Monday 10 December 2018 11:45 AM IST : By സ്വന്തം ലേഖകൻ

ഡോക്ടറേക്കാൾ മുൻപേ യജമാനത്തിയുടെ ക്യാൻസർ കണ്ടെത്തിയത് വളർത്തുനായ; ശരിവച്ച് ശാസ്ത്രലോകം!

cac-dog3

മറ്റൊരു ജീവിക്കും ഇല്ലാത്ത പ്രത്യേക ഗുണങ്ങൾ നായ്ക്കൾക്കുണ്ട്. മുന്നൂറില്‍പ്പരം ഗന്ധങ്ങള്‍ നിര്‍ണയിക്കാന്‍ ഇവയ്ക്ക് കഴിവുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. ഈ കണ്ടെത്തൽ ശരിവയ്ക്കുകയാണ് വിസ്‌കോസിന്‍ സ്വദേശിനിയായ സ്‌റ്റെഫാനി എന്ന 52 വയസ്സുകാരിയുടെ ജീവിതാനുഭവത്തിലൂടെ. ഡോക്ടറേക്കാൾ മുൻപേ സ്‌റ്റെഫാനിയുടെ ശരീരത്തിൽ വളരുന്ന ക്യാൻസർ കണ്ടെത്തിയത് പ്രിയപ്പെട്ട വളർത്തുനായയാണ്.

നിരന്തരമായ വയറുവേദന മൂലം കഷ്ടപ്പെടുകയായിരുന്നു സ്‌റ്റെഫാനി. പലതവണ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും വേദനാസംഹാരികള്‍ നല്‍കി മടക്കി അയയ്ക്കുകയായിരുന്നു പതിവ്. എന്നാൽ ഈ സമയത്ത് വളർത്തുനായ സൈറയിലും ചില വിചിത്രമായ പെരുമാറ്റങ്ങൾ കണ്ടുതുടങ്ങി. സൈറയാണെങ്കിൽ സ്‌റ്റെഫാനിയുടെ വയറ്റില്‍ മൂക്ക് ചേർത്ത് മണം പിടിക്കുകയും അസ്വാഭാവികമായി എന്തോ സംഭവിച്ച പോലെ വീട് മുഴുവന്‍ വെപ്രാളപ്പെട്ട് ഓടിനടക്കുകയും ചെയ്തു.

cac-dog2

സൈറയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സ്‌റ്റെഫാനി വിശദമായ പരിശോധന നടത്തുകയും വയറുവേദനയ്ക്ക് കാരണം ഗര്‍ഭാശയ ക്യാന്‍സർ ആണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ചികിത്സ ആരംഭിച്ചു. രോഗം ഭേദമായതിനെത്തുടർന്ന് വീണ്ടും വീട്ടിൽ തിരിച്ചെത്തി. എന്നാൽ നാളുകൾ കഴിഞ്ഞ് സൈറ പഴയതുപോലെ വിചിത്രമായി പെരുമാറാന്‍ തുടങ്ങി. വീണ്ടും പരിശോധിച്ചപ്പോള്‍ രോഗം പിന്നെയും തിരിച്ചെത്തിയതായി കണ്ടെത്തി. വീണ്ടും ചികിത്സ തുടങ്ങുകയും രോഗത്തെ പൂർണ്ണമായും ഭേദപ്പെടുത്തുകയും ചെയ്തു.

തന്റെ ജീവിതം തിരികെ നല്‍കിയത് പ്രിയപ്പെട്ട സൈറയാണെന്ന് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു സ്റ്റെഫാനി. ചില പ്രത്യേകയിനം നായ്ക്കള്‍ക്ക് 98 ശതമാനം ക്യാന്‍സര്‍ വളര്‍ച്ച പ്രവചിക്കാന്‍ സാധിക്കുമെന്ന് സ്‌റ്റെഫാനിയെ ആദ്യം ചികിത്സിച്ച ഡോക്ടര്‍ ഡേവിഡ് കുഷ്‌നറും സാക്ഷ്യപ്പെടുത്തുന്നു. 

cac-dog1