Monday 17 May 2021 12:35 PM IST : By സ്വന്തം ലേഖകൻ

കോവിഡിനിടയിൽ വില്ലനായി 'ബ്ലാക്ക് ഫംഗസ്' ബാധ: എന്താണ് ഇതിന് കാരണം? എങ്ങനെ തടയാം? എയിംസ് ചീഫ് വിശദീകരിക്കുന്നു

blackkk566677

കോവിഡിനിടയിൽ വില്ലനായി അവതരിച്ച ഒന്നാണ് 'ബ്ലാക്ക് ഫംഗസ്' ബാധ. 'കറുത്ത ഫംഗസ്' എന്ന് വിളിക്കപ്പെടുന്ന മ്യൂക്കോമൈക്കോസിസ് സാധാരണയായി രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളിലാണ് ഏറ്റവും അപകടകരം. മഹാരാഷ്ട്രയിലും ഗുജറാത്തിലും ധാരാളം 'ബ്ലാക്ക് ഫംഗസ് കേസുകൾ' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്ന കോവിഡ് ബാധിച്ച പ്രമേഹരോഗികളിൽ മ്യൂക്കോമൈക്കോസിസ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. 

"മ്യൂക്കോമൈക്കോസിസ് മണ്ണിലും വായുവിലും കഴിക്കുന്ന ഭക്ഷണത്തിൽ പോലും കാണപ്പെടുന്നു. പക്ഷേ, അവ സാധാരണയായി അണുബാധയ്ക്ക് കാരണമാകാറില്ല. കോവിഡിന് മുൻപ് വളരെ കുറച്ച് കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോൾ കോവിഡ് കാരണം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു."- രൺദീപ് ഗുലേറിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'സ്റ്റിറോയിഡുകളുടെ ദുരുപയോഗം' എന്ന വിഷയത്തിൽ സംസാരിച്ച ഡോക്ടർ ഗുലേറിയ ആശുപത്രികളോട് അണുബാധ നിയന്ത്രണ രീതികളുടെ പ്രോട്ടോക്കോളുകൾ പിന്തുടരണമെന്ന് ആവശ്യപ്പെട്ടു. ഫംഗസ്, ബാക്ടീരിയ പോലുള്ള അണുബാധകൾ കോവിഡ് കേസുകളിൽ കൂടുതലായി കാണപ്പെടുന്നതിനാൽ മരണനിരക്കും കൂടുന്നു. 

"സ്റ്റിറോയിഡുകൾ ദുരുപയോഗം ചെയ്യുന്നത് ഇത്തരം അണുബാധയ്ക്ക് പിന്നിലെ ഒരു പ്രധാന കാരണമാണ്. പ്രമേഹരോഗികളിലും കോവിഡ് പോസിറ്റീവ് രോഗികളിലും സ്റ്റിറോയിഡുകൾ എടുക്കുന്നവരിലും ഫംഗസ് അണുബാധ വരാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇത് തടയാൻ സ്റ്റിറോയിഡുകൾ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം." - ഡോക്ടർ ഗുലേറിയ പറഞ്ഞു. 

"എയിംസിൽ, 23 രോഗികൾ ഫംഗസ് അണുബാധയ്ക്കുള്ള ചികിത്സയിലാണ്. അവയിൽ 20 എണ്ണം ഇപ്പോഴും കോവിഡ് പോസിറ്റീവ് ആണ്, ബാക്കിയുള്ളവ നെഗറ്റീവ് ആണ്. പല സംസ്ഥാനങ്ങളിലും 500 ലധികം മ്യൂക്കോമൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മുഖത്തെ ബാധിക്കും, മൂക്ക്, കണ്ണിന്റെ ഓർബിറ്റ് അല്ലെങ്കിൽ തലച്ചോറിനെ ബാധിക്കും. കാഴ്ച നഷ്ടപ്പെടാൻ പോലും ഇത് കാരണമാകും. മാത്രമല്ല, ശ്വാസകോശത്തിലേക്കും വ്യാപിക്കും."- ഡോക്ടർ പറയുന്നു.

കോവിഡ്  രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ പ്രമേഹരോഗികളിലും രോഗപ്രതിരോധ ശേഷിയില്ലാത്തവരിലും ഉണ്ടാകുന്ന സൈനസ് വേദന, മുഖത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വേദന, മൂക്കൊലിപ്പോ മൂക്കിൽ ഉണ്ടാകുന്ന തടസ്സമോ, പല്ലു വേദന, പല്ല് പൊഴിഞ്ഞു പോകുക, നീർവീക്കം തുടങ്ങിയ ലക്ഷണങ്ങൾ നിരീക്ഷിക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മുന്നറിയിപ്പ് നൽകുന്നു. 

കാഴ്ചയ്ക്ക് മങ്ങൽ അല്ലെങ്കിൽ ഇരട്ട കാഴ്ച, നെഞ്ചുവേദന, ശ്വസന ബുദ്ധിമുട്ടുകൾ, ചുമ എന്നിവയ്ക്ക് കാരണമാകുന്ന ഈ രോഗം പ്രമേഹവുമായി കൂടുതലും ബന്ധപ്പെട്ടിരിക്കുന്നു. ഗുരുതരമായ കോവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഡെക്സമെതസോൺ പോലുള്ള സ്റ്റിറോയിഡുകൾ പ്രമേഹം രോഗികളിൽ വർദ്ധിപ്പിക്കും. 

Tags:
  • Spotlight