Monday 10 September 2018 02:37 PM IST : By സ്വന്തം ലേഖകൻ

വധുവിന്റെ അമിത വാട്‌സ്ആപ്പ് ഉപയോഗം; മുഹൂര്‍ത്തത്തിന് തൊട്ടുമുൻപ് വിവാഹത്തില്‍ നിന്നും പിന്മാറി വരൻ!

marriage-whatsaap

വധുവിന്റെ അമിതമായ വാട്‌സ്ആപ്പ് ഉപയോഗം മൂലം മുഹൂര്‍ത്തത്തിന് തൊട്ടുമുൻപ് വിവാഹത്തില്‍ നിന്നും പിന്മാറി വരനും കൂട്ടരും. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം നടന്നത്. പെൺകുട്ടി അമിതമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു എന്നാണ് വരനും വരന്റെ കുടുംബവും ആരോപിക്കുന്നത്. വരന്റെ ബന്ധുക്കളുടെ നമ്പറിലേക്ക് വിവാഹത്തിന് മുൻപ് തന്നെ പെണ്‍കുട്ടി വാട്സ്ആപ്പില്‍ സന്ദേശങ്ങൾ അയച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

സെപ്റ്റംബര്‍ അഞ്ചിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഈ ദിവസം വിവാഹവേദിയില്‍ വരനെയും വീട്ടുകാരെയും കാത്തിരിക്കുകയായിരുന്നു വധുവും ബന്ധുക്കളും. എന്നാല്‍ മുഹൂര്‍ത്തത്തിന് സമയമടുത്തിട്ടും വരനും കൂട്ടരും എത്തിയില്ല. തുടര്‍ന്ന് വധുവിന്റെ പിതാവ് വരന്റെ പിതാവിനെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ പെണ്‍കുട്ടി അമിതമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും, അതുകൊണ്ട് തങ്ങള്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്നും ഇവര്‍ അറിയിച്ചു.

എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ആരോപണം നിഷേധിച്ചു. സ്ത്രീധനത്തെ ചൊല്ലിയുളള പ്രശ്നം കാരണമാണ് ഇവര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വധുവിന്റെ വീട്ടുകാര്‍ പറയുന്നത്. സ്ത്രീധനമായി 65 ലക്ഷം രൂപ വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു, പണം നല്‍കാത്തതിനാലാണ് അവസാന നിമിഷം വരൻ പിന്‍മാറിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ഉറോജ് മെഹന്ദി പറയുന്നു. ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.