Monday 11 June 2018 11:39 AM IST

‘ബ്ലെസന്റെ ജീവിതത്തിലുമെത്തുമോ കാവൽ മാലാഖമാർ’?; ജീവൻ രക്ഷിക്കാനായി നെട്ടോട്ടമോടിയ ആംബുലൻസ് ഡ്രൈവർ സ്വന്തം ജീവനു വേണ്ടി മല്ലിടുന്നു

Binsha Muhammed

blesson-driver

റോഡപകടങ്ങളിൽ പെട്ട് ആരാലും തിരിഞ്ഞു നോക്കാനില്ലാതെ വഴിയരികിൽ കിടന്ന് പിടയുന്നവർക്ക് ബ്ലെസൻ കാവൽ മാലാഖയാണ്. തടസങ്ങളെ വകഞ്ഞു മാറ്റി അപകട സ്ഥലത്തേക്ക് ആംബുലൻസുമായി അവൻ ചീറിപ്പാഞ്ഞെത്തും. ആശുപത്രി വരാന്ത വരെയെത്തിച്ച് ഡോക്ടറുടെ ശ്രദ്ധയെത്തി എന്ന് ഉറപ്പായാൽ മാത്രമേ മടക്കമുള്ളൂ. ഒരു പക്ഷേ ഉറ്റവർക്കോ ഉടയവർക്കോ പോലുമില്ലാത്ത കരുതലുണ്ടാകും ബ്ലെസന്റെ കരങ്ങളിലെത്തുന്ന ഓരോ ജീവനും.

മാവേലിക്കര സ്നേഹ തീരം എജ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള ആംബുലൻസിന്റെ ഡ്രൈവറാണ് ബ്ലെസൻ. ആലപ്പുഴ ചാരുമ്മൂട് തെരുവിൽ മുക്ക് സ്വദേശി.ഒരു തരി പോലും പൈസ കൈ പറ്റാതെയാണ് റോഡപകടങ്ങളിൽ പിടയുന്നവരെ അവൻ ആശുപത്രികളിലെത്തിക്കുന്നത്. ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ ലഭിക്കുന്ന നിറ‍ഞ്ഞ പുഞ്ചിരിയാണ് ബ്ലെസന്റെ എല്ലാ നന്മകൾക്കുമുള്ള പ്രതിഫലം.

എല്ലാവരുടെയും ജീവനു വേണ്ടി നെട്ടോട്ടമോടുന്ന ബ്ലെസന്റെ മുഖത്ത് ഇന്ന് ആ പുഞ്ചിയില്ല. തിരുവല്ലയിലെ ഏതോ ഒരു സ്വകാര്യ ആശുപത്രിയിലെ ശീതികരിച്ച മുറിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവനു വേണ്ടി മല്ലിടുകയാണ് ആ ചെറുപ്പക്കാരൻ.

ഇക്കഴിഞ്ഞ ദിവസം ആലപ്പുഴ വെട്ടിക്കോട് ജംഗ്ഷനിൽ വച്ചുണ്ടായ ഒരു അപകടം ബ്ലെസനെ ദുരിക്കിടക്കയിലേക്ക് തള്ളി വിട്ടു. അലക്ഷ്യമായി യൂ ടേൺ എടുത്ത കാറിനു മുന്നിൽ നിന്ന് വെട്ടിത്തിരിച്ചതാണ് അപകട കാരണം. ഏതോ ജീവൻ രക്ഷിക്കാനുള്ള യാത്രയിൽ നഴ്സ് അമീറും ബ്ലെസനൊപ്പമുണ്ടായിരുന്നു.

ambulance-driver1

ആരുടെയൊക്കെയോ സഹായത്തോടെ ബ്ലെസനെയും അമീറിനെയും ആശുപത്രിയിലെത്തിച്ചു. തോളെല്ലിനും നട്ടെല്ലിനും പരുക്കേറ്റ അമീർ അപകടാവസ്ഥ തരരണം ചെയ്തു.

എന്നാൽ ബ്ലെസന്റെ ജീവൻ ഡോക്ടർമാർക്കു മുന്നിൽ ചോദ്യ ചിഹ്നമായി നിൽക്കുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ ബ്ലെസന്റെ തലച്ചോറിലേക്കുള്ള അമിത രക്തസ്രാവമാണ് കാര്യങ്ങൾ സങ്കീർണമാക്കുന്നത്.

ഡോക്ടർമാരോട് ആരായുമ്പോൾ മറുപടിയൊന്നു മാത്രം. ‘എല്ലാം മുകളിലിരിക്കുന്നവന്റെ കൈയ്യിലാണ് നിങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കൂ...’

ambulance-driver2

എന്നാൽ അവിടെ തീരുന്നില്ല പരീക്ഷണം. നിർദ്ധന കുടുംബത്തിലെ അംഗമാണ് ബ്ലെസൻ. മനസറിഞ്ഞ് സഹായിക്കാൻ ആരോരുമില്ലാത്തവൻ. ഭാര്യയും മുപ്പത് ദിവസം പ്രായമായ കുഞ്ഞും മാത്രമാണ് ബ്ലെസന്റെ ആകെയുള്ള സമ്പാദ്യം. സ്വകാര്യ ആശുപത്രിയിലെ ഭാരിച്ച ചെലവു കണ്ട് കണ്ണീർ വാർക്കാനേ അവർക്കാകുന്നുള്ളൂ. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാമെന്നു വച്ചാൽ നിലവിലെ സാഹചര്യത്തിൽ അതും ബുദ്ധിമുട്ടാണ്.

ഒരു വശത്ത് ജീവനു വേണ്ടി മല്ലിടുന്ന പ്രിയപ്പെട്ടവൻ, മറു വശത്ത് പ്രിയപ്പെട്ടവന്റെ ജീവൻ നിലനിർത്താൻ വേണ്ടിയുള്ള ചെലവ്. തീർത്തും നിസഹായരായി പോകുന്ന അവസ്ഥ. എന്തിനേറെ ബ്ലെസന്റെ അഭാവത്തിൽ ഒരു നേരത്തെ ആഹാരത്തിനു പോലും അവർക്ക് മറ്റുള്ളവരുടെ സഹായം തേടണം.

ബ്ലെസനെ അറിയാവുന്ന, ബ്ലെസന്റെ നന്മ അറിയാവുന്ന കൂട്ടുകാരും നാട്ടുകാരും സ്നേഹതീരം പ്രവർത്തകരും ഇന്ന് അവന്റെ ജീവൻ നിലനിർത്താനുള്ള ഓട്ടത്തിലാണ്. പലരുടെയും ജീവൻ രക്ഷിക്കാൻ കാവൽ മാലാഖയായി പറന്നെത്തുന്ന ബ്ലെസന്റെ ജീവിതത്തിലും സന്മമനസുള്ള മാലാഖമാർ എത്തുമെന്ന പ്രതീക്ഷയാണ് അവർ.

ambulance-driver3