Friday 28 January 2022 02:57 PM IST : By സ്വന്തം ലേഖകൻ

കാനഡയിലെ കൊടുംമഞ്ഞിൽ കുരുന്നുകളും കുടുംബവും തണുത്ത് മരവിച്ചു മരിച്ചുവീണു: തിരിച്ചറിഞ്ഞ് അധികൃതർ

canada-family-death

മനസു മരവിക്കുന്ന ഒരു മരണവാർത്ത കേട്ട് ഞെട്ടുകയാണ് നാട്. കനത്ത മഞ്ഞിൽ മരവിച്ചു മരിച്ച ഇന്ത്യൻ കുടുംബത്തെ ഒടുവിൽ തിരിച്ചറിഞ്ഞു. യുഎസ്-കാനഡ അതിര്‍ത്തിക്കു സമീപമാണ് കരളുരുക്കുന്ന മരണം സംഭവിച്ചത്. . ജഗദീഷ് ബല്‍ദേവ്ഭായ് പട്ടേല്‍(39), വൈശാലിബെന്‍ ജഗദീഷ് കുമാര്‍ പട്ടേല്‍(37), വിഹാംഗി(11), ധര്‍മിക്(3) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്വദേശികളാണ് ഇവർ.

ജനുവരി 19-നാണ് യുഎസ്-കാനഡ അതിര്‍ത്തിയില്‍ നിന്ന് 12 മീറ്റര്‍ മാത്രം അകലെയുള്ള മോണിറ്റോബയില്‍ മരിച്ചനിലയില്‍ ഇവരെ കണ്ടെത്തിയത്. ജനുവരി 26നാണ് ഇവരുടെ മൃതദേഹ പരിശോധന പൂര്‍ത്തിയായത്. കഠിനമായ ശൈത്യത്തെ തുടര്‍ന്ന് ഇവര്‍ തണുത്ത് മരവിച്ച് മരണപ്പെട്ടതാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

രണ്ടാഴ്ച മുന്‍പാണ് സന്ദര്‍ശക വിസയില്‍ കുടുംബം കാനഡയിലേക്ക് എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇവരെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് സമീപത്തൊന്നും വാഹനങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇവരെ മനുഷ്യക്കടത്ത് സംഘം മറ്റേതോ വാഹനത്തില്‍ അതിര്‍ത്തിക്ക് സമീപം ഇറക്കിവിട്ടതാവാമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.  

ജനുവരി 19നാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍സിഎംപി) കാനഡയിലെ എമേഴ്സണ്‍ നഗരത്തിനു സമീപം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അന്നുതന്നെ രേഖകളില്ലാത്ത രണ്ട് ഇന്ത്യന്‍ പൗരന്മാരെ വാഹനത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് യുഎസുകാരനായ സ്റ്റീവ് ഷാന്‍ഡ് എന്നയാളെ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രേഖകളില്ലാത്ത അഞ്ച് ഇന്ത്യന്‍ പൗരന്മാരെ യുഎസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

കുടുംബത്തിന്റെ ദാരുണമായ മരണവിവരം ഗുജറാത്തിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി വരികയാണെന്നും കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എല്ലാവിധ സഹായങ്ങളും കുടുംബത്തിന് ഉറപ്പുവരുത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.