Tuesday 10 July 2018 05:00 PM IST

കേരളത്തിലുമെത്തി ആ ‘നീല തിമിംഗലം’! കൊലയാളി ഗെയിമിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Roopa Thayabji

Sub Editor

blue_whale

‘കൊലയാളി ഗെയിം’ എന്നറിയപ്പെടുന്ന ബ്ലൂവെയിൽ ഗെയിം കേരളത്തിൽ. രണ്ടായിരത്തിലധികം പേർ ‍ഡൗൺലോഡ് ചെയ്തതായി പൊലീസ്. കഴിഞ്ഞമാസം പാലക്കാട്ടെ നാലു കുട്ടികൾ കെഎസ്ആർടിസി ബസിൽ ചാവക്കാട് കടൽകാണാൻ പോയതു ഗെയിമിന്റെ സ്വാധീനത്തിലാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. രക്ഷിതാക്കൾ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കുട്ടികൾ ഈ ഗെയിം കളിച്ചിരുന്നതായി ശ്രദ്ധയിൽപെട്ടതായും പറയുന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ വിദ്യാർത്ഥി മൻപ്രീത് സിങ് സഹാനി ആത്മഹത്യ ചെയ്തത് ഈഗെയിമിന്റെ സ്വാധീനത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതു ഗെയിമുകളെയും തേടിപ്പിടിച്ച് കയ്യിലാക്കുന്ന മലയാളികളിലും ഇതു പ്രചരിക്കുന്നു എന്നത് ഭീതിയുണർത്തുന്ന വാർത്തയാണ്.

കളിച്ചു തുടങ്ങുന്ന കൗമാരക്കാരെ ഒടുവില്‍ ആത്മഹത്യയിലേക്കു നയിക്കുന്ന അപകടകാരിയായ ഒരു സൈക്കോളജിക്കല്‍ ഗെയിമാണ് ബ്ലൂവെയില്‍. പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ഈ ഗെയിം ലഭിക്കില്ല. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. ഓൺലൈൻ സൈറ്റുകളിൽ പരസ്യംനൽകുന്ന ഏജൻസികളാണെന്ന സംശയത്തിലാണ് പൊലീസ്. ഗെയിമുകൾക്ക് നമ്മുടെ കുട്ടികൾ അടിമകളാകും മുമ്പ് അവരെ പിന്തിരിപ്പിക്കാം.

ഇതാ ജാഗ്രതയോടെ ഇരിക്കാം

മക്കൾക്ക് ഫോൺ കൊടുക്കുന്നതിന് മിക്ക രക്ഷിതാക്കൾക്കും മടിയില്ല. ഹൈസ്കൂൾ എത്തിയാൽ മക്കൾക്കു ഫോൺ വാങ്ങിക്കൊടുക്കുന്നതും പതിവാണ്. മക്കളുടെ ഫോൺ ഉപയോഗം പരിമിതപ്പെടുത്താൻ വഴികളുണ്ട്.

∙ ഫോൺ ഉപയോഗം പരിമിതപ്പെടുത്താവുന്ന തരത്തിൽ സെറ്റ് ചെയ്യാൻ ചില ആപ്ലിക്കേഷനുകൾ സഹായിക്കും. Qustodio Parental Control ഇത്തരത്തിലുള്ള പെയ്ഡ് ആപ്ലിക്കേഷനാണ്.

∙ ഇൻസ്റ്റാൾ ചെയ്താൽ സ്പൈ ആപ്ലിക്കേഷനു സമാനമായി കുട്ടിയുടെ ഫോൺ കോളുകൾ രക്ഷിതാക്കൾക്ക് മോണിറ്റർ ചെയ്യാം. നമ്മൾ അനുവദിക്കുന്ന നമ്പരുകളിൽ നിന്നു മാത്രമേ കുട്ടിക്ക് ഫോൺകോൾ വരൂ എന്നു മാത്രമല്ല, ഈ നമ്പരുകളിലേക്ക് മാത്രമേ തിരിച്ചു വിളിക്കാനുമാകൂ.

∙ മൊബൈൽ ഫോണിലെ ഏതൊക്കെ ആപ്ലിക്കേഷനുകൾ കുട്ടിയെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഈ ആപ്ലിക്കേഷൻ വഴി നിയന്ത്രിക്കാം.

∙ നിശ്ചിത സമയത്തേക്കു മാത്രമായും ഫോൺ ഉപയോഗം പരിമിതപ്പെടുത്താം. രാത്രി ഏഴു മണി വരെ ഇന്റർനെറ്റ് ഉപയോഗം, ഒമ്പതു മണി വരെ കോളുകൾ ചെയ്യാനും സ്വീകരിക്കാനുമുള്ള സമയം, പത്തുമണിക്കു ശേഷം ഫോൺ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുക തുടങ്ങി എങ്ങനെ വേണമെങ്കിലും ഈ ആപ്ലിക്കേഷനെ പ്രയോജനപ്പെടുത്താം.

∙ സിംകാർഡ് മാറ്റിയിട്ടാലും ഈ സെറ്റിങ് മാറ്റാനാകില്ല.

∙ രക്ഷിതാക്കളുടെ ഫോൺ കുട്ടികളുപയോഗിക്കുന്നതിനും നിയന്ത്രണം വയ്ക്കാം. Ourpact Junior Parental Control പോലുള്ള ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്താൽ ചെറിയ കുട്ടികളുടെ ഫോൺ ഉപയോഗത്തിന് സമയം നിശ്ചയിക്കാം. രക്ഷിതാവിന്റെ ഫോണിൽ നിന്ന് ഇതേ ആപ്ലിക്കേഷൻ വഴി അനുവദിക്കുന്ന സമയങ്ങളിലേ കുട്ടിക്ക് ഫോൺ അൺലോക്ക് ചെയ്ത് ഉപയോഗിക്കാനാകൂ.

ബ്ലൂ വെയിൽ ഗെയിമിന് ഇന്ത്യയിലും ആദ്യ രക്തസാക്ഷി! മുംബൈയിൽ ഒമ്പതാം ക്ലാസുകാരൻ അറസ്റ്റിൽ

വിവരങ്ങൾക്ക് കടപ്പാട്– രതീഷ് ആർ. മേനോൻ,

സോഷ്യൽ മീഡിയ, മൊബൈൽ ആപ്ലിക്കേഷൻ വിദഗ്ധൻ.