Wednesday 20 November 2019 12:31 PM IST : By സ്വന്തം ലേഖകൻ

പാഞ്ഞുകയറിയ കാറിന്റെ ഡ്രൈവർ മൊബൈലിൽ, കല്യാണ പാർട്ടിക്കാർ മതിമറന്ന് ആഘോഷത്തിൽ; ഇനിയൊരു അപകടം സംഭവിക്കാതിരിക്കട്ടെ

accident

ആഡംബരം മാത്രമല്ല, അതിരുവിട്ട ആഘോഷങ്ങളുടേയും സംഗമ വേദികളാണ് ഇന്നത്തെ കല്യാണ വീടുകൾ. വിവാഹത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന തമാശകൾ പലപ്പോഴും ഒത്തു ചേരലുകൾ സമ്മാനിക്കുന്ന സന്തോഷങ്ങളെയെല്ലാം കെടുത്തുത്താറുമുണ്ട്. നടു റോഡിൽ ഡാൻസ് ചെയ്തും ശവപ്പെട്ടിയില്‍ സർപ്രൈസ് എൻട്രി നടത്തിയും എത്തിയ കല്യാണ ചെക്കൻമാർ പലപ്പോഴും വലിയ തോതിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുമുണ്ട്. ഇത്തരം സംഭവങ്ങൾ പലപ്പോഴും വിവാഹ വേദിയ സംഘർഷഭൂമിയാക്കാറുണ്ട് എന്നത് മറ്റൊരു സത്യം. ചില ഘട്ടങ്ങളിൽ ആഘോഷങ്ങൾ എത്ര അതിരു കടന്നാലും നിസ്സംഗരായി നോക്കി നിൽക്കാൻ മാത്രമേ പെണ്ണിന്റേയും ചെക്കന്റേയുമൊക്കെ കാരണവൻമാർക്ക് കഴിയുകയുള്ളൂ.

ഇവിടെയിതാ ഒരു കല്യാണാഘോഷം അപകടത്തിൽ കലാശിച്ചതാണ് ഏവരുടേയും നെഞ്ചിടിപ്പേറ്റുന്നത്. വിവാഹം കഴിഞ്ഞുള്ള നഗരപ്രദക്ഷിണമാണ് അപകടത്തിൽ കൊണ്ടെത്തിച്ചത്. കാസർകോട് മയ്യിച്ചയിലാണ് സംഭവം.

മയ്യിച്ച വെങ്ങാട്ട് ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹ സൽക്കാരവും കഴിഞ്ഞ് വരന്റെ കാടങ്കോട്ടുള്ള വീട്ടിലേക്ക് പോവുകയായിരുന്നവരുടെ ഇടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. പാർട്ടിയുടെ മുൻഭാഗത്തുണ്ടായിരുന്ന ബൈക്ക് യാത്രക്കാർ മയ്യിച്ച ചെറിയ പാലത്തിനടുത്തുള്ള ദേശീയ പാതയിലേക്കുള്ള കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.

വിവാഹ സംഘം സഞ്ചരിച്ച ബൈക്ക് റാലിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം സംഭവിക്കുന്നത്.  വിവാഹശേഷം വരന്റെയും  വധുവിന്റെയും വാഹനത്തിന് മുന്നിൽ സുഹൃത്തുക്കൾ നടത്തിയ ബൈക്ക് റാലിയ്ക്കിടെയാണ് അപകടം നടന്നത്. പോക്കറ്റ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറിയ ബൈക്ക് റാലിയിലേക്ക് കാർ പാഞ്ഞു കയറുകയായിരുന്നു. അപകടം നടക്കുമ്പോഴുള്ള വിഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്. മുന്നിൽ പോയ വാഹനത്തിൽ സഞ്ചരിച്ചവർ എടുത്ത വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കാറിന്റെ ശക്തമായ ഇടിയിൽ ബൈക്കിൽ സഞ്ചരിച്ചവർ തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം. അപകടമുണ്ടായത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ അഭിഷേക് (17), അമൃതരാജ് (25), അനിൽ കുമാർ (43), ശ്രീജിത് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ ഡ്രൈവര്‍ ഡ്രൈവ് ചെയ്യുമ്പോൾ ഫോണ്‍ ഉപയോഗിച്ചതാണ് അപകട കാരണമെന്നാണ് സൂചന. അതേസമയം ബൈക്കിൽ സഞ്ചരിച്ചവരാരും ഹെൽമറ്റും ഉപയോഗിച്ചിട്ടുമില്ല.