Saturday 18 August 2018 02:34 PM IST : By സ്വന്തം ലേഖകൻ

ദുരിതാശ്വാസ ക്യാമ്പിൽ എമർജൻസിയായി പ്രസവം എടുക്കേണ്ടി വന്നാൽ! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

camp-woman-flood

പ്രളയത്തിൽ നിന്ന് കര കയറാനുള്ള തീവ്രശ്രമത്തിലാണ് കേരളക്കര. കഴിഞ്ഞ ദിവസം ഗർഭിണിയായ യുവതിയെ സേന രക്ഷപ്പെടുത്തിയിരുന്നു. സൈനിക ആശുപത്രിയിൽ എത്തിച്ച ഇവർ അവിടെവച്ച് ഒരു കുഞ്ഞിന് ജന്മം നൽകി. ഇത്തരം അവസ്ഥയിൽ ഒട്ടേറെ പേർ സംസ്ഥാനത്തെ വിവിധ ക്യാംപുകളിൽ കഴിയുന്നുണ്ട്. ക്യാമ്പിൽ എമർജൻസിയായി പ്രസവം എടുക്കേണ്ടി വന്നാൽ ചെയ്യേണ്ട കാര്യങ്ങളും മുൻകരുതലുകളും ചുവടെ പറയുന്നു;

വേണ്ട സാധനങ്ങൾ

1. വൃത്തിയുള്ള തുണി അമ്മയ്ക്ക് കിടക്കാനും കുഞ്ഞിനെ പൊതിയാനും
2. വെള്ളം തിളപ്പിക്കാനായുള്ള സൗകര്യം
3. പൊക്കിൾകൊടി കെട്ടാനുളള 10cm നീളമുള്ള രണ്ട്‌ ചരട്,
4. മുറിക്കാനുളള ബ്ളേഡ്/കത്തി
കത്തി വെളളത്തിൽ അരമണിക്കൂർ തിളപ്പിച്ചാൽ ശുദ്ധീകരിക്കാം

അമ്മയെ മലർത്തി കിടത്തി രണ്ടു കാലും മടക്കി കുത്തിവയ്ക്കുക. കുഞ്ഞിൻറെ തല കണ്ട് തുടങ്ങുമ്പോൾ അമ്മയോട് മുക്കാൻ പറയാം.
കുഞ്ഞ് വന്നയുടൻ തലയുൾപ്പെടെ വൃത്തിയുള്ള തുണി കൊണ്ട്‌ നന്നായി പൊതിഞ്ഞ്‌ അമ്മയുടെ വയറിൽ കിടത്തുക. പൊക്കിൾകൊടി കുഞ്ഞിൻറെ അടുത്ത് നിന്നും 10cm വിട്ടു 5cm അകലത്തിൽ രണ്ട്‌ കെട്ടിട്ട്‌ ഇടയിൽ മുറിക്കാം. കുഞ്ഞിന് ഉടനെ മുലപ്പാൽ കുടിപ്പിക്കുക.
അമ്മയുടെ ശരീരത്തിൽ നിന്നും പുറത്ത്‌ നിൽക്കുന്ന പോക്കിൾകൊടിയുടെ അങ്ങേയറ്റത്തുള്ള മറുപിള്ള അര മണിക്കൂറിനകം വേർപെട്ട്‌ വരേണ്ടതാണ്‌.

മറുപിളള പുറത്ത് വരുമ്പോൾ പെട്ടെന്നുണ്ടാകുന്ന രക്‌തസ്രാവം കണ്ട്‌ ഭയക്കേണ്ടതില്ല. സ്വാഭാവികമായ സുഖപ്രസവം മാത്രമേ ഇത്തരത്തിൽ സാധ്യമാകൂ. അമ്മയ്ക്കോ കുഞ്ഞിനോ സങ്കീർണതകളുണ്ടെങ്കിൽ ആശുപത്രിയിൽ എത്തിക്കാതിരുന്നാൽ രണ്ട്‌ പേരുടേയും ജീവഹാനി സംഭവിക്കാം. റെസ്‌ക്യൂ ടീമുമായി ബന്ധപ്പെട്ട്‌ ഡോക്‌ടറുടെ സേവനം ഉറപ്പ്‌ വരുത്തൽ നിർബന്ധമാകും. എത്ര ആരോഗ്യമുള്ള അമ്മയും കുഞ്ഞുമാണെങ്കിലും ക്യാമ്പിൽ നിന്നും പുറത്തെത്തിയാൽ ഉടൻ രണ്ടുപേരെയും ഡോക്‌ടറെ കാണിക്കുക. സഹായം ആവശ്യമായി വന്നാൽ നിർദ്ദേശങ്ങൾക്കായി 8547654608 ലേക്ക് വിളിക്കാം. ദയവായി ഈ നമ്പർ ദുരുപയോഗം ചെയ്യരുത്.

എഴുതിയത്: Dr. Divya Jose, CIMAR COCHIN Hospital