Friday 09 April 2021 03:49 PM IST : By സ്വന്തം ലേഖകൻ

ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം; മാനേജറായ യുവതിയെ ബാങ്കിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

bankkgft66766

കനറാ ബാങ്ക് മാനേജരെ ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിനിയായ സ്വപ്‌നയാണ് (38) മരണപ്പെട്ടത്. സ്വപ്നയുടെ ഭര്‍ത്താവ് ഒരു വർഷം മുൻപ് മരണപ്പെട്ടിരുന്നു. കനറാ ബാങ്കിന്റെ കണ്ണൂർ തൊക്കിലങ്ങാടി ശാഖയിലെ മാനേജരായി ജോലി ചെയ്തുവരുകയായിരുന്നു സ്വപ്ന. കൂത്തുപറമ്പിനടത്ത് നിർമലഗിരി കുട്ടിക്കുന്നിലാണ് സ്വപ്ന കുടുംബത്തോടൊപ്പം താമസം. 

കൂത്തുപറമ്പ് എസിപി കെ.ജി. സുരേഷും എസ്ഐ കെ.ടി. സന്ദീപും പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന ഡയറി കുറിപ്പും കണ്ടെടുത്തു. രാവിലെ 8.15 ഓടെ ബാങ്കിലെത്തിയ സ്വപ്ന 8.18 ഓടെ ആത്മഹത്യ ചെയ്യുകയായിരുന്നു. 

സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവർ ബാങ്ക് മാനേജരായി കണ്ണൂർ തൊക്കിലങ്ങാടിയിൽ എത്തിയത്. രണ്ട് കുട്ടികളുണ്ട്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. ടോള്‍ ഫ്രീ നമ്പര്‍: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി) 04842448830)

Tags:
  • Spotlight