Saturday 05 June 2021 01:20 PM IST : By സ്വന്തം ലേഖകൻ

ഭര്‍ത്താവ് കോവിഡ് പൊസിറ്റീവ്, കുഞ്ഞിന് മുലപ്പാല്‍ നിര്‍ത്തി പൊടിപ്പാല്‍ നല്‍കിയ അമ്മ: ഡോക്ടറുടെ മറുപടി

dr-sunil-feed-db

കോവിഡ് പോസിറ്റീവായ ഭര്‍ത്താവുമായി പ്രൈമറി കോണ്ടാക്റ്റുള്ള മുലയൂട്ടുന്ന അമ്മ. അവര്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തിയ സംഭവം ചൂണ്ടിക്കാട്ടുകയാണ് ഡോ. സുനില്‍ പികെ. കോവിഡ് ബാധിതയായ അമ്മയ്ക്ക് പോലും തന്റെ കുഞ്ഞിനെ മുലയൂട്ടാം എന്ന വസ്തുത നിലനില്‍ക്കേ ഇത്തരം രീതികള്‍ നിലനില്‍ക്കുന്നതിലെ സാംഗത്യവും പലരുടേയും അജ്ഞതയുയാണ് ഡോ. സുനില്‍ ചൂണ്ടിക്കാട്ടുന്നത്. 

മാതൃത്വത്തിന്റെ പൂര്‍ണത മുലയൂട്ടലില്‍ ഒന്നുമല്ല.പക്ഷേ തന്റെ കുഞ്ഞിനെ മുലയൂട്ടാന്‍ ആഗ്രഹിക്കുന്ന ഒരമ്മയ്ക്ക് യുക്തിസഹമല്ലാത്ത കാരണങ്ങളാല്‍ അത് നിഷേധിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഡോ. സുനില്‍ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

"കുഞ്ഞിന് മുലപ്പാൽ മാത്രം അല്ലേ കൊടുക്കണത്?"

തുടർച്ചയായ തികട്ടലാണ് നാൽപ്പത്തിയാറ് ദിവസം പ്രായമായ തന്റെ കുഞ്ഞിന് എന്നു പറഞ്ഞ് ക്ലിനിക്കിലെത്തിയ അമ്മയോട് ചോദിച്ചു.

"അല്ല, പൊടിപ്പാലാണ് കൊടുക്കണത്"

"എന്തേ അങ്ങനെ ...?" എന്ന ചോദ്യത്തോടെ അവരെ നോക്കിയപ്പോഴാണ് ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടത്.

" പ്രസവിച്ച് അഞ്ചാറ് ദിവസം മുലപ്പാല് കൊടുത്തു "

"പിന്നെ എന്തു പറ്റി ?"

"പിന്നെ എന്റെ ഹസ്ബന്റ് കോവിഡ് പോസറ്റീവ് ആയി.അപ്പോ ഞാൻ പ്രൈമറി കോണ്ടാക്ട് ആയല്ലോ. കുഞ്ഞിന് അതോണ്ട് മുലപ്പാൽ കൊടുക്കേണ്ട എന്ന് ആശുപത്രിക്കാര് പറഞ്ഞു. കൊറച്ചൂസം കഴിഞ്ഞ് നോക്കിയപ്പോ മുലപ്പാൽ ഇല്ലാണ്ടായി "

കൊച്ചിയിലെ എണ്ണപ്പെട്ട ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഈ കുഞ്ഞിന്റെ ജനനം.

ലോകാരോഗ്യ സംഘടനയും ശിശുരോഗ വിദഗ്ധരുടേയും ഗൈനക്കോളജിസ്റ്റുകളുടേയും പ്രൊഫഷണൽ ബോഡീസും എല്ലാം നിർദ്ദേശിക്കുന്നത് കോവിഡ് ബാധിതയായ അമ്മയ്ക്ക് പോലും തന്റെ കുഞ്ഞിനെ മുലയൂട്ടാം എന്നാണ്.

അപ്പോഴാണ് ഇങ്ങനെയും ഓരോന്ന് സംഭവിക്കുന്നത്.

മാതൃത്വത്തിന്റെ പൂർണത മുലയൂട്ടലിൽ ഒന്നുമല്ല.പക്ഷേ തന്റെ കുഞ്ഞിനെ മുലയൂട്ടാൻ ആഗ്രഹിക്കുന്ന ഒരമ്മയ്ക്ക് യുക്തിസഹമല്ലാത്ത കാരണങ്ങളാൽ അത് നിഷേധിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്.

അതിനേക്കാൾ കഷ്ടം ആ കുഞ്ഞിന് അമ്മയുടെ മുലപ്പാൽ നിഷേധിക്കപ്പെട്ടതാണ്.

എന്തായാലും ഈ വിഷയങ്ങളെപ്പറ്റി ക്ലബ് ഹൗസിൽ ഇന്ന് വൈകീട്ട് ഇൻഫോക്ലിനിക് ക്ലബ്ബിൽ നമുക്ക് സംവദിക്കാം.

ലിങ്ക് ആദ്യ കമന്റ് ആയി ചേർത്തിട്ടുണ്ട്.

PK