Monday 08 April 2019 05:05 PM IST

വിശന്നിരിക്കേണ്ട, കല്യാണസദ്യ കഴിക്കാം; രണ്ടുമണി കഴിഞ്ഞാൽ ഇവാനിയോസിലെ പിള്ളേർക്ക് മാത്രം ഫുഡ് ഫ്രീ!

Nithin Joseph

Sub Editor

campus4246

‘തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെയ്ഞ്ചില്ലാതെ തുടരുന്നത് എന്താണെന്ന് ചോദിച്ചാൽ, പ്രിൻസിപ്പലിന്റെ ഓഫിസിലെ ഷെൽഫിലിരിക്കുന്ന മുട്ടൻ ട്രോഫി കാണിച്ചുതരും പിള്ളേര്. കേരള സർവകലാശാലാ കലോത്സവത്തിലെ ഓവർ ഓൾ ചാംപ്യൻസിനുള്ള എവർറോളിങ് ട്രോഫിയാണ് ഷെൽഫിൽ ചിരിച്ചോണ്ട് ഇരിക്കണത്. കുറേയേറെ വർഷങ്ങളായി ആ ട്രോഫിയുടെ സ്ഥാനം ഇവിടെയാണ്. കൊതി തീരെ അതിലൊന്ന് തൊടാനുള്ള ചാൻസ് വേറൊരു കോളജിനും കൊടുക്കില്ലെന്ന വാശിയാണ് ഇവർക്ക്. കലോത്സവം നടക്കുന്ന ഒരാഴ്ചക്കാലത്തേക്ക് മാത്രം കപ്പ് പൊതുമുതലാകും. അത് കഴിഞ്ഞാൽ കപ്പ് വീണ്ടും സ്വകാര്യസ്വത്ത് തന്നെ.

കലാരംഗത്തെ പ്രമുഖരുടെ നീണ്ട ലിസ്റ്റ് ഉഴുതുമറിച്ചിട്ട ക്യാംപസിൽ പാട്ടിനും കൂട്ടിനും പഞ്ഞമില്ല. മാർ ഇവാനിയോസ് കോളജിനു സ്വന്തമായി കുറേയധികം ബാൻഡുകളുണ്ട്. ഇപ്പോഴത്തെ റോക്സ്റ്റാർസ് ‘സുന്ദരി’ ബാൻഡാണ്.

ഇംഗ്ലിഷ് ഡിപാർട്മെന്റിലെ അലക്സും അശ്വതിയും അഖിലും ശ്രുതിയും മരിയയുമെല്ലാം ചേർന്ന് തുടക്കം കുറിച്ച ബാൻഡ് കോളജിനകത്ത് തുടങ്ങിയ പാട്ട് ശംഖുമുഖം ബീച്ചും കടന്നങ്ങ് പൊയ്ക്കൊണ്ടിരിക്കുകയാണ്. ‘സുന്ദരി’യെന്ന പേര് കണ്ടുപിടിച്ചത് ബാൻഡിലെ സുന്ദരിമാരിലൊരാളായ ഐശ്വര്യ..

‘സുന്ദരി’ക്ക് സ്ട്രോങ് കോംപറ്റീഷൻ കൊടുക്കാൻ സുന്ദരമായ മറ്റൊരു ബാൻഡിന്റെ പണിപ്പുരയിലാണ് സെക്കൻഡ് ഇയറിലെ ആരതിയും ആൻ മേരിയും എൽവിനും അമലുമെല്ലാമടങ്ങുന്ന ‘ഒക്റ്റഗൺ’ ബാൻഡ്. മൊത്തം എട്ടു മെംബേഴ്സ് ഉള്ളതുകൊണ്ടാണത്രേ ‘ഒക്റ്റഗൺ’ എന്ന വായിൽകൊള്ളാത്ത പേര് ഫിക്സ് ചെയ്തത്.

പ്രേമം പറയണോ? യൂണിയൻ ഉണ്ട് കൂടെ

campus31

‘അളിയാ, ഫസ്റ്റ് ഇയറിലെ ചിഞ്ചൂനെ കാണുമ്പോ ഉള്ളിലൊരു സ്പാർക്. പക്ഷേ, അവളോട് തുറന്നു പറയാൻ ഒരു പേടി.’

‘ഡേയ്, അതിനു നീയെന്തിനാ പേടിക്കുന്നത്. ഒരു ലൗ ലെറ്റർ എഴുത്. ബാക്കിയൊക്കെ യൂണിയൻ നോക്കിക്കോളും.’

ലൗ ലെറ്ററും യൂണിയനും തമ്മിലെന്ത് ബന്ധമെന്നോ? എല്ലാ വാലന്റൈൻസ് ഡേയ്ക്കും ക്യാംപസിനു മുന്നിൽ കോളജ് യൂണിയന്റെ വക ഒരു പെട്ടി വച്ചിട്ടുണ്ടാകും. ആർക്കെങ്കിലും ആരോടെങ്കിലും പ്രണയം പറയാനുണ്ടെങ്കില്‍ പ്രേമലേഖനമെഴുതി പെട്ടിയിലിട്ടാൽ മതി. ഉദ്ദേശിച്ച ആൾക്ക് ലെറ്റർ എത്തിക്കാൻ യൂണിയൻ ഉണ്ട്. കിട്ടിയ അവസരം മുതലാക്കി ടീച്ചർമാർക്ക് ലൗ ലെറ്റ‍ര്‍ എഴുതിയ മച്ചാൻമാർ പോലും ഇവാനിയോസിലുണ്ട്.

ലൗ ലെറ്ററിന്റെ പേരിൽ പണി കിട്ടിയ കഥയാണ് ജേർണലിസം വിദ്യാർഥി ഷിനോജിന് പറയാനുള്ളത്. കൂട്ടുകാർ ആരോ ഷിനോജിന്റെ പേര് വച്ച് ഫസ്റ്റ് ഇയറിലെ കുട്ടിക്കൊരു കിടിലൻ ലൗ ലെറ്റർ എഴുതി പെട്ടിയിലിട്ടു. യൂണിയൻ കത്ത് കൃത്യമായി കുട്ടിയുടെ കയ്യിലെത്തിച്ചു. ചങ്ക്സ് ഒപ്പിച്ച പണി കഥാനായകൻ അറിഞ്ഞപ്പോഴേക്കും കഥ കൈവിട്ടു പോയി. ഫസ്റ്റ് ഇയറിലെ കുട്ടിയാണെങ്കിലോ, നായകനെ ഇന്നുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.

ഐഡി കാർഡ് എവിടെ..?

‘‘ഇവാനിയോസിൽനിന്ന് പഠിച്ചിറങ്ങിയിട്ട് കാലം കു റെയായി. പഴയ ക്യാംപസിൽ ഒരുവട്ടം കൂടി പോയി നൊസ്റ്റാൾജിയ അയവിറക്കിയാലോ?’ ഈ മോഹം തോന്നിയത് സാക്ഷാൽ വിധു പ്രതാപിന്. വണ്ടിയുമെടുത്ത് നേരെ ക്യാംപസിലെത്തി. അടഞ്ഞുകിടന്ന ഗേറ്റിനു മുന്നിലെത്തി നീട്ടിയൊരു ഹോണടിച്ചതിന്റെ ഫലമായി സെക്യൂരിറ്റി മെല്ലെ തല വെളിയിലേക്കിട്ട് കാര്യം തിരക്കി. ‘ചേട്ടാ, ഞാന്‍ ഇവിടുത്തെ സ്റ്റുഡന്റ് ആയിരുന്നു. കോളജ് കാണാൻ വേണ്ടി വന്നതാണ്. ഗേറ്റൊന്ന് തുറക്കാമോ?’ വൻവരവേൽപ് പ്രതീക്ഷിച്ച വിധു പ്രതാപിനെ ഞെട്ടിച്ചുകൊണ്ട് സെക്യൂരിറ്റി ചേട്ടന്റെ മറുപടിയെത്തി. ‘സ്റ്റുഡന്റാണെങ്കിൽ കഴുത്തില് ഐഡി കാർഡുകള് വേണം. അതില്ലെങ്കിൽ ഗേറ്റുകളും മറ്റും തൊറക്കാൻ പറ്റൂല്ല.’’ ശുഭം.

കുട്ടന്മാർ പലതരം

ക്യാംപസിന്റെ സ്പന്ദനമായ ഇവാനോകുട്ടനെ അറിയില്ലേ? അതറിയണമെങ്കിൽ ക്യാംപസിൽ കേറിയാൽ മാത്രം പോര. ക്യാംപസിന്റെ സ്വന്തം ട്രോൾ പേജായ ‘ഇവാനോ ട്രോൾസി’ൽ കേറണം. ഇവാനോകുട്ടൻ ഒരു വ്യക്തിയല്ല, ഇവിടുത്തെ ട്രോളൻമാരുടെ ഭാവനയിൽ വിരിഞ്ഞ സംഭവമാണ്. സർദാർജി, ടിന്റുമോൻ എന്നിങ്ങനെ കുറേ കഥാപാത്രങ്ങൾ ഉണ്ടല്ലോ, ഇക്കൂട്ടത്തിലേക്ക് ഇവാനിയോസിലെ ട്രോളൻമാർ നൽകിയ ന്യൂജനറേഷൻ സംഭാവനയാണ് ഇവാനോകുട്ടൻ. എന്നു വച്ചാൽ, ട്രോളുണ്ടാക്കുമ്പോൾ ഇവാനിയോസിലെ വിദ്യാർഥികൾക്ക് ഇവർ നൽകുന്ന പേരാണ് ഇവാനോകുട്ടൻ. പഠിച്ചിറങ്ങിയവർ ‘പാസ്ഔട്ട് ഇവാനോകുട്ടൻ’, ഇപ്പോൾ പഠിക്കുന്നവർ ‘കറന്റ് ഇവാനോകുട്ടൻ’. ‘സീനിയർ ഇവാനോകുട്ടൻ’, ‘ജൂനിയർ ഇവാനോകുട്ടൻ’, ചുരുക്കി പറഞ്ഞാൽ, ഇവാനിയോസിലെ സ്റ്റുഡൻസെല്ലാം ഇവാനോകുട്ടൻമാരാണ്.

പിള്ളേർക്ക് മാത്രം ഫൂഡ് ഫ്രീ...

campus25

‘ഉച്ചയായി മച്ചാനേ, നിങ്ങടെ സീരിയസ് ഡിസ്കഷനൊന്ന് മതിയാക്ക്. സ്റ്റോറീസിന്റെ ക്ഷീണം തീർക്കാൻ നേരെ കാന്റീനിലോട്ട് വിട്ടേക്കാം. കാന്റീനിലാകുമ്പോ പോക്കറ്റ് കാലിയാക്കാതെ സെക്കൻസ് അടിക്കാം.’ സെക്കൻസ് എന്താണെന്ന് അറിയില്ലേ. കൂട്ടത്തിൽ ആരെങ്കിലും ഒരാൾ കാശു കൊടുത്ത് ഒരു ഊണ് വാങ്ങും. 

എന്നിട്ട് പ്ലേറ്റിനു ചുറ്റും എട്ടു–പത്തു പേരങ്ങ് വട്ടത്തിലിരിക്കും. പ്ലേറ്റിലെ ചോറ് തീർന്നാൽ ഒരു പ്രാവശ്യമേ നിറയ്ക്കാൻ പറ്റൂ. അതിനാണെങ്കിൽ വെള്ളപേപ്പറിൽ നമ്പറെഴുതിയ ടോക്കൺ കാണിക്കണം. നമ്മള് വിടുമോ, കൈയിൽ കിട്ടുന്ന പേപ്പറിൽ നമ്പറെഴുതി കാണിച്ചിട്ട് നൈസായിട്ട് ചോറു വാങ്ങി കഴിക്കും. പത്തുവട്ടം വരെ സെക്കൻസടിച്ച പ്ലേറ്റുകളുണ്ട് ഇവിടെ.

‘കഥയൊക്കെ കൊള്ളാം. പക്ഷേ, സമയം രണ്ടു മണി കഴിഞ്ഞു മക്കളേ, ഇനി കാന്റീനിൽ ഒന്നും കിട്ടില്ല. അതുകൊണ്ട് വണ്ടി നേരെ ഗിരിദീപത്തിലേക്ക് വിട്ടോ.’ കോളജിന്റെ തൊട്ടപ്പുറത്തുള്ള ഗിരിദീപം കൺവൻഷൻ സെന്ററിൽ മിക്ക ദിവസവും കല്യാണപരിപാടികൾ ഉണ്ടാകും. കോളജിലെ പിള്ളേർ അവിടെ കയറി ഫൂഡടിക്കുന്നത് സ്ഥിരം പരിപാടിയാക്കിയപ്പോൾ കൺവൻഷൻ സെന്ററിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു, രണ്ടു മണി കഴിഞ്ഞാൽ ഇവാനിയോസിലെ പിള്ളേർക്ക് മാത്രം ഫ്രീയായി ഫൂഡടിക്കാം.

വൈറലായ അവതാർ

camous43246

ടിക്ടോക്കിൽ സ്റ്റാറായവർ ഒരുപാടുണ്ട്. പക്ഷേ, ജസ്റ്റിനെപ്പോലെ കാഴ്ചക്കാരെ ഞെട്ടിച്ച് വൈറലായവർ വളരെ കുറവായിരിക്കും. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ടിക്ടോക് വിഡിയോയിൽ ഒരു സിനിമ മുഴുവൻ കാണുന്ന ഫീൽ തരും, ഈ കിടിലൻ കലാകാരൻ. ക്യാപ്റ്റൻ ജാക്ക് സ്പാരോയും ജോക്കറും കുഞ്ഞിക്കൂനനും പ്രേതവുമെല്ലാം ജസ്റ്റിന്റെ കയ്യിലെ ചെറിയ നമ്പറുകൾ പക്ഷേ, ജസ്റ്റിനെ വൈറലാക്കി മാറ്റിയൊരു വേഷമുണ്ട്, ‘അവതാർ’ സിനിമയിലെ അന്യഗ്രഹജീവി.

‘എല്ലാവരും സിനിമാ ഡയലോഗുകൾക്കൊപ്പം ചുണ്ടനക്കി വിഡിയോ ചെയ്യുമ്പോൾ നമ്മൾ എന്തെങ്കിലും വെറ്റൈറ്റിയായിട്ട് ചെയ്യണ്ടേ? അങ്ങനെ ചിന്തിച്ചപ്പോൾ തോന്നിയ ചെറിയ ഐഡിയയാണ് ഈ വേഷങ്ങൾ.’ വീടിനു സമീപമുള്ള കാട്ടിലും മേട്ടിലും റബർതോട്ടത്തിലുമെല്ലാം ഓടിച്ചാടി നടക്കുന്ന അവതാർ ഇതിനോടകം പോപ്പുലറായി മാറിയിരിക്കുന്നു. ചില്ലറ പൊടിക്കൈകൾകൊണ്ട് വമ്പൻവേഷങ്ങളിലേക്ക് മാറി ആളെ ഞെട്ടിക്കാൻ ജസ്റ്റിന് നിമിഷനേരം മതി. ഇവാനിയോസ് കോളജിലെ എം.എസ്.സി ഫിസിക്സ് വിദ്യാർഥിയാണ് ജസ്റ്റിൻ സ്കറിയ.

തയാറാക്കിയത്: നിതിൻ ജോസഫ്,  ഫോട്ടോ: ബേസിൽ പൗലോ