Monday 19 February 2018 02:04 PM IST

ക്യാംപസിനുള്ളിൽ ചുരിദാറിനൊപ്പം ഷാൾ നിർബന്ധം, ജീൻസ് ധരിക്കാൻ പാടില്ല; ആറുശതമാനം പറയുന്നത്

Roopa Thayabji

Sub Editor

campus-survey32 കോട്ടയം സിഎംഎസ് കോളജിന്റെ കൽപടവിൽ.. ഫോട്ടോ: ബേസിൽ പൗലോ

ക്യാംപസിലേക്ക് ഒരു പെൺകുട്ടി ജീൻസിട്ട് വന്നാൽ നിങ്ങൾ ഞെട്ടുമോ? ഇല്ല. പക്ഷേ, ക്യാംപസിലേക്ക് ഇനി ജീൻസിട്ട് വരരുത് എന്നു നിയമമുണ്ടായാലോ. എന്തു വിലകൊടുത്തും എതിർക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത നൂറുശതമാനം പെൺകുട്ടികളുടെയും അഭിപ്രായം. കോളജിലേക്ക് ജീൻസിട്ട് പോകുന്നതിലും കംഫർട്ടബിളായ വേഷം വേറേയില്ലെന്നാണ് പെൺകുട്ടികളുടെ പക്ഷം. എന്നാൽ ആറുശതമാനം ആൺകുട്ടികൾക്ക് പെൺകുട്ടികളെ ക്യാംപസിൽ ജീൻസ് ധരിച്ചുകാണാൻ ഇഷ്ടമേയില്ല. ചുരിദാറിനൊപ്പം ഷാൾ നിർബന്ധം, ക്യാംപസിനുള്ളിൽ ജീൻസ് ധരിക്കാൻ പാടില്ല, മുടിയിൽ പരീക്ഷണങ്ങൾക്കു നിരോധനം തുടങ്ങി ക്യാംപസിനു യാതൊരു ഡ്രസ് കോഡും വേണ്ടേ, വേണ്ടെന്നാണ് 59 ശതമാനം പേരും പറയുന്നത്.

ഷാജി പാപ്പൻ സ്റ്റൈലിൽ ഇരട്ട ഷേഡ് മുണ്ടുടുത്തും സ ൺ ഗ്ലാസ് ധരിച്ചും, തലയിൽ താജ്മഹൽ പണിയുന്നതു പോലെയുള്ള ലുക്ക് ചെയ്ഞ്ച് നടത്തിയും  ക്യാംപസിലേക്ക് വരാൻ എല്ലാവർക്കും വലിയ ത്രില്ലാണ്. ഇടയ്ക്കൊക്കെ അങ്ങനെയുള്ള പരീക്ഷണങ്ങൾ നടത്താറുണ്ടെന്നു പറഞ്ഞവർ 71 ശതമാനം. എന്നാൽ ഇക്കാര്യങ്ങളിൽ ക്യാംപസിൽ വിലക്കുണ്ടെന്നു 15 ശതമാനം പേരും  വിഷമത്തോടെ തുറന്നു പറഞ്ഞു. കുർത്തയ്ക്കൊപ്പം ഷാൾ, ടൈറ്റ് ഫിറ്റും ഫിഗർ ഹഗ്ഗിങ്ങുമായ വേഷം പാടില്ല, മിഡിക്ക് മുട്ടിനു താഴെ ഇറക്കം നിർബന്ധം തുടങ്ങിയ നിബന്ധനകൾ വയ്ക്കുന്നതിനോടു എതിർപ്പുള്ളവരാണ് മിക്ക പെൺകുട്ടികളും. 30 ശതമാനം ആൺകുട്ടികൾ ഇതിനെ അനുകൂലിക്കുന്നു. ഇത്തരം നിയന്ത്രണങ്ങളെ അനുകൂലിക്കുന്നില്ലെങ്കിലും  വസ്ത്രധാരണത്തിൽ സ്വയം നിയന്ത്രിക്കാറുണ്ട് എന്നു 49 ശതമാനം  പെൺകുട്ടികളും തുറന്നു സമ്മതിച്ചതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

camp9864

നിർബന്ധിത നിയമമൊന്നും നടപ്പാക്കിയിട്ടില്ലെങ്കിലും സീനിയേഴ്സ് ചെയ്തതു പിന്തുടർന്ന് ചുരിദാറും ഷാളുമിട്ടാണ് കോളജിലെത്തുന്നതെന്ന് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥിനിയായ അഭിരാമി എം.ആർ പറയുന്നു. ‘‘ജീൻസ് ധരിച്ചുവന്ന പെൺകുട്ടിയെ കൊണ്ട്  കോളജ് അധികൃതർ ഫൈൻ അടപ്പിച്ചു എന്നൊക്കെ കേരളത്തിനു പുറത്തെ മെഡിക്കൽ കോളജുകളെ പറ്റി കേട്ടിട്ടുണ്ട്. ഇവിടെ ചുരിദാറിനു മുകളിൽ യൂണിഫോം കോട്ട്  ധരിച്ചാണ് കുട്ടികൾ ക്ലാസിലും ആശുപത്രിയിലും കയറുന്നത്. ജീൻസ് ധരിച്ച് ക്ലാസിലേക്കോ ആശുപത്രിയിലേക്കോ പോകാറില്ല. ഇക്കാര്യത്തിൽ സർക്കുലറൊന്നും ഇറക്കിയിട്ടില്ലെങ്കിലും സീനിയേഴ്സ് ചെയ്തിരുന്നത് ഞങ്ങളും പിന്തുടരുന്നു. രോഗികളോടു ഇടപെടുമ്പോൾ ബഹുമാനം തോന്നുന്ന വേഷം വേണം എന്നതുകൊണ്ടാകാം ചുരിദാർ വേണമെന്നു വച്ചത്. പക്ഷേ, വേഷത്തിലല്ലല്ലോ, ഇടപെടലിലും കരുതലിലുമല്ലേ കാര്യം.’’

camp0908

അധ്യാപകരോടു പേടി മാത്രമല്ല സൗഹൃദവുമുണ്ടെന്നു തുറന്നുപറയുന്നു സർവേയിൽ പങ്കെടുത്ത മുഴുവൻ പേരും. സൗഹൃദമുള്ള അധ്യാപകരുടെ വിഷയം പഠിക്കാൻ താൽപര്യം കൂടുതലാണെന്നും അവരോടു കൂടുതൽ ബഹുമാനമുണ്ടാകുമെന്നും നൂറുശതമാനം പേരും അഭിപ്രായപ്പെട്ടു. പേടിപ്പിച്ചു പാഠങ്ങൾ പഠിപ്പിക്കുന്ന കാല മൊക്കെ എങ്ങോ പോയെന്നാണ് തൃശൂർ വിമല കോളജിലെ രണ്ടാംവർഷ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർഥിനി എം.എസ്. ആതിര പറയുന്നത്.

‘‘പഠനകാര്യത്തിൽ മാത്രമല്ല വ്യക്തിപരമായ പ്രശ്നങ്ങളി ൽ പോലും  പരിഹാരം കണ്ടെത്തി തരുന്ന അധ്യാപകരുണ്ട്. അവരോടു സ്പെഷൽ അടുപ്പം ഉണ്ടെന്നു മാത്രമല്ല, അവർ പഠിപ്പിക്കുന്ന വിഷയങ്ങൾ പഠിക്കാനും സ്പെഷൽ ഇഷ്ടമാണ്. സൗഹൃദം കാണിക്കുന്ന അധ്യാപകരുടെ വിഷയങ്ങളിൽ പിന്നോട്ടു പോകാതിരിക്കാൻ നമ്മൾ അറിഞ്ഞു പരിശ്രമിക്കുകയും ചെയ്യും.’’ ആതിര പറയുന്നു.   

camp8656

രാഷ്ട്രീയം പടിക്കുപുറത്ത്

ക്യാംപസിന്റെ മതിൽക്കെട്ടുകളിൽ നൂറു ചുവപ്പൻ മുദ്രാവാക്യങ്ങളെഴുതിയ കാലം പഴയ തലമുറയുടെ നൊസ്റ്റാൾജിയയായിരുന്നു. എന്നാൽ, സർഗാത്മകമായ കാര്യങ്ങളിൽ എന്നും ശക്തമായ നിലപാടുകളെടുത്തിരുന്ന രാഷ്ട്രീയത്തിന് ഇന്ന് ക്യാംപസിൽ ഇടമില്ലാതായി. ക്യാംപസ് രാഷ്ട്രീയം നിരോധിച്ചതോടെ പ്രതികരിക്കുന്നവരുടെ വിദ്യാർഥിശബ്ദം ഇല്ലാതായെന്ന് കണ്ണൂർ മാടായി കോ– ഓപറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജ് യൂണിയൻ  ചെയർമാനും മൂന്നാം വർഷ ബി.എ മലയാളം വിദ്യാർഥിയുമായ എൻ. അരുൺ കുമാർ പറയുന്നു.

‘‘റാഗിങ്ങിനെതിരേയും  വിദ്യാർഥികൾക്കിടയിൽ പടരുന്ന ലഹരിമരുന്ന് ഉപയോഗത്തിനെതിരെയുമെല്ലാം  പ്രവർത്തിക്കാൻ വിദ്യാർഥി സംഘടനകൾക്ക് കഴിഞ്ഞിരുന്നു. തെറ്റിലേക്ക് നയിക്കുന്ന ഗ്രൂപ്പുകളുണ്ടാകുമ്പോൾ അവയെ തിരുത്താൻ ക്യാംപസിലെ രാഷ്ട്രീയ സംഘടനകൾക്ക് കഴിയും. രാഷ്ട്രീയം നിരോധിച്ചതോടെ അത്തരം ഇടപെടലുകൾ ഇല്ലാതായി. മാനേജ്മെന്റ്  കോളജുകളിലാണ് ക്യാംപസ് രാഷ്ട്രീയം നിരോ ധിച്ചതിന്റെ ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത്. ഫീസ്, റാഗിങ്, വിദ്യാർഥി ആത്മഹത്യകൾ തുടങ്ങിയവ പോലും ചോദ്യം ചെയ്യാൻ നമുക്ക് ശബ്ദമില്ലാതായി.’’ അരുണിന്റെ പ്രതികരണത്തിൽ രോഷം ഇരമ്പി.

camp866442

എന്നാൽ, ക്യാംപസ് രാഷ്ട്രീയത്തിന്റെ പേരിൽ സമരവും അവധിയുമുണ്ടാകുന്നതിനോട് തിരുവനന്തപുരം എസ്‌സിടി കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഒന്നാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയായ ബി.എം. മിഥുന് എതിർപ്പാണ്. ‘‘കുട്ടികളുടെ കാര്യങ്ങൾ എറ്റവും നന്നായി അറിയാനാകുക  അവർക്കിടയിൽ പ്രവർത്തിക്കുന്ന  വിദ്യാർഥി സംഘടനകൾക്കാണ്. എന്നാലും ക്യാംപസിൽ പാർട്ടികൾ തമ്മിൽ അടിപിടിയുണ്ടാകുന്നതും  സമരത്തിന്റെയും മറ്റും പേരിൽ അവധി നൽകുന്നതും അത്ര ഇഷ്ടമുള്ള കാര്യമല്ല.’’
ക്യാംപസിൽ രാഷ്ട്രീയ ഇടപെടൽ ഗുണകരമാണെന്ന മിഥുന്റെ അഭിപ്രായം തന്നെയായിരുന്നു സർവേയിൽ പങ്കെടുത്ത 70 ശതമാനം പേർക്കും. എന്നാൽ ഇക്കാര്യത്തിൽ അഭിപ്രായമില്ലെന്നു രേഖപ്പെടുത്തിയവർ 7.5 ശതമാനം.

ഫ്ലാഷ് മോബ് ഞങ്ങൾക്കു സ്വന്തം

എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ വിദ്യാർഥിനികൾക്കെതിരേയും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്ത്രീവിരുദ്ധതയ്ക്കെതിരേ അരങ്ങേറിയ ഫ്ലാഷ്മോബിനു നേരേയും ചിലർ രംഗത്തെത്തിയിരുന്നു. ഇത്തരത്തി ൽ സദാചാര ഗുണ്ടായിസം നടത്തിയവരോട് ക്യാംപസിനു പുച്ഛമാണ്. ഫ്ലാഷ് മോബ് പോലുള്ള പുതുതലമുറ പ്രതിഷേധങ്ങളെ സർവേയിൽ പങ്കെടുത്ത 88 ശതമാനം  പേരും പിന്തുണയ്ക്കുന്നു. പക്ഷേ, നിരോധനങ്ങൾക്ക് എതിരായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നോ എന്ന ചോദ്യത്തിനു ഒരു വിഭാഗം നൽകിയ മറുപടി അദ്ഭുതപ്പെടുത്തി, തന്നെ ബാധിക്കാത്ത വിഷയങ്ങളിൽ അഭിപ്രായം പറയാനോ ഇടപെടാനോ എട്ടുശതമാനം പേർക്കും താൽപര്യമില്ല.