Wednesday 17 July 2019 12:04 PM IST : By സ്വന്തം ലേഖകൻ

അച്ഛനും അമ്മയും തമ്മിൽ എന്നും വഴക്കാണ്; ജീവിതം മടുത്തു, മരിക്കാന്‍ അനുവദിക്കണം! രാഷ്ട്രപതിയ്ക്ക് കത്തെഴുതി 15 വയസ്സുകാരൻ

boy-depressed-image12

അച്ഛനും അമ്മയും തമ്മിൽ എന്നും വഴക്കാണ് അതുകൊണ്ട് ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി 15 വയസ്സുകാരൻ. രാഷ്ട്രപതിയ്ക്കാണ് തന്റെ ദുരവസ്ഥ വിവരിച്ചുകൊണ്ട് കുട്ടി കത്തെഴുതിയത്. ജാർഖണ്ഡ് സ്വദേശിയായ ആൺകുട്ടിയുടെ അച്ഛൻ ഗ്രാമവികസന വകുപ്പിൽ ജീവനക്കാരനാണ്. അമ്മ ബിഹാറിലെ പാട്‌നയിലെ ഒരു ബാങ്കിൽ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്നു.

ബാല്യകാലം തൊട്ടേ മുത്തച്ഛനൊപ്പമായിരുന്നു കുട്ടിയുടെ താമസം. മുത്തച്ഛനും ബന്ധുക്കളും ചേർന്ന് സ്വന്തം അമ്മയെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് തന്നെ വേദനിപ്പിക്കുന്നതായി കുട്ടി കത്തിൽ പറയുന്നു. ഇപ്പോൾ അച്ഛനോടൊപ്പമാണ് താമസം. അമ്മയുടെ പേരു പറഞ്ഞ് ചിലര്‍ അർബുദ രോഗിയായ അച്ഛനെ പരിഹസിക്കുന്നതായും കുട്ടി വെളിപ്പെടുത്തുന്നു.

വിവാഹേതര ബന്ധത്തിന്റെ പേരിൽ മാതാപിതാക്കൾ വേർപിരിഞ്ഞതും അവനെ വേദനിപ്പിക്കുന്നുണ്ട്. അച്ഛനും അമ്മയും നിരന്തരം വഴക്കിടുന്നത് തന്റെ പഠനത്തെ ബാധിക്കുന്നതായി അവന്‍ കത്തില്‍ പറയുന്നു. ഇങ്ങനെ ജീവിക്കുന്നതിൽ താൽപര്യമില്ലെന്നും തന്റെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നുമാണ് കുട്ടി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടു മാസം മുൻപ് അയച്ച കത്താണെന്നാണ് ലഭിക്കുന്ന വിവരം. കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ഫോര്‍വേ‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശിച്ചിട്ടുണ്ട്. 

Tags:
  • Spotlight