Monday 17 February 2020 06:21 PM IST : By സ്വന്തം ലേഖകൻ

അഭയമില്ലാതെ രണ്ടാഴ്ച അലച്ചിൽ; കൊറോണ ഭീതിയിൽ പെട്ടുപോയത് നടുക്കടലിൽ; ചങ്കിടിപ്പേറ്റുന്ന അനുഭവം പങ്കിട്ട് മലയാളി

bita-kuruvila

ആർത്തുല്ലസിച്ചൊരു യാത്ര.. അത് ഒരിക്കലും മറക്കാത്ത അലച്ചിലിലേക്ക് നയിക്കുമെന്ന് ആരു കണ്ടു. നാടുമായി ബന്ധമില്ലാതെ നടുക്കടലിൽ അലഞ്ഞ നിമിഷങ്ങൾ ഓർക്കുമ്പോൾ ബിറ്റാ കുരുവിളയുടെ നെഞ്ചു പിടയും. ലോകം മുഴുവൻ ഭീതി വിതച്ചിട്ട കൊറോണ കുരുവിള യാത്ര ചെയ്ത ആഡംബര നൗകയിലേക്കും പടർന്നു കയറിയപ്പോൾ രണ്ടാഴ്ചയിലേറെ കാലമാണ് കുരുവിളയുൾപ്പെടുന്ന കപ്പലിലെ യാത്രക്കാർ ലക്ഷ്യമില്ലാതെ അലഞ്ഞത്.

അഡംബര കപ്പലായ എംഎസ് വെസ്റ്റര്‍ഡാമില്‍ ഹോങ്കോങ്ങില്‍നിന്ന് ജപ്പാനിലെ യോക്കോഹാമയിലേക്കാണ് യാത്ര തിരിക്കുന്നത്. കപ്പലിലെ എക്‌സിക്യൂട്ടീവ് ഷെഫായിരുന്നു കോട്ടയം സ്വദേശിയായ ബിറ്റാ കുരുവിള. സന്തോഷം മാത്രം കളിയാടിയിരുന്ന യാത്രയിൽ കൊറോണ ഭീതി പടർന്നു പിടിക്കുന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. കൊറോണ വൈറസ് ബാധ സംശയിച്ച് അഞ്ച് രാജ്യങ്ങള്‍ കരയിലേക്ക് അടുക്കാന്‍ അനുമതി നൽകിയില്ലെന്ന് കുരുവിള പറയുന്നു.

യാത്ര ആരംഭിച്ച രണ്ടാംദിനം മുതല്‍ കപ്പലില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതായി ബിറ്റ പറയുന്നു. കൊറോണ രോഗ ഭീതിയില്‍ ഫിലിപ്പിന്‍സ്, ജപ്പാന്‍, തായ്‌ലാന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ കപ്പലിന്‌ തീരത്തടുപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ദിവസങ്ങളോളം കരകാണാതെ കപ്പലിലെ 1500ഓളം യാത്രക്കാര്‍ക്ക് നടുക്കടലില്‍ കഴിയേണ്ടി വന്നു. ഒടുവില്‍ യാത്രതുടങ്ങി പതിമൂന്നാമത്തെ ദിവസം കംബോഡിയ കപ്പലിന് അഭയമേകി. കംബോഡിയന്‍ പ്രധാനമന്ത്രി നേരിട്ടെത്തി കപ്പലിലെ യാത്രക്കാരെ സ്വീകരിച്ചതെന്ന് ബിറ്റാ കുരുവിള പറയുന്നു.

അനിശ്ചിതത്വം നിറഞ്ഞ ദിനങ്ങളിലും യാത്രക്കാര്‍ക്ക് വേണ്ടതെല്ലാം ഒരുക്കാനായെന്ന് ബിറ്റാ കുരുവിള പറഞ്ഞു. കംബോഡിയയില്‍ ഇറങ്ങിയ യാത്രക്കാര്‍ ബിറ്റാ അടക്കമുളളവര്‍ നല്‍കിയ ഈ കരുതല്‍ ഓര്‍മിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. കപ്പലിലെ ഏറ്റവും ജനപ്രിയനാണ് ബിറ്റാ എന്നാണ് ഒരു യാത്രക്കാരന്‍ വിശേഷിപ്പിച്ചത്.

കോട്ടയം പുതുപ്പളളി സ്വദേശിയായ ബിറ്റാ കുരുവിള 13 വര്‍ഷമായി എം.എസ്. വെസ്റ്റര്‍ഡാം ഉള്‍പെടുന്ന കാര്‍ണിവല്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുകയാണ്. കൊച്ചി തൈക്കൂടത്താണ് താമസം. എല്ലാ യാത്രക്കാരെയും കംബോ‌ഡിയയില്‍ ഇറക്കിയശേഷം ബിറ്റാ അടക്കം 802 ജീവനക്കാരുമായി കപ്പല്‍ നാളെ ജപ്പാനിലെ യോക്കോഹാമയിലേക്ക് പോകും. 

ജപ്പാനിലെ യോക്കോഹാമ തുറമുഖം ലക്ഷ്യമിട്ടായിരുന്നു വെസ്റ്റര്‍ഡാമിന്റെ യാത്ര. വെസ്റ്റര്‍ഡാം ഉടമസ്ഥരായ കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ ഒട്ടേറെപ്പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ജപ്പാന്‍ അടക്കം അഞ്ച് രാജ്യങ്ങള്‍ തീരത്തടുപ്പിച്ചില്ല. ഒടുവിലാണ് കംബോഡിയ അഭയമേകിയത്. ഇന്നലെ പുറംകടലില്‍ നങ്കൂരമിട്ട കപ്പലിലുളളവരു‍ടെ സ്രവ സാംപിളുകള്‍ പരിശോധിച്ച് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ  വിനോദസഞ്ചാരികള്‍ക്ക് കംബോ‌ഡിയയില്‍ ഇറങ്ങാന്‍ അനുമതിയായി.