Saturday 26 September 2020 06:27 PM IST

ചിത്രശലഭമാകും മുൻപേയുള്ള പ്യൂപ്പയുടെ ബ്രേക്ക് ഡാൻസ് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വരൂ, അഞ്ചാം ക്ലാസുകാരി ഗൗരിയുടെ മൈൻഡ് ട്രീയിലൂടെ നമുക്ക് പ്രകൃതിയെ കണ്ടറിയാം!

Shyama

Sub Editor

sh

‌ ‘‘ചിലയാളുകൾ വീഡിയോസ് കണ്ടിട്ട് വിളിച്ച് പറയും ഇനി ഞങ്ങൾ പ്രാണികളുടെ കൂടുകളൊന്നും തട്ടി കളയില്ല, അവ എത്ര കഷ്ടപ്പെട്ടിട്ടാണ് അതൊക്കെ ഉണ്ടാക്കുന്നതെന്ന് മോളുടെ വീഡിയോ കണുമ്പോഴാണ് ശരിക്കും മനസ്സിലാകുന്നത്... പണ്ട് ചെയ്തതോർത്ത് കുറ്റബോധം തോന്നുന്നു...’’ ഗൗരിയുടെ അച്ഛൻ അനീഷ് പറഞ്ഞ ഈ വാക്കുകളിലൂടെ തന്നെ നമുക്ക് തുടങ്ങാം... കാരണം ഇതു തന്നെയാണ് ‘മൈൻഡ്ട്രീ’ എന്ന് യൂട്യൂബ് ചാനലിലൂടെ അവർ ചെയ്യാനുദ്ദേശിച്ച ഏറ്റവും വലിയ കാര്യം– നമ്മെ പോലെ തന്നെ സഹജീവികളേയും സ്നേഹിക്കുക. അങ്ങനെ കരുണയുള്ളൊരു പുതുതലമുറയെ വാർത്തെടുക്കുക...

കുട്ടികളുടെ പല തരം യൂട്യൂബ് ചാനലുകളിൽ നിന്ന് ഈ ചാനലിനെ വ്യത്യസ്ഥമാക്കുന്നത് ഇത് പകർന്ന് തരുന്ന നമുക്ക് ചുറ്റുമുള്ള കാഴ്ച്ചകളുടെ തെളിച്ചവും, ഇമ്പമുള്ള വിവരാവതരണവും അതിലൊക്കെയുപരി ഗൗരി എന്ന് കൊച്ച് മിടുക്കിയുടെ സാന്നിദ്ധ്യവും അവൾക്ക് അവളുടെ ചുറ്റുമുള്ളതിനോടൊക്കെയുള്ള സമീപനവുമാണ്. കൊടുങ്ങലൂർ ടി.കെ.എസ്.പുരത്ത് താമസിക്കുന്ന അഞ്ചാം ക്ലാസുകാരിയായ ഗൗരിക്കുട്ടി ഇതിനോടകം തന്നെ പല കുട്ടികളുടേയും മാതാപിതാക്കുകളുടേയും ഫേവറിറ്റ് ലിസ്റ്റിലുണ്ട്.

പാമ്പുകൾ വീട്ടിൽ വന്നാൽ പോലും അവരെ തല്ലിക്കൊല്ലാതെ ‘നീ ഇവിടുന്ന് പോക്കൊളൂ’ എന്ന് പറഞ്ഞ് എടുത്ത് പുറത്തേക്ക് വിടുന്ന മുത്തശ്ശനേയും മുത്തശ്ശിയേയും ഒക്കെ കണ്ടാണ് ഗൗരി വളർന്നത്. അവരിലൂടെയാണ് ചുറ്റുപാടുമുള്ള ചെടികളേയും ജീവികളേയും ഒക്കെ സ്നേഹിക്കാനും എല്ലാത്തിനെയും കരുണയോടെ നോക്കി കാണാനും പഠിക്കുന്നത്. അച്ഛൻ അനീഷിന്റെ വീട്ടുകാരയാലും അമ്മ ജ്യോതിയുടെ വീട്ടുകാരായാലും ഇങ്ങനെ തന്നെ...

‘‘ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ പരിസരത്ത് നിന്ന് കിട്ടുന്ന കൗതുകകരമായ കാഴ്ച്ചകളാണ് നിങ്ങൾ കാണുന്നത്. ഫോണിൽ അതൊക്കെ ഷൂട്ട് ചെയ്യുന്നത് ഞാനാണ്.’’ ഗൗരിയുടെ അച്ഛൻ അനീഷ്. ‘‘നിങ്ങളീ കാണുന്ന ഓരോ വീഡിയോസും ദിവസങ്ങളും മാസങ്ങളും ഒക്കെ എടുത്ത് ഷൂട്ട് ചെയ്ത് വയ്ക്കുന്നതാണ്. പൂമ്പാറ്റയൊക്കെ മുട്ടയിടുന്നത് തൊട്ട് ചിറകു വിരിച്ച് പറന്ന് പോകുന്നത് വരെ നമ്മൾ നോക്കിയിരുന്ന് ഷൂട്ട് ചെയ്തെടുക്കും. അങ്ങനെ ഓരോന്നും. ഫോണിൽ തന്നെയാണ് പൂർണമായും വീഡിയോസ് എടുക്കുന്നത്. ഒരു മാക്രോ ലെൻസ് വാങ്ങണം എന്നൊരു ചിന്തയുണ്ട്. കുറച്ചു കൂടി തെളിമയോടെ കാഴ്ച്ചകൾ കാണിക്കാൻ സാധിക്കും.

ചില ജീവികളുടെ വീഡിയോ ഷൂട്ട് ചെയ്ത് വച്ച് അവസാന ഭാഗം ചിലപ്പോൾ കിട്ടാതെയും വരും. ഒരിക്കെ വീട്ടുമുറ്റത്തുള്ള ഒരു പ്രത്യേകതരം ചിലന്തി കൂടുകെട്ടുന്നതും ഇരപിടിക്കുന്നതും ഒക്കെ എടുത്തു. പക്ഷേ, അടുത്ത ദിവസം ഒരു മഴ പെയ്തതിനു ശേഷം ആ ചിലന്തിയെ ആ പരിസരത്തെങ്ങും കണ്ടില്ല. അതുകൊണ്ട് അതുവരെ എടുത്തതൊക്കെ അതേപടിയിരിക്കുന്നു. ഇനി അതുപോലൊന്നിനെ കണ്ടു കിട്ടിയാൽ മാത്രമേ ആ കഥ മുഴുവനാക്കാൻ പറ്റൂ... വീഡിയോയ്ക്ക് വേണ്ടി ഒരു ജീവിയേയും ഉപ്രദ്രവിക്കാറോ അതിന്റെ യഥാർഥ പരിതസ്ഥിതിയിൽ നിന്ന് മാറ്റാറോ മറ്റൊരു ജീവിയെ ഇരയായി ഇട്ടുകൊടുക്കാറോ ഇല്ല. അതല്ല ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നതും.

sgt

ഞാൻ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ധാരാളം ഡോക്യുമെന്റികൾ കാണുന്നൊരാളാണ്. ഡേവിഡ് ആറ്റെൻബറോയുടെ, ബിബിസിയുടെ , നാഷ്ണൽ ജ്യോഗ്രഫിക്കിന്റെയൊക്കെ... ഇത് കാണുമ്പോൾ വീഡിയോ പോസ് ചെയ്ത് ഗൗരിക്ക് പറഞ്ഞ് കൊടുക്കാറുമുണ്ട്. വിവരങ്ങൾ കൂടുതലറിയാൻ പല ജേണലുകൾ വായിക്കും, വിക്കിപീഡിയ നോക്കും. ഇപ്പോ ചാനൽ വന്നതിനു ശേഷം കോട്ടയം നാച്വറൽ സൊസൈറ്റി പോലെയുള്ള ഇടങ്ങളും കുറച്ച് ആളുകളുമായി ബന്ധം വന്നിട്ടുണ്ട്. എന്ത് സംശയങ്ങൾക്കും വിളിക്കാവുന്നവർ...

മൂല്യമുള്ള തലമുറയുണ്ടായി വരട്ടേ...

കൊടുങ്ങല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണ് ഗൗരി പഠിക്കുന്നത്. എല്ലാ ടീച്ചർമാരും കുട്ടികളും നല്ല പ്രോത്സാഹനം തരുന്നുണ്ട്. അവിടുത്തെ ഏഴാം ക്ലാസിലെ ഒരു മേധ ടീച്ചറുണ്ട്. ടീച്ചർ എല്ലാ ദിവസവും അവളെ വിളിക്കും. ടീച്ചറുടെ ചുറ്റുപാടുമുള്ള ജീവികളുടെ ചിത്രങ്ങളും വീഡിയോസും അയച്ച് തരും. അതു പോലെ കോഴിക്കോടുള്ള ഒരു ഡോക്ടർ ഷിംന അസീസ്, പുള്ളിക്കാരി പൂമ്പാറ്റകളെക്കുറിച്ചൊക്കെ വളരെ ആഴത്തിൽ പഠിച്ച ആളാണ്. പിന്നെ നാച്വറൽ സൊസൈറ്റിയിലെ അശോകൻ മാഷ്... തുടങ്ങി കുറച്ച് പുതിയ ആളുകളും അവർ പങ്കുവയ്ക്കുന്ന വിവരങ്ങളും ഒക്കെ ചാനൽ വഴി കിട്ടിയ നേട്ടങ്ങളാണ്.

ഗൗരി വളരെ ചെറുപ്പം മുതലേ മലയാളവും ഇംഗ്ലീഷും സ്ഫുടമായി സംസാരിച്ചിരുന്നു. വീഡിയോയ്ക്ക് വേണ്ടി ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുക്കും. അത് അവൾ അവളുടെ രീതിയിലാക്കി മാറ്റുകയും ചെയ്യും. തെറ്റിയാൽ എത്ര വേണേലും തവണ അത് പറഞ്ഞ് പെർഫക്റ്റ് ആക്കാൻ അവൾക്ക് മടിയില്ല. അതുകൊണ്ടൊക്കെയാകാം ആളുകളിൽ നിന്ന് വളരെ നല്ല റെസ്പോൺസാണ് വരുന്നത്. നമ്മളിത് പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ചാണ് ചെയ്തത്. മുതിർന്നവർ കാണരുതെന്നല്ല, അവരും വേണം. എന്നിരുന്നാലും കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തിയാൽ അത് നമ്മുടെ ഭാവിയെ തന്നെ മാറ്റും. ഒരുപാട് മാതാപിതാക്കൾ ഈ വീഡിയോസ് കണ്ട് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. വെറുതേ ഫോണിൽ കളിച്ചും മറ്റും സമയം കളഞ്ഞിരുന്ന അവരുടെ മക്കൾ ഇതു കണ്ടിട്ട് കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി എന്നൊക്കെ പറയാറുണ്ട്. പറയുന്നതൊരു കുട്ടിയായതു കൊണ്ട് അവർക്ക് കൂടുതൽ കണക്റ്റ് ചെയ്യാനും സാധിക്കും എന്നും തോന്നുന്നു. അവളിലൂടെ ചിലർക്കെങ്കിലും നല്ല മാറ്റം വരുന്നു എന്നറിയുന്നതാണ് മാതാപിതാക്കൾ എന്ന നില്യിൽ ഏറ്റവും വലിയ സന്തോഷം. ഇനിയും ഇതുപോലുള്ള വീഡിയോസുമായി ഞങ്ങൾ തീർച്ചയായും നിങ്ങൾക്കൊമുണ്ടാകും...

Tags:
  • Spotlight