‍ക്കു മുന്നില്‍ തലയയുര്‍ത്തി നില്‍ക്കാനുള്ള പാഠം പണ്ടേ ഞാന്‍ പഠിച്ചിരുന്നു. ടിക് ടോക് നിരോധിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ സജീവമായി. റീലുകളിലൂടെ കുറേ പെര്‍ഫോമന്‍സുകള്‍ ചെയ്തു. ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോള്‍ തല്ലും തലോടലും ഒരുപോലെയെത്തി. മുഖത്ത് തരിമ്പു പോലും നിരാശയില്ലാതെ നിറഞ്ഞു പുഞ്ചിരിച്ചു നില്‍ക്കുന്ന എന്നെ  ഒത്തിരിപ്പേര്‍ അഭിനന്ദിച്ചു. പലരും ഫൊട്ടോഷൂട്ട് ചെയ്യാമോ, തയ്യാറാണോ എന്നൊക്കെ ചോദിച്ചത് വലിയ അംഗീകാരമായിരുന്നു.

ഒരു വശത്തു പലരും മനസു നിറഞ്ഞ് വാഴ്ത്തിയപ്പോള്‍ ചില കൂട്ടര്‍ വല്ലാതെ വേദനിപ്പിച്ചു. ഈ മുഖം വച്ചിട്ട് എന്തിന് വിഡിയോ ചെയ്യുന്നു, കണ്ടിട്ട് അറപ്പു തോന്നുന്നു, നാണമില്ലേ എന്നൊക്കെ ചോദിച്ചു. അവരുടെയൊക്കെ മനസിലുള്ള കറുപ്പിനേക്കാള്‍ അഴക് എന്റെ മുഖത്തിനുണ്ട് എന്നറിയാവുന്ന ഞാന്‍ ടെന്‍ഷനടിച്ചതേയില്ല. പക്ഷേ ഒരു കമന്റ് അതെന്റെ നെഞ്ചിനെ നീറ്റി വല്ലാതെ. എന്തിനിങ്ങനെ ഒരു ജന്മം പിറന്നു, അതല്ലേ ആ കുട്ടിക്കും ഇങ്ങനെ വന്നത്. അതു വല്ലാതെ നൊമ്പരപ്പെടുത്തി. ആ വേദനയുടെ മുറിവുണങ്ങാന്‍ എന്നെ സഹായിച്ചത് ഇക്കയായിരുന്നു. ഇനിയും കരുത്തോടെ ആത്മവിശ്വാസത്തോടെ റീലുകള്‍ ചെയ്യാന്‍ അദ്ദേഹം ആത്മവിശ്വാസമേകി.

അമല്‍ ഷാജി എന്ന ചേട്ടനാണ് ഒരു മെയ്ക്ക് ഓവര്‍ ഫൊട്ടോഷൂട്ട് ചെയ്തുകൂടേ എന്ന് ചോദിച്ചത്. മുന്‍പും പലരും അത് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ സ്‌നേഹത്തോടെ നിരസിച്ചിട്ടുണ്ട്. എന്റെ മുഖം കണ്ട് അറപ്പും വെറുപ്പും തോന്നുന്നുവെന്നും വീട്ടിലിരിക്കാനും പറഞ്ഞവരോട് മേക്കോവറിലൂടെ മറുപടി പറയണമെന്ന് ചേട്ടന്‍ പറഞ്ഞപ്പോള്‍ അതു ശരിയാണെന്നു തോന്നി. അങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കണ്ട മേക്കോവര്‍ പിറവിയെടുത്തത്. 

പരിഹസിച്ചവരോട് പരിഭവമില്ല, വീട്ടിലിരിക്കണമെന്നുള്ള ഉപദേശം കേള്‍ക്കാനും മനസില്ല. ബിസ്മിത ഇങ്ങനെയാണ്. എന്റെ ജീവിതവും വ്യക്തിത്വവും ഇങ്ങനെ തന്നെ. അതിനെ മറച്ചു പിടിക്കാനോ ഒളിച്ചിരിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനിയും ഞാന്‍ നിങ്ങള്‍ക്കു മുന്നിലെത്തും. ചിരിച്ച മുഖവുമായി. എത്ര പരിഹസിക്കുമെന്ന് ഞാനൊന്ന് കാണട്ടേ...- ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയോടെ ബിസ്മിത പറഞ്ഞു നിര്‍ത്തു.