Monday 17 December 2018 12:10 PM IST : By സ്വന്തം ലേഖകൻ

ക്യാന്‍സറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി സമാഹരിച്ചത് രണ്ടു കോടിക്ക് മുകളിൽ; കയ്യോടെ പൊലീസിൽ ഏൽപ്പിച്ച് ഭർത്താവ്!

jasmine-london

ക്യാൻസർ രോഗത്തിന്റെ പേരു പറഞ്ഞ് കോടികൾ സംഭാവനയായി തട്ടിയെടുത്ത ഇന്ത്യൻ വംശജയ്ക്ക് ബ്രിട്ടനിൽ നാലു വര്‍ഷം തടവ്. ബ്രിട്ടീഷ് കോടതിയാണ് ജാസ്മിന്‍ മിസ്ട്രി എന്ന യുവതിക്ക് ശിക്ഷ വിധിച്ചത്. ഏകദേശം രണ്ടു കോടി 26 ലക്ഷം രൂപയാണ് ഇവർ  തട്ടിപ്പിലൂടെ നേടിയത്.

2013 ലാണ് യുവതി തനിക്ക് മസ്തിഷ്‌കാര്‍ബുദമാണെന്ന് ഭര്‍ത്താവ് വിജയ് കതേച്ചിയയോട് പറയുന്നത്. പിന്നീട് ഡോക്ടര്‍ അയച്ചതെന്ന് പറഞ്ഞ് ജാസ്മിന്‍ ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഭർത്താവിന് കൈമാറുകയും ചെയ്തു. എന്നാല്‍ ജാസ്മിന്‍ തന്നെയാണ് മറ്റൊരു സിം ഉപയോഗിച്ച് ഡോക്ടറുടെ പേരിൽ സന്ദേശങ്ങൾ അയച്ചത്.

ആറുമാസക്കാലം മാത്രമാണ് തനിക്ക് ഡോക്ടര്‍ വിധിച്ച ആയുസ്സെന്നും എന്നാൽ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഇവർ പറഞ്ഞു. ശസ്ത്രക്രിയയ്ക്കായി നാലരക്കോടിയോളം രൂപ ആവശ്യമാണെന്നും ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ചു. അമേരിക്കയിലുളള ഒരു ആശുപത്രിയില്‍ വച്ചാണ് ശാസ്ത്രക്രിയയെന്നാണ് ജാസ്മിന്‍ പറഞ്ഞത്.

തുടർന്ന് ഭർത്താവ് വിജയ് തന്റെ കുടുംബത്തിന്റെയും ജനങ്ങളുടെയും സഹായത്തോടെ പണം സ്വരൂപിച്ചു തുടങ്ങി. 2015- 17 ൽ ഇടയില്‍ നാലരക്കോടിയോളം രൂപ നേടിയെടുക്കാനായിരുന്നു ജാസ്മിന്റെ പദ്ധതി. ഏകദേശം രണ്ടു കോടി 26 ലക്ഷം രൂപയോളം ഇവർ സമാഹരിച്ചു.

അതേസമയം വിജയ്ക്ക് ജാസ്മിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി തുടങ്ങി. ജാസ്മിന്‍ നല്‍കിയ സ്‌കാന്‍ റിപ്പോർട്ട് പരിശോധിച്ച വിജയ് യുടെ സുഹൃത്താണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. ഇതോടെ വിജയ് തന്റെ സുഹൃത്തായ ഒരു ഡോക്ടറെ സമീപിച്ച് ഈ സ്‌കാന്‍ റിപ്പോർട്ട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ചിത്രം ഗൂഗിളില്‍ നിന്നെടുത്തതാണെന്ന് വ്യക്തമായി.

തൊട്ടുപുറകേ ജാസ്മിനിന്റെ രണ്ടാമത്തെ സിം കൂടി വിജയ് കണ്ടെടുത്തതോടെ കള്ളിപൊളിഞ്ഞു. ജാസ്മിന്‍ ഇതോടെ തനിക്ക് ക്യാൻസർ ഇല്ലെന്ന് കുറ്റസമ്മതം നടത്തി. 2017 നവംബറില്‍ പൊലീസിനു ജാസ്മിനെ കൈമാറി. വിജയ് സമാഹരിച്ച തുക മുഴുവൻ പൊലീസ് പിടിച്ചെടുത്തു. 36 വയസ്സുകാരിയായ ജാസ്മിന് സ്‌നാറസ്ബ്രൂക്ക് ക്രൗണ്‍ കോടതിയാണ് നാലു വര്‍ഷം തടവിന് ശിക്ഷിച്ചത്.