ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ലൈംഗിക പീഡന കേസില്‍ കുറ്റാരോപിതനായ എം. മുകേഷ് എം.എല്‍.എരാജി വയ്ക്കേണ്ടെന്ന സിപിഎം നേതാക്കളുടെ വാദം തള്ളി വൃന്ദ കാരാട്ട്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചില്ലെന്ന ഇ.പി.ജയരാജന്‍ അടക്കമുള്ളവരുടെ നിലപാടിനാണ് വിമര്‍ശനം. അവര്‍ ചെയ്തു നമ്മളും എന്ന വാദം തെറ്റാണ്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചില്ലെന്ന നിലപാടിനെയാണ് വൃന്ദ കാരാട്ട് വിമര്‍ശിച്ചത്. മുകേഷിനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും പാർട്ടി വെബ്സൈറ്റിലെ ലേഖനത്തില്‍ ബൃന്ദ നിലപാട് വ്യക്തമാക്കി. 'അവര്‍ ചെയ്തതു കൊണ്ട് ഞങ്ങളും ചെയ്തു'വെന്ന രീതിയിലുള്ള പ്രയോജനരഹിതമായ വാദത്തില്‍ പിടിച്ച് തൂങ്ങരുതെന്നാണ് ലേഖനത്തില്‍ ബൃന്ദ വ്യക്തമാക്കുന്നത്.കുറ്റാരോപിതരെ സംരക്ഷിക്കുന്നുവെന്ന കോൺഗ്രസ് വാദത്തിന് മറുപടിയാണ് മുകേഷിനെതിരായ കേസെന്നും സിപിഎം ദേശീയ നേതൃത്വത്തിലെ വനിതാ നേതാവ് ചൂണ്ടിക്കാട്ടി.
ഇതിനിടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടു മുകേഷിന്‍റെ രാജിക്കാര്യം ആവശ്യപ്പെട്ടു. രാജിക്കായി മുന്നണിക്കുള്ളിൽനിന്നുപോലും സമ്മർദം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പൊലീസ് സുരക്ഷയില്‍ മുകേഷ് തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് ഇറങ്ങി. കൊച്ചിയിലേക്കെന്നാണ് സൂചന.
മുകേഷിന് താൻ അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓർമയില്ലെന്നും ഇമെയിൽ മുകേഷിന്റെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറി ആണെന്നും പരാതിക്കാരി. മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാം എന്നു താൻ പറഞ്ഞകാര്യം സത്യമാണെന്നും അവർ പറഞ്ഞു. ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
മുൻകൂർ ജാമ്യം തേടി കോടതിയിൽ നടനും എംഎൽഎയുമായ മുകേഷ് സമർപ്പിച്ച തെളിവുകൾ നിഷേധിച്ചാണ് ആലുവ സ്വദേശിനിയായ പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. ‘‘2009ൽ ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു. ലാപ്ടോപ്പ് ഉപയോഗിക്കാൻ അറിയാത്ത ആൾക്ക് എങ്ങനെ ഞാൻ ഇമെയിൽ അയയ്ക്കും? ഞാൻ ഇമെയില്‍ അയച്ചെന്ന മുകേഷിന്‍റെ ആരോപണം കെട്ടിച്ചമച്ചതാണ്. ഒരു ഘട്ടത്തിലും ഞാൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല. കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ല. മുകേഷിന്‍റെ വീട്ടിൽ പോയിട്ടില്ല. മുകേഷിന്‍റെ വീട് ഫോട്ടോയിൽ പോലും കണ്ടിട്ടില്ല’’ – നടി പറഞ്ഞു.