Wednesday 13 January 2021 04:12 PM IST : By സ്വന്തം ലേഖകൻ

‘ഈ ഷെഡിന്റെ വാതിൽ ഒന്നു മാറ്റിത്തരാമോ?’; വീട് തന്നെ നൽകാമെന്ന് ബോബി: പാപ്പിയമ്മയുടെ സ്വപ്നം സഫലം

pappy-amma

തെരുവിലെ നാടോടിപ്പെണ്ണ് ആസ്മാനിയെ സുന്ദരിയാക്കിയ ഫൊട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ ഫ്രെയിം ഇക്കുറി തേടിയത് ഒരു പച്ചയായ ജീവിതമായിരുന്നു. 98 കാരി പാപ്പി അമ്മയെ മോഡലാക്കിയ ഫൊട്ടോഗ്രാഫറുടെ പരീക്ഷണത്തിനും കിട്ടി മനം നിറയ്ക്കുന്ന കയ്യടി. സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളേയും മോഡലുകളേയും തേടിപ്പോകുന്നവരുടെ കാലത്ത് വേറിട്ട പരീക്ഷണം നടത്തിയ മഹാദേവൻ തമ്പിയുടെ ചിത്രങ്ങൾ വൈറലാകുകയും ചെയ്തു. ഒരു ലൊക്കേഷൻ തേടിയുള്ള യാത്രയിൽ അപ്രതീക്ഷിതമായാണ് മഹാദേവൻ തമ്പി പാപ്പി അമ്മയെ കാണുന്നതും ഫോട്ടോഷൂട്ട് നടത്തുന്നതും.

കൂലി പണിയെടുത്താണ് പാപ്പി അമ്മ വരുമാനം കണ്ടെത്തുന്നത്. അടച്ചുറപ്പുള്ള വീട്ടിൽ‌ ഒരു ദിവസമെങ്കിലും താമസിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും ക്യാമറ ക്ലിക്കുകൾക്കിടയിൽ പാപ്പി അമ്മ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്്. പാപ്പിയമ്മയുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എത്തിയിരിക്കുന്നതാകട്ടെ വ്യവസായി ബോബി ചെമ്മണ്ണൂരും.

പാപ്പിയമ്മയുടെ വീട്ടിലെത്തിയ അദ്ദേഹം പുതിയ വീട് വച്ചുനൽകാമെന്ന് ഉറപ്പുനല്‍കി. ഈ ഷെഡിന്റെ വാതിൽ ഒന്നുമാറ്റി തരാമോ എന്നാണ് പാപ്പിയമ്മ ബോബിയോട് ആദ്യം ചോദിച്ചത്. ഈ ഷെഡിന് പകരം പുതിയ വീട് തന്നെ ഇവിടെ നിർമിച്ചുനൽകുമെന്ന് മുത്തശിക്ക് ഉറപ്പുകൊടുത്തെന്നും ബോബി പറഞ്ഞു. സ്വന്തം ഭൂമിയിൽ ഷീറ്റുകൾ കൊണ്ട് മറച്ച ഷെഡിലാണ് ഈ 98കാരി ഇതുവരെ ജീവിച്ചത്.

വൈക്കത്തു വച്ചാണ് പാപ്പി അമ്മയെ കാണുന്നത്. നിഷ്കളങ്കതയും ഓമനത്തവും നിറയുന്ന മുഖമാണ് പാപ്പി അമ്മയുടേത്. അരിവാളും പിടിച്ച് നടന്നു വരുന്ന പാപ്പി അമ്മയെ കണ്ടപ്പോൾ ഫോട്ടോഷൂട്ട് ചെയ്താൽ നന്നായിരിക്കുമെന്നു തോന്നി സമീപിക്കുകയായിരുന്നു. ‌ഫോട്ടോഷൂട്ട് ചെയ്യട്ടേ എന്നു ചേദിച്ചപ്പോൾ പാപ്പി അമ്മ സമ്മതിച്ചു. പിറ്റേ ദിവസം ഷൂട്ടിന് വേണ്ട സാധനങ്ങളും ആൾക്കാരുമായി വൈക്കത്തെത്തി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നുവെന്ന് മഹാദേവൻ തമ്പി പറയുന്നു.