Thursday 06 August 2020 02:11 PM IST : By സ്വന്തം ലേഖകൻ

ഒന്നുമറിയുന്നില്ല, അമ്മയെ ചിരിയോടെ യാത്രയാക്കുന്ന നോറ; ഏറ്റവും വേദനയുണ്ടാക്കിയ ചിത്രം; മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

merin-daughter

ആ പുഞ്ചിരി കണ്ട് നില്‍ക്കാനാകില്ല. മോളേ എന്ന് വിളിച്ച് ഓടിയെത്തുന്ന അമ്മയില്ലെന്ന സത്യമറിയാതെ പുഞ്ചിരി തൂകി നില്‍പ്പാണ് നോറ. ആ മുഖത്ത് അവസാനമായി ഒരുമ്മ നല്‍കാന്‍ പോലും ആകാതെ മാറ്റി നിര്‍ത്തിയത് വിധിയുടെ മറ്റൊരു നാടകീയത. 

അമേരിക്കയില്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ മെറിന്‍ ജോയി മണ്ണിലേക്ക് മടങ്ങുമ്പോള്‍ ആ വേദനയുടെ ആഴമറിയാതെ ചിരി തൂകി നില്‍പ്പാണ് നോറയെന്ന പൊന്നുമോള്‍. മരണം ഏറ്റവും ക്രൂരമായ വിധിയെന്ന് തോന്നിപ്പിക്കുന്നതും നോറയുടെ പുഞ്ചിരികാണുമ്പോഴാണ്. താലോലിക്കാന്‍ ഇനി അമ്മയില്ലെന്ന സത്യം ആ കുഞ്ഞ് അറിയുന്നില്ലല്ലോ?.

 അമ്മയുടെ നിശ്ചല ചിത്രത്തില്‍ ചുംബനം നല്‍കുന്ന നോറയുടെ ചിത്രം പകര്‍ത്തിയ ബോബിന്‍ അലക്‌സ് എന്ന മാധ്യമപ്രവര്‍ത്തകന്റെ വാക്കുകളാണ് ഏവരേയും കണ്ണീരണിയിക്കുന്നത്. മാധ്യമ പ്രവര്‍ത്തന ജീവതത്തില്‍ ഏറ്റവും വേദന ഉണ്ടാക്കിയ ഫോട്ടോ എന്നാണ് ബോബിന്‍ സാക്ഷ്യപ്പെടുത്തുന്നത്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം; 

എന്റെ മാധ്യമ പ്രവര്‍ത്തന ജീവതത്തില്‍ ഏറ്റവും വേദന ഉണ്ടാക്കിയ ഫോട്ടോ ...നോറ ഒന്നുമറിയാതെ തന്റെ അമ്മ മെറിനു നല്‍കിയ അന്ത്യ ചുബനം ...തന്റെ അമ്മയെ ചിരിച്ചു കൊണ്ട് യത്ര ആക്കുന്ന നോറ ...ഹൃദയം നുറുങ്ങുന്ന ചിത്രം ... ഈ ഫോട്ടോ നമ്മുടെ മനസ്സില്‍ മായാതെ സൂക്ഷിക്കണം ..ഇനിയെങ്കിലും ഇത്തരം കൊടുംക്രൂരതകള്‍ നമ്മുടെ സമൂഹത്തില്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.....

ബോബിന്‍ അലക്‌സ്