Saturday 23 July 2022 12:42 PM IST

‘ഞാൻ ആകെ വച്ച നിബന്ധന പുസ്തകത്തോടു നീതി പുലർത്തണം എന്നായിരുന്നു, അതു സംഭവിച്ചു’; നെടുമാരന്‍ രാജാങ്കം എന്ന കഥാപാത്രത്തിന്റെ യഥാർഥ ജീവിതത്തിലെ നായകൻ പറയുന്നു

Sujith P Nair

Sub Editor

captain-g1

‘സൂരറൈ പോട്ര് ’ എന്ന തമിഴ്സിനിമയില്‍ സൂര്യ അവതരിപ്പിച്ച നെടുമാരന്‍ രാജാങ്കം എന്ന കഥാപാത്രത്തിന്റെ യഥാർഥ ജീവിതത്തിലെ നായകൻ ഇതാ...

ഉള്ളതിൽ ഏറ്റവും വൃത്തിയുള്ള സാരിയാണ് അവർ ധരിച്ചിരുന്നത്. നെറ്റിയിൽ കട്ടിയിൽ പൂശിയ ചന്ദനവും ഭസ്മവും. കയ്യിൽ മുറുകെ പിടിച്ചിരുന്ന പ്ലാസ്റ്റിക് കൂടിൽ മുറുക്കും മുറുക്കാനുമാണ്. ചെന്നൈ എയർപോർട്ടിൽ നിലംതൊട്ട ആകാശപക്ഷിയുടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ വെറ്റിലക്കറ നിറഞ്ഞ പല്ലും മോണയും കാട്ടി ആ മുത്തശ്ശി എയർ ഹോസ്റ്റസിനെ നോക്കി കൈകൂപ്പി ചിരിച്ചു. ആ കണ്ണുകൾ നിറഞ്ഞിരുന്നു.

‌‘സൂരറൈ പോട്ര്’ എന്ന ഹിറ്റ് സിനിമയിലെ രംഗമല്ല ഇത്. സിനിമയിൽ തമിഴ് സൂപ്പർസ്റ്റാർ സൂര്യ അവതരിപ്പിച്ച നെടുമാരൻ രാജാങ്കം എന്ന കഥാപാത്രത്തിന്റെ യഥാർഥ ജീവിതത്തിലെ നായകൻ ക്യാപ്റ്റൻ ജി. ആർ. ഗോപിനാഥ് നേരിൽ കണ്ട കാഴ്ചയാണ്.

കർണാടകയിലെ ഉൾനാടൻ ഗ്രാമമായ ഹാസനിൽ നിന്ന് ആകാശത്തോളം ഉയർന്നു പറന്ന ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതമാണ് ‘സൂരറൈ പോട്ര്’ എന്ന സിനിമ. ‘സാധാരണക്കാരനും വിമാനത്തിൽ പറക്കണം’ എന്നു സ്വപ്നം കണ്ട റിയൽ ഹീറോ. ‘‘ഓരോ തടസ്സങ്ങളും അതിജീവിച്ച് ആ സ്വപ്നത്തിലേക്ക് ഒരുചുവട് വയ്ക്കുമ്പോൾ അടുത്ത കൊടുങ്കാറ്റിൽ കാലിടറും. വീഴുന്നത് സ്വാഭാവികം, പക്ഷേ, ശ്രമങ്ങൾ അവ സാനിപ്പിക്കാതെ മുന്നേറുന്നവന്റേതാണ് ഈ ലോകം. ചിലപ്പോൾ മുന്നോട്ടുള്ള വഴി പോലും സ്വന്തമായി തെളിക്കേണ്ടി വരും. ആദ്യ വിമാനയാത്രയ്ക്കു ശേഷം ആ പാട്ടിയെ പോലെ ഒരായിരം അമ്മമാരുടെ മുഖത്തു വിരിഞ്ഞ ചിരിയാണ് ഏറ്റവും വലിയ സമ്പാദ്യം.’’ വനിതയ്ക്കു നൽകിയ പ്രത്യേക അഭിമു ഖത്തിൽ ക്യാപ്റ്റൻ ഗോപിനാഥ് പറയുന്നു.

സ്വന്തം ജീവിതം സിനിമ ആയപ്പോൾ ആസ്വദിച്ചോ?

‘സിംപ്ലി ഫ്ലൈ’ എന്ന എന്റെ ജീവിതകഥയുടെ ആത്മാവ് നഷ്ടപ്പെടാതെ ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ, സിനിമ ആസ്വാദ്യമാക്കുന്നതിനു വേണ്ടി നാടകീയതകൾ ചേർത്തിട്ടുമുണ്ട്. ‘ലക്ഷ്യത്തിലേക്കുള്ള യാത്ര പാതിവഴിയിൽ അവസാനിപ്പിക്കരുത്’ എന്ന പുസ്തകത്തിലെ സന്ദേശം അങ്ങനെ സിനിമയിലും ഉണ്ട്.

ഭാര്യ ഭാർഗവിക്കൊപ്പമാണ് ചിത്രം കണ്ടത്. ചില സീനുകൾ കണ്ടു ഞങ്ങൾ പൊട്ടിച്ചിരിച്ചു. ചിലത് കരയിപ്പിച്ചു. ഭ്രാന്തമെന്നു തോന്നുന്ന ആശയങ്ങൾ സാധ്യമാകും എന്നു സമർഥിക്കുന്നതിൽ സൂര്യയുടെ കഥാപാത്രം വിജയിച്ചു. ‘സൂരറൈ പോട്ര്’ എന്ന വാചകത്തിന്റെ അർഥം ധീരന് അഭിവാദ്യം എന്നാണ്. എന്റെ ഭാര്യയുടെ റോൾ അപർണ ബാലമുരളിയും ഗംഭീരമാക്കി.

ഗ്രാമീണ സ്ത്രീകൾക്കും നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ  സ്വന്തം ബിസിനിസ് തുടങ്ങി വിജയിപ്പിക്കാൻ കഴിയും എന്നു തെളിയിച്ച സ്ത്രീയാണ് ഭാർഗവി. അവൾ തുടങ്ങിയ ‘ബൺ വേൾഡ്’ ബേക്കറി വലിയ വിജയമായിരുന്നു. അവളുടെ കരുത്തും അനുകമ്പയുമെല്ലാം കൃത്യമായി സ്ക്രീനിലും ഉണ്ട്. സൂര്യയുടെ മാസിനെ ബാലൻസ് ചെയ്യുന്ന അഭിനയമാണ് അപർണയുടേത്. അതിൽ സംവിധായിക സുധ കൊംഗാര നൂറു ശതമാനം വിജയിച്ചു.

‌മകൾ പല്ലവി ഫ്രാൻസിൽ വ്യോമയാന മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇളയവൾ കൃതിക ബെംഗളൂരുവിലുണ്ട്. മുൻപ് രണ്ടു പേരും ഡെക്കാനിലായിരുന്നു. അവർക്കും സിനിമ ഇഷ്ടമായി.

captain-g2

പുസ്തകം ഇറങ്ങി വർഷങ്ങൾ കഴിഞ്ഞാണ് സിനിമ ?

പുസ്തകം സിനിമയാക്കാനുള്ള പകർപ്പവകാശത്തിനായി ഗിരീഷ് കർണാട് സമീപിച്ചിരുന്നു. ഞാൻ തന്നെ എന്റെ റോൾ ചെയ്യണമെന്ന നിബന്ധന സമ്മതിച്ചിരുന്നതാണ്. അദ്ദേഹം രോഗബാധിതനായതോടെ പ്രോജക്റ്റ് ഉപേക്ഷിക്കപ്പെട്ടു. പിന്നെയാണ് അക്കാദമി അവാർഡ് ജേതാവ് ഗുനീത് മോംഗ പുസ്തകം എല്ലാ ഇന്ത്യൽ ഭാഷയിലും സിനിമ ആക്കാനുള്ള അവകാശത്തിനായി വന്നത്. ‘ലഞ്ച് ബോക്സ്’ സിനിമയിലൂടെയും ‘ഗ്യാങ്സ് ഓഫ് വസേയ്പൂർ’, തുടങ്ങിയ ഫിലിം സീരിസുകളിലൂടെയും പ്രശസ്തയാണവർ. ജീവിതത്തിൽ ഒരുപാട് ത്യാഗങ്ങൾ സഹിച്ചു മുന്നേറിയ അവർക്ക് ഈ വിഷയം വഴങ്ങുമെന്ന് എനിക്കും തോന്നി. സംവിധായികയെ അവർ തന്നെയാണ് നിശ്ചയിച്ചത്.

പുസ്തകം വായിച്ചതിനു ശേഷം സൂര്യ ബെംഗളൂരുവിൽ വന്നിരുന്നു. സത്യത്തില്‍ അദ്ദേഹത്തിന്റെ സിനിമകളൊന്നും അതിനു മുൻപ് ഞാൻ കണ്ടിരുന്നില്ല. സത്യജിത്ത് റേയുടെയും ശ്യാംബെനഗലിന്റെയും ചിത്രങ്ങളാണ് കണ്ടിട്ടുള്ളവയിൽ അധികവും. ഞാൻ ആകെ വച്ച നിബന്ധന പുസ്തകത്തോടു നീതി പുലർത്തണം എന്നായിരുന്നു. അതു സംഭവിച്ചു.

‘സിംപ്ലി ഫ്ലൈ’യിലെ ജീവിതാനുഭവങ്ങൾ ഫിക്‌ഷനോടു കിടപിടിക്കുന്നതാണ് ?

ഇറങ്ങിയ കാലത്ത് ബെസ്റ്റ് സെല്ലർ ആയിരുന്നു അത്. ഗ്രാമത്തിന്റെ പശ്ചാത്തലം, സൈനിക അനുഭവങ്ങൾ, കൃഷിയിലെ പരീക്ഷണങ്ങൾ, വ്യോമയാന രംഗത്തു കൊണ്ടുവന്ന വിപ്ലവങ്ങൾ... ഇതെല്ലാം കൊണ്ട് അതൊരു ഫിക്‌ഷൻ പോലെ തോന്നുക സ്വാഭാവികം. അന്നേ ഗിരീഷ് കർണാട് പറഞ്ഞിരുന്നു, സൂപ്പർഹിറ്റ് സിനിമയ്ക്കുള്ള എല്ലാ ചേരുവകളും അതിലുണ്ടെന്ന്. വൈകിയാണെങ്കിലും ആ വാക്കുകൾ സത്യമായി.

വൈദ്യുതി പോലു‌ം ഇല്ലാത്തിടത്ത‌ാണ് ജനിച്ചത് ?

അച്ഛൻ നാട്ടുസ്കൂളിലെ അധ്യാപകനായിരുന്നു. വീട്ടിൽ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് അഞ്ചാം ക്ലാസിലേക്ക് നേരിട്ടാണ് അഡ്മിഷൻ എടുത്തത്. പിന്നീട് സൈനിക് സ്കൂളിൽ ചേർന്നു. അവിടെ നിന്ന് നാഷനൽ ഡിഫൻസ് അക്കാദമിയിലേക്ക്. ‌ 28ാം വയസ്സിൽ സൈന്യത്തിൽ നിന്നു വിരമിക്കുമ്പോൾ കൂട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ‘അസ്വസ്ഥമായ മനസ്സായിരുന്നു’ സമ്പത്ത്.

സാധാരണക്കാർക്കും വിമാനയാത്ര പ്രാപ്യമാകുന്നതാണ് സ്വപ്നം കണ്ടത്. സുഹൃത്തുക്കൾ തന്നെയാണ് പറഞ്ഞത്, ‘സ്വപ്നം കണ്ടാൽ മാത്രം പോര, അതു വിൽക്കാനും ശ്രമിക്കണം’ എന്ന്. പശുവളർത്തൽ, പട്ടുനൂൽ കൃഷി, കോഴി വ ളർത്തൽ, ഹോട്ടൽ, റോയൽ എൻഫീൽഡ് ഡീലർ, സ്റ്റോക്ക് ബ്രോക്കർ എന്നിങ്ങനെ പല റോളും ചെയ്തു. 1997ലാണ് മലയാളി സുഹൃത്തായ ക്യാപ്റ്റൻ കെ. ജെ. സാമുവലിനൊപ്പം എ യർ ഡെക്കാൻ തുടങ്ങിയത്. ഇന്ത്യയിലെ ആദ്യ ചാർട്ടേഡ് ഹെലികോപ്ടർ സർവീസായിരുന്നു അത്. ‘മാപ്പിൽ സ്ഥലം തൊട്ടുകാണിക്കൂ, നിങ്ങളെ അവിടെ എത്തിക്കാം’ എന്നായിരുന്നു കമ്പനിയുടെ ടാഗ് ലൈൻ.

captain-g4

എന്തുകൊണ്ട് ബജറ്റ് എയർലൈൻസ് എന്ന ആശയം?

2000ൽ യുഎസിലെ ഫീനിക്സിൽ അവധി ആഘോഷിക്കുമ്പോഴാണ് ആ ആശയം കിട്ടിയത്. ആ ചെറിയ എയർപോർട്ടി ൽ ദിവസവും ആയിരത്തോളം ഫ്ലൈറ്റുകളും ഒരു ലക്ഷത്തോളം യാത്രക്കാരും വന്നിറങ്ങുന്നു. ഇന്ത്യയിലെ 40 എയർപോർ ട്ടുകളിൽ കൂടി അത്രയും ഫ്ലൈറ്റും യാത്രക്കാരും വരുന്നില്ല. യുഎസിൽ അക്കാലത്ത് ഒരു ദിവസം 40,000 ഫ്ലൈറ്റുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. ഇന്ത്യയിലാകട്ടെ വെറും 420ഉം.

ബസിലും ട്രെയിനിലും യാത്ര ചെയ്യുന്ന അഞ്ച് ശതമാനം വിമാനത്തെ ആശ്രയിച്ചാൽ  50 കോടി യാത്രികൾ ഒരു വർഷം അധികം ഉണ്ടാകും. നാട്ടിൽ തിരിച്ചെത്തുമ്പോഴേക്കും മനസ്സിൽ ഉറച്ച ആ സ്വപ്നം 2003ൽ സാക്ഷാത്കരിച്ചു. യൂറോപ്പിലെ ഈസി ജെറ്റും റയാൻ എയറും ഒക്കെയായിരുന്നു മാതൃക.

ഒരു രൂപയ്ക്കു വരെ വിമാന ടിക്കറ്റ് വിറ്റു?

ഏറ്റവും സാധാരണക്കാരനും വിമാനയാത്ര അവകാശമാണെന്ന ചിന്ത കൊണ്ടാണ് ഒരു രൂപ ടിക്കറ്റ് എന്ന ആശയത്തിലേക്ക് എത്തിയത്. വളരെ നേരത്തേ ബുക്ക് ചെയ്യുന്ന കുറച്ച് ടിക്കറ്റുകളാണ് ഇങ്ങനെ മാറ്റിവച്ചത്. പിന്നാലെ ബുക്ക് ചെയ്യുന്നവർ കൂടുതൽ തുക നൽകേണ്ടി വരുമെങ്കിലും അക്കാലത്തെ ഫ്ലൈറ്റ് നിരക്കിന്റെ പകുതിയേ അതും വരൂ. ഒരു മണിക്കൂർ യാത്രയ്ക്ക്് എന്തിനാണ് ഭക്ഷണം? ആവശ്യമുള്ളവർക്ക് ഫ്ലൈറ്റിൽ നിന്ന് വില കൊടുത്തു വാങ്ങാമല്ലോ. ഇങ്ങനെ ലാഭിക്കുന്ന പണമാണ് ടിക്കറ്റ് നിരക്കിൽ കുറച്ചത്. ഒരു രൂപ ടിക്കറ്റ് ഓഫറിൽ 30 ലക്ഷം പേരെങ്കിലും ഡെക്കാനിൽ യാത്ര ചെയ്തിട്ടുണ്ട്.

captain-g5

എന്നിട്ടും എയർ ഡെക്കാൻ കാലത്തിന്റെ വെല്ലുവിളിയെ അതിജീവിച്ചില്ല ?

2003ൽ 48 സീറ്റുകളുള്ള ആറ് ട്വിൻ എഞ്ചിൻ ടർബോപ്രോപ് എയർക്രാഫ്റ്റുകൾ ഉപയോഗിച്ചാണ് എയർ ഡെക്കാൻ പ്രവർത്തനം തുടങ്ങിയത്. 2007 ആയപ്പോഴേക്കും 67 എയർപോർട്ടു കളിൽ നിന്നായി ചെറിയ ടൗണുകളിലേക്കടക്കം ദിവസേന 380 ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്ന ഘട്ടമെത്തി. തുടക്കത്തിൽ ശരാശരി 2000 യാത്രക്കാരുണ്ടായിരുന്നത് നാലു വർഷം കൊണ്ട് ദിനംപ്രതി 25000 ആയി ഉയർന്നു. അതിനിടെ മറ്റു എയർവെയ്സുകളും ഞങ്ങളുടെ പാത പിന്തുടർന്നു. ഇതോടെ മത്സരം കടുപ്പമായി. കൂടുതൽ ഫണ്ടും വേണ്ടിവന്നു.

അങ്ങനെയാണ് 2007ൽ വിജയ് മല്യയുടെ കിങ് ഫിഷർ ഗ്രൂപ്പിന് കമ്പനി കൈമാറുന്നത്. ഡെക്കാന്റെ ലോ കോസ്റ്റ് എയർവെയ്സ് എന്ന ആശയം ‘കിങ്ഫിഷർ റെഡ്’ എന്ന പേരിൽ റീ ബ്രാ‍ൻഡ് ചെയ്തു. സിനിമയിലെ പോലെ വിദ്വേഷമൊന്നും ഞങ്ങളുടെ ഇടയിലില്ല. പിന്നീട് കാർഗോ സർവീസിനായി ഡെക്കാൻ 360 തുടങ്ങിയെങ്കിലും അവിടെയും ഫണ്ട് പ്രശ്നമായി. അങ്ങനെ വ്യോമയാന ബിസിനസിൽ നിന്നു പിന്മാറി.

കേരളത്തിലും ജോലി ചെയ്തിരുന്നു ?

മലയാളിയും സൈന്യത്തിൽ സഹപ്രവർത്തകനുമായിരുന്ന ക്യാപ്റ്റൻ കെ. ജെ. സാമുവലുമൊത്താണ് ഡെക്കാൻ ഏവിയേഷൻ തുടങ്ങിയത്. കണ്ണൂരും തിരുവനന്തപുരത്തും ജോലി ചെയ്തു. പാങ്ങോട് ക്യാംപിൽ കമാൻഡിങ് ഓഫിസറായിരുന്നു. വയനാടും കോഴിക്കോടുമെല്ലാം പ്രിയപ്പെട്ട സ്ഥലങ്ങളാണ്. ഇപ്പോള്‍ 69 വയസ്സായി. 2009ൽ കർണാടക നിയമസഭയിലേക്ക് സ്വതന്ത്രനായിട്ടും, 2014ൽ ലോക്സഭയിലേക്ക് ആം ആദ്മി പാർട്ടി ടിക്കറ്റിലും മത്സരിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം. ഇപ്പോൾ എഴുത്തിന്റെ ലോകത്താണ്. പ്രമുഖ ദിനപ്പത്രങ്ങളിലടക്കം കോളം എഴുതുന്നുണ്ട്.

ബിസിനസിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല. എന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് അടുത്ത തലമുറയോട് ഒന്നേ പ റയാനുള്ളൂ, ‘വിജയത്തിലേക്കുള്ള വഴിയിൽ നിങ്ങൾ വീഴും, പക്ഷേ, തളരരുത്. എഴുന്നേറ്റ് വീണ്ടും മുന്നോട്ടു പോണം. എ ങ്കിൽ അന്തിമ വിജയം നിങ്ങൾക്കുള്ളതായിരിക്കും...’

captain-g3

വിജയവഴികൾ

ഡെക്കാൻ എയർവേസ് സർവീസ് തുടങ്ങുന്നിടത്താണ് ‘സൂരറൈ പോട്ര്’ അവസാനിക്കുന്നത്. എന്നാൽ ക്യാപ്റ്റൻ ഗോപിനാഥ് ആദ്യം തുടങ്ങിയത് യാത്രാവിമാന സർവീസല്ല. ഹെലികോപ്റ്ററുകൾ വാടകയ്ക്കു കൊടുക്കുന്ന ചാർട്ടർ സർവീസാണ്. തിരക്കുള്ള ബിസ്സിനസ്സുകാരെയും പാർട്ടി നേതാക്കളേയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന സേവനം. ശ്രീലങ്ക, നേപ്പാൾ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും വിവിധ രക്ഷാപ്രവർത്തനങ്ങളിലും ‍സജീവ സാന്നിധ്യമായതോടെ ഡക്കാൻ ഏവിയേഷൻ ഈ മേഖലയിൽ പകരം വയ്ക്കാനാകാത്ത സാന്നിധ്യമായി. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഏറ്റവും വലിയ സ്വകാര്യ എയർ ചാർട്ടർ കമ്പനികളിലൊന്നായി ഡക്കാൻ ഏവിയേഷൻ വളർന്നു. അതിനു ശേഷമാണ് ഡെക്കാൻ എയർവേസിന്റെ പിറവി.

Tags:
  • Spotlight
  • Motivational Story