Thursday 15 November 2018 04:19 PM IST

ബിരിയാണി മണമുള്ള കോഴിക്കോടന്‍ പാട്ടുകാരന്‍...

Naseel Voici

Columnist

basheer

"ബഷീർക്കാ , ഒരു ഹാഫ് ബി.ബി"
"ഇവിടെ ഒരു ലൈമും പഫ്സും"
"പൊറോട്ടയും കറിയും, ബഷീർക്കാ"

   
ഫാറൂഖ് കോളേജിലെ സ്വീറ്റ് ഹോം ഹോട്ടലിൽ  രാവിലെ മുതല്‍ രാത്രിയാകും വരെ ഇങ്ങനെ നൂറു നൂറു "ബഷീർക്കാ  വിളികള്‍ മുഴങ്ങും. ഇഷ്ടമുള്ള രുചി പെട്ടെന്ന്‍ കിട്ടാന്‍ വേണ്ടി മാത്രമല്ല ഈ  വിളി, കൂടെ നല്ല പാട്ട് കേൾക്കാൻ കൂടിയാണ്. എല്ലായിടത്തും ഓടിയെത്തുമ്പോഴും, വിഭവങ്ങള്‍ സൗഹൃദത്തിന്റെ തമാശ ചേർത്ത്  വിളമ്പുമ്പോഴും, ഹോട്ടല്‍ ബഹളത്തില്‍ മുങ്ങുമ്പോഴുമെല്ലാം  ബഷീര്ക്ക  മൂളുകയായിരിക്കും ; മുഹമ്മദ്‌ റഫിയുടെയും കുമാര്‍ സാനുവിന്റെയുമെല്ലാം ഇമ്പമുള്ള ഈണങ്ങള്‍.

കോഴിക്കോടന്‍ ബിരിയാണി മണക്കുന്ന ഈ പാട്ടുകാരനെക്കുറിച്ചാണ് പറയാനുള്ളത്. ഫാറൂക്ക് കോളേജ് പരിസരത്തുള്ള വിദ്യാർത്ഥികളുടെയെല്ലാം പ്രിയങ്കരനായ "സ്വീറ്റ് ഹോമിലെ ബഷീർക്കയെ"  കുറിച്ച്.

പാട്ടുകൾക്ക്  വേണ്ടി മാത്രമായുള്ള സാമൂഹിക മാധ്യമമായ സ്മ്യൂളിലെ തിളങ്ങും താരമാണ് ഇന്ന് ബഷീർ. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന്, വീണു കിട്ടുന്ന ചെറിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇദ്ദേഹം പാടിയ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. പുതിയ പാട്ടുകൾക്കായി കാത്തിരിക്കുന്നത്  ആയിരക്കണക്കിന് സുഹൃത്തുക്കളും.

കേട്ടു കേട്ടു പാട്ടുകാരനായി...

പാട്ടിനോടുള്ള ഒടുങ്ങാത്ത ഇഷ്ടമാണ് ബഷീറിനെ പാട്ടുകരനാക്കി മാറ്റിയത്. സ്കൂളിലും തിരൂരങ്ങാടിയിലെ പ്രീഡിഗ്രി കാലത്തുമെല്ലാം ചെറിയ വേദികളില്‍ പാടുമായിരുന്നു. പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്വവുമായി ജോലിയെടുക്കാന്‍ ആരംഭിച്ചപ്പോഴും ആ ഇഷ്ടം മാറ്റി വെച്ചില്ല. പാടാന്‍ കഴിഞ്ഞില്ലെങ്കിലും പാട്ടുകള്‍ കേട്ട് കൊണ്ടേയിരുന്നു.

“ഹിന്ദി, മലയാളം, തമിഴ്, ഇംഗ്ലീഷ്...എല്ലാ ഭാഷയിലുള്ള പാട്ടുകളും കേൾക്കും . എൺപതുകളിലും തൊണ്ണൂറുകളിലും പുറത്തിറങ്ങിയ പാട്ടുകളോടാണ് കൂടുതല്‍ അറ്റാച്മെന്റ്. കുമാര്‍ സാനുവിന്റെയൊക്കെ പാട്ടുകള്‍ എത്ര കേട്ടാലും മതി വരില്ല. റാഫിയും മുകേഷും കിഷോര്‍ കുമാറും പ്രിയപ്പെട്ടവരാണ്. ഇതൊക്കെ കേട്ട് അതുപോലെ മൂളാന്‍ ശ്രമിക്കും”  - ബഷീര്‍ പാടിന്റെ വഴികള്‍ പറയുന്നു.

സോഷ്യല്‍ മീഡിയ പാട്ടുകാരന്‍


വിദ്യാർത്ഥികളുടെ  സുഹൃദ് സദസ്സില്‍ ബഷീറിന്റെ പാട്ടുകള്‍ എന്നും ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പാട്ടുകള്‍ അവതരിപ്പിച്ചതോടെ ആരാധകരുടെ എണ്ണം കൂടി. 'ബഷീര്‍ സ്വീറ്റ് ഹോം' എന്ന അക്കൗണ്ടില്‍ ലൈക്കും കമന്റും പെരുമഴയായി പെയ്യാന്‍ തുടങ്ങി.

“ആദ്യമൊക്കെ രണ്ടു ഫോണ്‍ വെച്ചായിരുന്നു പാടിയിരുന്നത്. ഒരു ഫോണില്‍ കരോക്കെ വെക്കും. അടുത്തതില്‍ റെക്കോർഡ്  ചെയ്യും. ഇപ്പൊ സ്മ്യൂള്‍ വന്നതോടെ എളുപ്പമായി. രണ്ടും ഒന്നില്‍ തന്നെ നടക്കും” – ബഷീര്‍ പറയുന്നു. “സോൾജ്യർ  സോൾജ്യർ” “ദേഖാ ഹെ പെഹലി ബാര്‍”, “ബാസിഗര്‍ ഓ ബാസിഗര്‍”...ബഷീർ പോസ്റ്റ് ചെയ്ത പാട്ടുകൾക്കെല്ലാം  ആയിരക്കണക്കിന് പ്രേക്ഷകരുണ്ട്.

പാടുന്നത് അധികവും ഹിന്ദി പാട്ടുകളായതിനാല്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള പങ്കാളികളാണ് സ്മ്യൂളില്‍ ബഷീറിനുള്ളത്. പൂജ, ജാഷ്മിന്‍ തുടങ്ങി സംഗീതം ഇഷ്ടപ്പെടുന്ന, പ്രോത്സാഹിപ്പിക്കുന്ന ഒരുപാട് സുഹൃത്തുക്കളെ ഇത് വഴി ലഭിച്ചു.

ഇംഗ്ലീഷ് പാട്ടുകളും ഹിറ്റ്


മലയാളവും ഹിന്ദിയും തമിഴും മാത്രമല്ല, സൂപ്പര്‍ ഹിറ്റായ ഇംഗ്ലീഷ് പാട്ടുകളും ബഷീറിന്റെ സ്മ്യൂള്‍ ലിസ്റ്റിലുണ്ട്. അതിന്റെ ക്രെഡിറ്റ്‌ കോളേജിലെ വിദ്യാർത്ഥി  കൂട്ടത്തിനു കൊടുക്കുന്നു ബഷീര്‍ - “കോളേജിലെ കുട്ടികളുടെ പ്രോത്സാഹനത്തിന്റെ പിൻബലത്തിലാണ് ഇംഗ്ലീഷ് പാടാന്‍ ശ്രമിച്ചത്. ബ്രദര്‍ ലൂയി, ഷേപ്പ് ഓഫ് യു തുടങ്ങിയ പാട്ടുകള്‍ മൂളാന്‍ ശ്രമിച്ചു. നല്ല പ്രതികരണമാണ് ലഭിച്ചത്”

ബ്രദര്‍ ലൂയി, ഷപ്പ് ഓഫ് യു തുടങ്ങിയ പാട്ടുകളുടെ  "ബഷീര് വേർഷൻ" പതിനായിരത്തിനടുത്ത് ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ വാട്സപ് ഗ്രൂപ്പുകളിലെ ഷെയറും.

ഇതിനൊക്കെ എവിടുന്നാ നേരം ?

പകല്‍ മുഴുവന്‍ ഹോട്ടലിലെ തിരക്കുകളുമായി ഓടുന്ന ബഷീറിന്റെ "സ്റ്റുഡിയോ ടൈം" അർദ്ധ രാത്രിയാണ്. പതിനൊന്നു മണിയോടെ  വീട്ടിലെത്തി ഭക്ഷണമൊക്കെ കഴിഞ്ഞു ബഷീർ പാട്ടുകാരന്റെ വേഷമണിയും.

“നേരമില്ലെന്നു പറഞ്ഞു മാറ്റി ഇഷ്ടങ്ങള്‍ മാറ്റി വെക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. നമ്മള്‍ ഒരുങ്ങിയിറങ്ങിയാല്‍ എല്ലാത്തിനും നേരമുണ്ടാവും. എന്റെ അധികം പാട്ടുകളും രാത്രി പതിനൊന്നിനു ശേഷമാണു പാടിയത്. പകല്‍ മുഴുവന്‍ ബിരിയാണി ഒട്ടങ്ങളല്ലേ” – ബഷീര്‍ ചിരിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ പാട്ടുകള്‍ ഹിറ്റാവുമ്പോഴും ഇഷ്ടമുള്ള പാട്ടുകള്‍ പാടി തരുമോ എന്ന് ചോദിച്ചു പ്രവാസി സുഹൃത്തുക്കള്‍ളടക്കം തേടിയെത്തുമ്പോഴും വലിയ സ്വപ്‌നങ്ങൾ ഒന്നുമില്ല ബിരിയാണി മണക്കുന്ന ഈ പാട്ടുകാരന്. “ഉമ്മയും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെ നന്നായി നോക്കണം. ഇഷ്ടം പോലെ പാട്ട് കേൾക്കണം. പാടാന്‍ ശ്രമിക്കണം. ഇഷ്ടപ്പെടുന്നവരുടെ നല്ല വാക്ക് കേൾക്കണം...” – ചെറു ചിരിയോടെ മുഹമ്മദ്‌ റാഫിയെയും  മൂളി  ഓർഡർ  എടുക്കാന്‍ അടുത്ത ടേബിളിലെക്ക് അയാൾ നടന്നു.