Tuesday 13 March 2018 03:00 PM IST : By സ്വന്തം ലേഖകൻ

മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിപ്പോൾ ശരീരം മുഴുവൻ കറുത്തു, തൂക്കം ഏഴു കിലോ ആയി കുറഞ്ഞു! ഈ പുഞ്ചിരി ഇനി എത്ര നാൾ കൂടി? വേദനയോടെ ഒരച്ഛന്റെ കുറിപ്പ്

cancer

ഈ കുഞ്ഞിന്റെ ചിരി മായാതിരിക്കണമെങ്കിൽ സുമനസ്സുകൾ കനിയണം. അല്ലെങ്കിൽ അധികം വൈകാതെ ഇവൻ മരണമെന്ന കൂട്ടുകാരന്റെ കൈപിടിച്ച് പോയേക്കും. ഇവന്റെ പേര് ധുർവങ്കർ. മുംബൈ സ്വദേശി. ക്രോണിക്ക് ഗ്രാനുലോമട്ടോസ് എന്ന അപൂർവരോഗമാണ് ഇവനെ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. 50  ലക്ഷം രൂപയോളമാണ് ഇവന്റെ ചികിത്സയ്ക്കു വേണ്ടത്. കെറ്റോ ഓർഗ് എന്ന ചാരിറ്റി ഫണ്ട് റെയിസിങ് ഓർഗനൈസേഷൻ വഴി ഇതിനോടകം 16 ലക്ഷം രൂപയോളം ലഭിച്ചു കഴിഞ്ഞു. ഇനി മൂന്നു ദിവസം കൂടി ക്യാമ്പെയിൻ ഉണ്ടാകും. അതിനോടകം ചാരിറ്റി ലക്ഷ്യമിടുന്ന 25 ലക്ഷം രൂപയിൽ എത്തിയാൽ ധുർവങ്കറിന് പ്രതീക്ഷയുടെ ഇത്തിരിവെട്ടം കാണാം. അല്ലെങ്കിൽ അനിവാര്യമായ വിധിയിലേക്കുള്ള യാത്ര കുറച്ചു കൂടി വൈകിക്കാം. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ചാരിറ്റി പേജ് വഴിയാണ് ധുർവങ്കറിന്റെ കഥ ലോകം അറിഞ്ഞത്. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവനായി സഹായം പ്രവഹിക്കുകയായിരുന്നു. 

ധുർവങ്കറിന്റെ കഥ അവന്റെ അച്ഛൻ സങ്കേത് കുമാർ തന്നെ പറയട്ടെ.

പച്ചക്കറിയുടെ മൊത്തവ്യാപാരിയാണ് ഞാൻ. രണ്ടു പെൺകുട്ടികൾ അടക്കം മന്നു മക്കൾ. ധുർവങ്കർ ഇളയവനാണ്. മൂത്തവർ രണ്ടും ആരോഗ്യമുള്ളവരാണ്. ധുർവങ്കറിന്റെ ജനനം രോഗിയായിട്ടായിരുന്നു. ജന്മനാ ശ്വാസകോശത്തിലും കുടലിലും രക്തത്തിലും ഇന്‍ഫക്ഷനുള്ള കുട്ടിയാണ് അവൻ. ക്രോണിക്ക് ഗ്രാനുലോമട്ടോസ് എന്ന അസുഖമാണ് കുട്ടിക്ക്. ആശുപത്രിയിലായിരുന്നു താമസം ഏറെയും. അവനോട് ഞാൻ എപ്പോഴും പറയും, നമ്മുടെ കുടുംബത്തിലെ ഏറ്റവും കരുത്തൻ അവനാണെന്ന്. അതുകൊണ്ടാണ് ദൈവം അവനെ ഇത്തരം പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നതെന്ന്. വേറെ ആരായിരുന്നെങ്കിലും പണ്ടേക്കു പണ്ടേ തോറ്റു പോകുമായിരുന്നു എന്നു പറയുമ്പോൾ ആ കുഞ്ഞ് മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം വിടരും. താൻ ഒരു പോരാളിയാണെന്ന ഭാവം. ഷിൻ ചിൻ ആണ് അവന്റെ ഇഷ്ട കാർട്ടൂൺ കഥാപാത്രം. ഞാൻ പറയും, ഷിനിനെപ്പോലെ തന്നെയാണ് നീയും. എന്തു പ്രത്യേകതകളാണ് നിനക്കെന്ന്.. എന്റെ ഉള്ള് തേങ്ങുകയാകും. എങ്കിലും അപ്പോൾ ആ കുഞ്ഞ് മുഖം വിടരുന്നത് കാണുമ്പോൾ എന്റെ സങ്കടങ്ങൾ പമ്പ കടക്കും. 

രണ്ടു നാൾ മാത്രമാണ് അവന് സ്കൂളില്‍ പോകാൻ കഴിഞ്ഞത്. പിന്നീട് ആശുപത്രിയിൽ തന്നെയായിരുന്നു ജീവിതം. ചേച്ചിമാരായ അനുഷ്ക തായിയെയും തനിഷ്ക തായിയെയും പോലെ തനിക്കെതന്താ സ്കൂളിൽ പോകാൻ കഴിയാത്തത് എന്ന് അവൻ ചോദിക്കുമ്പോൾ എനിക്ക് ഉത്തരം മുട്ടും. എങ്കിലും ഒരിക്കൽ അവരെപ്പോലെ നിനക്കും സ്കൂളിൽ പോകാൻ കഴിയും എന്നു പറഞ്ഞ് അവനെ സമാധാനിപ്പിക്കും. 

മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ അവന്റെ രോഗം ഒരു പരിധിവരെ ഭേദമാകുമെന്ന് ഞങ്ങൾ സ്വപ്നം കണ്ടു. അതിനുശേഷം ദുര്‍വന്‍കറിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ ദുര്‍ബലമായി. തൊലി കറുത്തു, തൂക്കം കേവലം ഏഴുകിലോ മാത്രമായി. അപ്പോഴും അവനോടു ഞാൻ പറഞ്ഞു, രോഗത്തെ അതിജീവിക്കാൻ നിന്റെ ശരീരം സ്വയം പാകപ്പെടുകയാണ്. നീ കൂടുതല്‍ കരുത്തനാവുകയാണ്– എന്ന്.

10,000 രൂപയാണ് എന്റെ മാസവരുമാനം. സോളാപൂരിലാണ് ഞാനും കുടുംബവും കഴിയുന്നത്. കുടുംബത്തിലെ ഏക വരുമാനം എന്റേതു മാത്രമാണ്. മകന്റെ ചികില്‍സയ്ക്കും കിമോതെറാപ്പികള്‍ക്കുമായി കാറും ഭാര്യയുടെ ആഭരണങ്ങളുമെല്ലാം വിറ്റു. എന്നിട്ടും നാലരലക്ഷം രൂപമാത്രമാണ് ലഭിച്ചത്. പുതിയതായുണ്ടായ പ്രശ്നങ്ങൾ എല്ലാം കൂടി ഇപ്പോൾ 50 ലക്ഷം രൂപയോളം വേണം ചികില്‍സാചെലവ്. അതിനുള്ള വഴി തേടുകയാണ് ഞാൻ. അവന്റെ രോഗം സ്വീകരിക്കാൻ എനിക്കു കഴിയുമായിരുന്നു എങ്കിൽ എപ്പോഴേ ഞാൻ അതു സ്വീകരിച്ച് എന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തുമായിരുന്നു. ഇപ്പോൾ ഞാൻ ദിവസവും കാണുന്ന ഒരു സ്വപ്നമുണ്ട്, ഒരു ദിവസമെങ്കില്‍ ഒരു ദിവസം മകനെ ആശുപത്രിയുടെയും മരുന്നിന്റെയും ലോകത്തുനിന്നും രക്ഷപെടുത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദിവസം...