Friday 22 February 2019 03:45 PM IST

സർവംസഹയോ ബോൾഡോ? ആൺകുട്ടികൾക്ക് എങ്ങനെ ആകണം പെണ്ണുങ്ങൾ

Roopa Thayabji

Sub Editor

stree ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ (ചിത്രങ്ങൾ മോഡലുകളെ ഉപയോഗിച്ച് എടുത്തത്)

‘സതീശന്റെ മോനല്ലേടാ, നീയിവളെ തേച്ചിട്ടു പോയതല്ലേ... നീ പോയാൽ ഇവൾക്ക് #@$% ആണെടാ...’ പുലികളെപ്പോലെ ചീറുകയാണ് മൂന്ന് പെൺകുട്ടികൾ. കൂട്ടുകാരിയെ ഉപേക്ഷിച്ചുപോയ ആൺസുഹൃത്തിനെ ചീത്തപറഞ്ഞുകൊണ്ട് അവർ പോസ്റ്റ് ചെയ്ത ഈ ടിക്ടോക് വിഡിയോ ചിലരുടെയൊക്കെ ചങ്കിലേക്ക് ഹൈഡ്രജൻ ബോംബു പോലെയാണ് പൊട്ടി വീണത്. ഇങ്ങനെയൊക്കെ പറയാമോ പെണ്ണുങ്ങൾ? അതും ആണിനെ. കലിപ്പ് തീർക്കാനായി പെൺകുട്ടികളുടെ വിഡിയോയ്ക്കു താഴെ ചീത്ത വിളിച്ച് പലർക്കും മതിയാകുന്നേയില്ല.

മറ്റൊരു സംഭവം അങ്ങ് ‘കിളിനക്കോട്ടാ’ണ്. സുഹൃത്തിന്റെ വിവാഹത്തിനെത്തിയ കുറച്ചു പെൺകുട്ടികളുടെ കെട്ടും മട്ടുമൊന്നും ചിലർക്ക് ദഹിച്ചില്ല. ചോദ്യമായി, പറച്ചിലായി. തങ്ങൾക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വിഡിയോയിലൂടെ പങ്കുവച്ച പെൺകുട്ടികൾക്കും കമന്റായി കേൾക്കേണ്ടി വന്നത് മുട്ടൻ ചീത്തകൾ. അവസാനം കരഞ്ഞുപിഴിഞ്ഞ് ‘മാപ്പ്’വിഡിയോ പോസ്റ്റ് ചെയ്തിട്ടാണ് ആ പെൺകുട്ടികൾ തടിയൂരിയെടുത്തത്. ഇത്തരം സംഭവങ്ങൾ കാണുമ്പോൾ ആ വിഡിയോയിൽ പെൺകുട്ടികൾ പറഞ്ഞത് സത്യമാണെന്നു തോന്നിപ്പോകും, ‘‘നമ്മുടെ നാട്ടിലെന്താ നേരം തീരെ വെളുത്തിട്ടില്ലേ... ല്ലേ... ല്ലേ...’’

സ്ത്രീസ്വാതന്ത്ര്യത്തെ പറ്റി ചർച്ചകൾ പുരോഗമിക്കുമ്പോൾ, വിമൻ കലക്ടീവുകൾ സജീവമാകുമ്പോൾ, ‘തേച്ചി’ട്ടുപോകുന്ന ആണുങ്ങളെ പെൺകുട്ടികൾ തിരിഞ്ഞു നിന്ന് ചീത്ത വിളിക്കുമ്പോൾ പല ആണുങ്ങൾക്കും അതൊന്നും രസിക്കുന്നേയില്ല. അത്ര തന്റേടവും ചങ്കൂറ്റവുമൊന്നും ‘നല്ല’ പെണ്ണുങ്ങൾക്ക് ചേരില്ലെന്ന മട്ടിൽ അവരെ ചീത്ത വിളിച്ചും, അടക്കമില്ലാത്തവളെന്നു മുദ്രകുത്തിയും, അവസാനം ‘പിഴ’ ആക്കിയും ഒതുക്കാൻ ആണ് പിന്നെ അവരുടെ ശ്രമം.

22

ഇങ്ങനെയൊക്കെ പറയാമോ?

സതീശന്റെ മോനെ ചീത്ത വിളിച്ച ആ പെൺകുട്ടികൾക്ക് തിരിച്ചു കേൾക്കേണ്ടി വന്ന അസഭ്യത്തിന് കണക്കില്ലെന്നല്ല പറയേണ്ടത്, മലയാളവും സംസ്കൃതവുമില്ലെന്നാണ്. അത്ര കണ്ണുപൊട്ടുന്ന ചീത്ത. ഇതൊന്നും വേണ്ട, കാലിൽ കാൽ കയറ്റി വച്ചിരിക്കുകയോ കൈയെടുത്ത് വർത്തമാനം പറയുകയോ ചെയ്യുന്ന പെണ്ണിനെ പോലും പലർക്കും കണ്ടാൽ സഹിക്കില്ല. ജോലി ചെയ്ത് പത്തുകാശ് സമ്പാദിച്ചാൽ ‘മറ്റു’ മാർഗങ്ങളിലൂടെ പണമുണ്ടാക്കി എന്നാകും വർത്തമാനം. വിവാഹജീവിതം സഹികെട്ട് വിവാഹമോചനം ചോദിച്ചാലോ ഭർത്താവിൽ നിന്നു പിരിഞ്ഞ് സ്വന്തം കാലിൽ നിന്നാലോ, അവൾ ‘പിഴ’യുമായി.

സിനിമയിലൊന്നു ചീത്ത പറഞ്ഞതിന്റെ പേരിൽ തനിക്ക് കേൾക്കേണ്ടി വന്ന അസഭ്യത്തിന് കണക്കില്ലെന്നാണ് നടിയും മോഡലുമായ മെറീന മൈക്കിൾ കുരിശിങ്കൽ പറയുന്നത്. ‘‘ചങ്ക്സ് സിനിമയിലെ ഡയലോഗിൽ ചില വാക്കുകൾ ഉപയോഗിച്ചത് സിറ്റുവേഷൻ ആവശ്യപ്പെടുന്നത് കൊണ്ടാണ്. പ ക്ഷേ, പലർക്കും അതങ്ങ് ഇഷ്ടപ്പെട്ടേയില്ല. കുറച്ചുനാൾ മുൻപ് ഒരു ആഡ് ക്യാംപയിനു വേണ്ടി ഇവന്റ് കോ ഓർഡിനേറ്റർ വിളിച്ചു. ഷൂട്ടിങ് ലൊക്കേഷനെ കുറിച്ച് പലവട്ടം ചോദിച്ചിട്ടും ഒഴിഞ്ഞുമാറുന്നത് കണ്ട് സംശയം തോന്നിയാണ് കമ്പനിയിലേക്ക് നേരിട്ട് വിളിച്ചത്. അതോടെ ‘പറ്റിക്കൽസ്’ മനസ്സിലായി. അയാൾ മറ്റാരെയും പറ്റിക്കാതിരിക്കാൻ വേണ്ടി ചാറ്റിന്റെ സ്ക്രീൻഷോട്ട് ഫെയ്സ്ബുക്കിലിട്ടു. പക്ഷേ, അതോടെ ഞാനെന്തോ മഹാ അപരാധം ചെയ്ത പോലായി. പോസ്റ്റിനു താഴെയുള്ള ചീത്തവിളി കാരണം ഫെയ്സ്ബുക്കിൽ കയറാൻ പോലും ഇപ്പോൾ പേടിയാ. എന്നെ പറ്റിക്കാൻ നോക്കിയ ഒരാളുടെ തനിനിറം തുറന്നു കാണിച്ചതിനാണ് ഒരു പരിചയവുമില്ലാത്ത ആണുങ്ങൾ എന്നെ ചീത്ത വിളിക്കുന്നത്. എന്താ.. ല്ലേ.

എന്റെ അനുഭവത്തിൽ ചീത്ത വിളിക്കുന്നത് വല്യ സ്ട്രെസ് റിലീഫാണ്. ആരെങ്കിലും മോശമായി പെരുമാറിയാൽ പ്രതികരിക്കാതെ പോകുന്നതിന്റെ വീർപ്പുമുട്ടൽ ആലോചിച്ചു നോക്കൂ. പെട്ടെന്ന് റിയാക്ട് ചെയ്യുന്ന ആളാണ് ഞാൻ. അപ്പോൾ മിക്കവാറും നാവിൽ വരുന്നത് ചീത്തയാകും. സാഹചര്യത്തിനനുസരിച്ച് അതിന്റെ കാഠിന്യവും മാറുമെന്നു മാത്രം.’’

എന്നാൽ കേരളത്തിലെ സംസ്കാരം എല്ലാവരും വിലമതിക്കുന്നതുകൊണ്ട് പെൺകുട്ടികളായാലും ആൺകുട്ടികളായാലും ചീത്ത വിളിക്കാൻ പാടില്ല എന്നാണ് നടിയും നർത്തകിയുമായ അനു സിതാരയുടെ അഭിപ്രായം. ‘‘കുട്ടിക്കാലം മുതലേ വീട്ടിൽ പറഞ്ഞു പഠിപ്പിച്ചതാണ് ആരെയും ചീത്ത പറയരുതെന്ന്. നല്ല രീതിയിൽ സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാമെന്നിരിക്കേ എന്തിനാണ് ചീത്ത വിളിക്കുന്നത്. പക്ഷേ, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുകയും വേണം. പ്രശ്നങ്ങൾ പരിഹരിക്കാൻ പുരുഷന്മാരുടെ സഹായം തേടുന്നതിൽ യാതൊരു തെറ്റുമില്ല. അങ്ങോട്ടു കൊടുക്കുന്ന ബഹുമാനം തിരിച്ചും കിട്ടുമെന്നാണ് അനുഭവം.’’ പക്ഷേ, എപ്പോഴും അങ്ങനെ ബഹുമാനം കിട്ടിയില്ലെങ്കിലോ ?

11

മത്സരിക്കാനല്ല, ജീവിക്കാനാണ്

ഒരു പെണ്ണ് സ്വന്തം വണ്ടിയെടുത്ത് റോഡിലേക്കിറങ്ങിയാൽ വരെ ചിലർക്ക് സമാധാനം നഷ്ടപ്പെടും. അവൾ ഓടിക്കുന്ന വാഹനം തങ്ങളെ ഓവർടേക്ക് ചെയ്യുമോ എന്നാണ് പേടി. ആ പേടി കൊണ്ടാകും പലരും വണ്ടിക്ക് സൈഡ് പോലും ത രില്ലെന്നു പറഞ്ഞത് കോട്ടയത്ത് ബാങ്ക് ജീവനക്കാരിയായ നിഷയാണ്.

‘‘എന്തിനും ഏതിനും ഭർത്താവിനെ ആശ്രയിച്ചു മടുത്തതു കൊണ്ടാണ് മക്കളെ സ്കൂളിൽ വിടാനും ഓഫിസിലേക്കുമൊക്കെ സ്ത്രീകൾ ടൂവീലറെടുത്ത് റോഡിലിറങ്ങിയത്. എന്നാൽ വണ്ടിയോടിക്കുന്നത് ഒരു പെണ്ണാണെന്നു കണ്ടാൽ പല ആണുങ്ങളും സൈഡ് തരില്ല. എങ്ങാനും ഓടിച്ചു മുന്നിൽ കയറിയാലോ, പരാക്രമം പാഞ്ഞ് ഹോണ ടിച്ച് ഓവർടേക്ക് ചെയ്യും.

അതിനു ശേഷം സൈഡ് മിററിലൂടെ നോക്കി ഒരു ചിരിയുണ്ട്. അതു കണ്ടാൽ അവർ ഹിമാലയൻ റാലിയിൽ ഫസ്റ്റ് പ്രൈസ് വാങ്ങി വരുവാണെന്ന് തോന്നും. ബസ്സിലും മറ്റും തൂങ്ങി വൈകി വരുന്നതിന്റെ വിഷമം കൊണ്ടാണ് സ്വന്തം വണ്ടിയിലിങ്ങനെ പായുന്നത്. പത്തു മിനിറ്റെങ്ങാനും താമസിച്ചാൽ മറുപടി പറയേണ്ടി വരില്ലേ. അപ്പോഴാണ് ഇത്തരം അപമാനങ്ങൾ നേരിടേണ്ടി വരുന്നത്.’’

33

അസമയത്ത് എന്താ കാര്യം ?

പതിവായി വീട്ടിലെത്തുന്ന സമയമൊക്കെ പെണ്ണിനു മാത്രമുള്ളതാണ്. അത്താഴം ഒരുക്കണം, കുട്ടിയെ പഠിപ്പിക്കണം... വീട്ടിലെത്തിയാലും നൂറുകൂട്ടം പണിയുണ്ട്. വൈകി യാത്ര ചെയ്യാനും പല സ്ത്രീകളും മടിക്കും. അതുപക്ഷേ, ‘ഈ സമയത്ത് എന്താ ബിസിനസ്’ എന്ന മട്ടിലുള്ള ചൂഴ്ന്നുനോട്ടങ്ങളെ ഭയന്നു കൂടിയാണ്.

സമുദായത്തിന്റെ വിലക്കുകൾ മറികടന്ന് നൃത്തമെന്ന ഇ ഷ്ടത്തിനു പിന്നാലെ പോയപ്പോൾ പോലും ആണിന്റെ സദാചാരനോട്ടത്തിന്റയത്ര വേദന തോന്നിയിട്ടില്ലെന്ന് നർത്തകിയായ വി.പി. മൻസിയ പറയുന്നു. ‘‘കോളജിൽ പഠിക്കുന്ന കാലത്താണ് ഈ തോന്നൽ ആദ്യമുണ്ടായത്. ഡാൻസ് പ്രോഗ്രാമിനു വേണ്ടി കോളജിലോ മറ്റോ നിൽക്കേണ്ടി വന്നാൽ അൽപം വൈകിയാകും ബസിൽ നാട്ടുമ്പുറത്തെ അങ്ങാടിയിൽ വ ന്നിറങ്ങുക. അന്നേരം ‘ഇത്ര വൈകി ഇവൾ എവിടെ പോയിട്ട് വരികയാ...’ എന്ന മട്ടിൽ ആളുകളുടെയൊരു നോട്ടമുണ്ട്. എന്റെയൊപ്പം പഠിക്കുന്നതോ എന്റെ പ്രായത്തിലുള്ളതോ ആയ ആ ൺകുട്ടികൾ മുന്നിലോ പിന്നിലോ ഉണ്ടെങ്കിലും അവരോടൊന്നും ഈ നോട്ടമില്ലെന്നതാണ് അദ്ഭുതം.

അടുത്തിടെയും ഒരു അനുഭവമുണ്ടായി. എംഫിൽ ചെയ്യുന്നതിനൊപ്പം തിരുവനന്തപുരത്ത് രാജശ്രീ വാരിയരുടെ കീഴിൽ ഭരതനാട്യം പഠിക്കുന്നുമുണ്ട്. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് ഓടിപ്പിടിച്ച് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ടിക്കറ്റ് കിട്ടിയില്ല. പിന്നെ, ബസ് തന്നെ ശരണം. രാത്രി മലപ്പുറത്തേക്ക് പുറപ്പെട്ട ബസ്സിലെ ഏക സ്ത്രീ യാത്രക്കാരി ഞാനായിരുന്നു. മറ്റുള്ളവരുടെ നോട്ടത്തിനു മുന്നിൽ ഉരുകിയിരുന്നപ്പോൾ നേരത്തേ ട്രെയിൻ ടിക്കറ്റെടുക്കാൻ തോന്നാതിരുന്ന നിമിഷത്തെ ശപിക്കുകയായിരുന്നു.’’

മൻസിയയ്ക്ക് രാത്രിയിലെ ബസ് യാത്രയാണ് നോവു സമ്മാനിച്ചതെങ്കിൽ തിരൂർ തുഞ്ചത്തെഴുത്ത്ചഛൻ മലയാള സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയായ എ.ടി. ലിജിഷയ്ക്ക് ഒരു പകൽയാത്രയാണ് പാരയായത്. ‘‘കെഎസ്ആർടിസി ബസിലെ യാത്രയ്ക്കിടെ ജനറൽ സീറ്റിലിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. തിരക്ക് കൂടിയപ്പോൾ എഴുന്നേറ്റു കൊടുക്കണമെന്നായി. തർക്കമായപ്പോൾ തൊട്ടടുത്ത സീറ്റിലേക്കിരുന്ന പുരുഷൻ അപമര്യാദയായി പെരുമാറുമെന്ന് സൂചന കിട്ടിയിട്ടാണ് നടുവിൽ ബാഗ് വച്ച് പ്രതിരോധിച്ചത്.

അയാൾ ബലമായി ബാഗെടുത്ത് മാറ്റാൻ ശ്രമിച്ചതോടെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. പിന്നാലെ ഫെയ്സ്ബുക്കിൽ പോസ്റ്റുമിട്ടു. പോസ്റ്റിനു താഴെ വന്ന് ആ ളുകൾ ചീത്തവിളിയായി. എന്നെ സപ്പോർട്ട് ചെയ്ത ആണുങ്ങൾക്ക് അവർ പുതിയ പേരു പോലുമിട്ടു, ‘പാവാട.’ ഇപ്പോഴും പുരുഷനിരിക്കുന്ന സീറ്റിനടുത്ത് ഒഴിവുണ്ടെങ്കിലും ഇരിക്കാൻ പെണ്ണുങ്ങൾക്ക് മടിയാണ്. അഥവാ, ഒരു പെണ്ണ് ഇരുന്നാലോ, അവളെ എഴുന്നേൽപിച്ചു വിടാതെ ആർക്കും സമാധാനമുണ്ടാകില്ല.’’

44

തേപ്പിന്റെ മുഖം മാറി

കുറച്ചുനാൾ മുൻപ് വൈക്കത്തുകാരിയായ ആഗ്ര സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തു, പറ്റിച്ച കാമുകനെ വിവാഹവേദിയിലെത്തി തല്ലുമെന്ന്. ആ കാമുകനെ സോഷ്യൽ മീഡിയ തിരയാൻ തുടങ്ങിയതിനു പിന്നാലെയാണ് ട്വിസ്റ്റ്. ദിവസം കഴിയുന്തോറും കാമുകന്മാരുടെ എണ്ണം കൂടിക്കൂടി വന്നു. ഇരിക്കപ്പൊറുതി കിട്ടാതിരുന്ന ആണുങ്ങളെല്ലാം കാമുകനാണെന്നു പറഞ്ഞ് ആഗ്രയ്ക്ക് മറുപടി വിഡിയോ പോസ്റ്റ് ചെയ്യാൻ തുടങ്ങി.

ഇങ്ങനെ വിഡിയോ ഇടാൻ പെൺകുട്ടികൾ ധൈര്യപ്പെട്ടതോടെ ആണുങ്ങൾ ഒന്നു പേടിക്കേണ്ട കാലമായെന്ന് നടി സ്വാസിക പറയുന്നു. ‘‘കാലാകാലങ്ങളായി ആൺകുട്ടികളായിരുന്നു പ്രണയിച്ചു പറ്റിച്ചിരുന്നത്. പക്ഷേ, ആൺകുട്ടിയെ പെൺകുട്ടി ഇട്ടേച്ചുപോകാൻ തുടങ്ങിയതോടെ ‘തേപ്പ്’ എന്ന പുതിയ വാക്കുതന്നെ വന്നു. ‘തേപ്പ്’ കിട്ടിയാൽ പഴയ പെൺകുട്ടികൾ കരഞ്ഞുകരഞ്ഞു തേഞ്ഞുപോകുമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ പെൺകുട്ടികൾ അങ്ങനെയല്ല. തേച്ചിട്ടു പോയ ചെക്കനോട് ‘നീ പോയാൽ പുല്ലാടാ...’ എന്ന് അവനെ തന്നെ ടാഗ് ചെയ്ത് പോസ്റ്റ് ഇടും. വിശ്വസിക്കുന്ന പുരുഷനിൽ നിന്ന് ‘ഹോപ്’ നഷ്ടപ്പെടുത്തുന്ന പ്രവൃത്തിയുണ്ടായാൽ ഇന്നത്തെ പെൺകുട്ടികൾ പ്രതികരിക്കും. ഇനിയിപ്പോ വർഷങ്ങൾക്കു മുൻപ് തേച്ചിട്ടു പോയതാണെങ്കിലും ‘#മീടൂ...’ പോലെയൊരു വെളിപ്പെടുത്തൽ വന്നാൽ തീർന്നില്ലേ?. അതുകൊണ്ട് ആൺകുട്ടികളായാലും പെൺകുട്ടികളായാലും റിലേഷനിൽ പെടും മുൻപും റിലേഷൻ വിടും മുൻപും രണ്ടുവട്ടം ചിന്തിക്കണേ.’’

ഇതാണോ ‘നല്ല’ കൂട്ടുകാരി?

പ്രണയത്തിൽ മാത്രമല്ല, പെരുമാറ്റത്തിലും പെൺകുട്ടികൾക്ക് അവരറിയാത്ത വിലക്കുകളുണ്ടെന്ന് തിരുവനന്തപുരത്ത് ഐടി ജീവനക്കാരിയായ മേഘ പറയുന്നു. ‘‘ചുരിദാറിനോ ബ്ലൗസിനോ ഇടയിലൂടെ ബ്രായുടെ വള്ളി പുറത്തു കണ്ടാൽ ചിലർക്ക് ഇറിറ്റേഷൻ വരും. അപ്പോൾ സ്ലീവ് ലെസ് ഇട്ടാലത്തെ കാര്യം പറയണോ? ഐടി ആയതുകൊണ്ട് മിക്കപ്പോഴും ടീം ലീഡ് മാറി വരും. പെണ്ണുങ്ങൾ ടീം ലീഡ് ആകുമ്പോൾ ബോസിനെ മറ്റെന്തോ തരത്തിൽ തൃപ്തിപ്പെടുത്തിയെന്നൊക്കെ അടക്കം പറയും ചിലർ. ലേഡി ടീം ലീഡിന്റെ നിർദേശങ്ങൾ അനുസരിക്കാൻ മടിയുള്ളവരെയും നേരിട്ടറിയാം. ഒറ്റയ്ക്ക് ഫ്ലാറ്റെടുത്ത് താമസിക്കുന്നവരെ കുറിച്ചൊക്കെ ഗോസിപ്പ് ഉറപ്പാ. ഇതൊന്നും മൈൻഡ് ചെയ്യാതെ നടന്നാലോ, ‘പിഴ’യായി.

കൊളീഗിന്റെ ദ്വയാർഥ കമന്റിന് അതേ അർഥത്തിൽ മറുപടി കൊടുത്ത കൂട്ടുകാരിയുടെ അനുഭവം കൂടി പറയാം. അങ്ങനെ എന്തെങ്കിലും കേട്ടാലും മനസ്സിലാകാത്തതു പോലെ ഇരിക്കണമെന്നും മറുപടി പറയുകയേ ചെയ്യരുതെന്നും കൂട്ടത്തിലുള്ള സീനിയർ ചേച്ചി ഉപദേശിച്ചുവിട്ടു. ആണുങ്ങളെ പ്രകോപിപ്പിക്കാതെ, പാവത്തം ചമഞ്ഞിരിക്കുന്ന പെണ്ണുങ്ങളെയാണത്രേ എല്ലാവർക്കുമിഷ്ടം. അപ്പോൾ അവരുടെയെല്ലാം ‘നല്ല’ ഫ്രണ്ടായി ഇരിക്കാം. നമ്മുടെ ധൈര്യം ഈ ആണുങ്ങൾക്ക് അത്ര ഇഷ്ടമില്ലെന്നേ.’’

ഒച്ച ഉയർത്തിയാൽ പെണ്ണിന്റെ കരണത്തടിക്കുന്ന ആണുങ്ങൾ ഇന്നു സിനിമയിൽ പോലുമില്ല. വരച്ച വരയിൽ നിർത്തുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്നത്തെ പെൺകുട്ടികൾക്കറിയാം എവിടെ വരയ്ക്കണമെന്ന്. എന്തു വൃത്തികേട് പറഞ്ഞാലും ചെയ്താലും പ്രതികരിക്കാത്ത വിഡ്ഢിക്കുട്ടികളെ മഷിയിട്ടുനോക്കിയാലും ഇനി കിട്ടിയെന്നും വരില്ല. മുഖത്തു നോക്കി മറുപടി പറയുന്ന, എന്നാൽ മാന്യത വിട്ടു പെരുമാറാൻ ഒട്ടും ഇഷ്ടമില്ലാത്ത ‘അഭിമാനിനി’കളുടെ കാലമാണിത്. അ തുകൊണ്ട് പ്രിയപ്പെട്ട ആണുങ്ങളേ, പ്രതികരിക്കുന്ന പെണ്ണിനെ കണ്ടാൽ ‘വാലു മുറിഞ്ഞിട്ട്’ കാര്യമില്ല. അവർക്കുള്ള സ്േപസ് കൂടി സ്വന്തം ജീവിതത്തിൽ ഒരുക്കിനോക്കൂ. പുതിയ പ്രകാശം നിറയുന്നതു കാണാം. എന്താ, മാറുകയല്ലേ?