Thursday 13 June 2019 12:19 PM IST : By സ്വന്തം ലേഖകൻ

നാലാം വയസ്സിൽ രക്താർബുദം, മുടി കൊഴിഞ്ഞതോടെ കടുത്ത പരിഹാസം നേരിട്ടു; ഒടുവിൽ 'വയലിനിൽ' അതിജീവനം!

tylor-cancer

"നാലാം വയസ്സിലാണ് എനിക്ക് രക്താർബുദമാണെന്ന് കണ്ടെത്തുന്നത്. കാൻസർ ആണെന്നതിന്റെ പേരിൽ എന്റെ കൂട്ടുകാർ എന്നെ കളിയാക്കി. കീമോതെറാപ്പിയെത്തുടർന്ന് മുടി കൊഴിഞ്ഞു. ഇതോടെ പരിഹാസങ്ങൾ കൂടി. എന്റെ അസുഖം പകരുമെന്നും എന്റടുത്ത് നിന്ന് മാറിനടക്കണമെന്നും സ്കൂളിലെ എല്ലാവരോടും പറഞ്ഞുനടന്നു. എന്റെ രൂപത്തെ കളിയാക്കി. സ്കൂളിൽ പോകാൻ ഇഷ്ടമല്ലായിരുന്നു എനിക്ക്."- കണ്ണുനനഞ്ഞ് ടൈലർ ബട്‌ലർ ഫിഗ്യൂറ എന്ന ബാലൻ ഇതു പറയുമ്പോൾ വിധികർത്താക്കൾക്കും കാണികൾക്കും കരയാതിരിക്കാനായില്ല. 

അമേരിക്കാസ് ഗോട്ട് ടാലൻഡ് എന്ന ടെലിവിഷൻ പരിപാടിയിലാണ് നോർത്ത് കരോലിനയിൽ നിന്നെത്തിയ ടൈലർ ബട്‌ലർ തന്റെ അനുഭവം വിവരിച്ചത്. വയലിനിൽ വിസ്മയം തീർത്ത ഈ ബാലൻ കാണികളെയും വിധികര്‍ത്താക്കളെയും അമ്പരിപ്പിച്ചിരുന്നു. കെല്ലി ക്ലാർക്സന്റെ ഹിറ്റ് ആൽബം ’വാട് ഡസന്റ് കിൽ യു’ എന്ന ഗാനത്തിനൊത്ത് വയലിൻ വായിച്ചാണ് ടൈ‌യ്‌ലർ കയ്യടി നേടിയത്.

"ഏഴര വയസ്സുള്ളപ്പോഴാണ് ഞാൻ വയലിൻ പഠിക്കാൻ തുടങ്ങുന്നത്. കൂട്ടുകാരുടെ കളിയാക്കലുകളിൽ നിന്ന് ഒളിച്ചോടാനായിരുന്നു അത്. അന്ന് കാൻസറുള്ള കുട്ടി എന്നാണ് സ്കൂളിൽ ഞാൻ അറിയപ്പെട്ടിരുന്നത്. എന്നാലിന്ന് നന്നായി വയലിൻ വായിക്കുന്ന കുട്ടി എന്നാണ് എല്ലാവരും എന്നെ വിശേഷിപ്പിക്കുന്നത് ."- ടെയ്‌ലർ പറയുന്നു.

ആദ്യമായി മകൻ വയലിൻ പഠിക്കണമെന്ന് പറഞ്ഞപ്പോൾ കാര്യമാക്കിയില്ലെന്ന് ടൈ‌യ്‌ലറിന്റെ അമ്മ പറയുന്നു. "ഇന്ന് അവൻ വയലിൻ വായിക്കുമ്പോൾ സന്തോഷവാനാണ്, എനിക്കെന്റെ മകനെ തിരിച്ചുകിട്ടിയതുപോലെ തോന്നുന്നു."- ടെയ്‌ലറിന്റെ അമ്മ പറഞ്ഞു.