Tuesday 16 April 2019 12:42 PM IST : By സ്വന്തം ലേഖകൻ

വളർത്തു പക്ഷിയുടെ ആക്രമണത്തിൽ ഉടമയ്ക്ക് ദാരുണാന്ത്യം; അപകടകാരി പക്ഷിയുടെ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 150 പേർ

cassovary

വീട്ടിലെ ഫാമിലെ വളർത്തുപക്ഷിയുടെ ആക്രമണത്തിൽ ഉടമയ്ക്ക് ദാരുണാന്ത്യം. ലോകത്തിലെ ഏറ്റവും അപകടകാരിയായ കാസോവരി എന്ന പക്ഷിയുടെ ആക്രമണത്തിലാണ് ഉടമ കൊല്ലപ്പെടുന്നത്. ഫ്ളോറിഡ സ്വദേശി 75 കാരനായ മാര്‍വിന്‍ ഹാജോസ് ആണ് മരണത്തിന് കീഴടങ്ങിയത്. കാസോവരിയ്ക്ക് പുറമേ നിരവധി വിചിത്ര പക്ഷികളെയും മാര്‍വില്‍ ഈ ഫാമില്‍ വളര്‍ത്തിയിരുന്നു.

ഫാമില്‍ നിന്നും അടിയന്തര വൈദ്യസഹായം തേടി ഫോണ്‍സന്ദേശം എത്തിയതോടെതാണ് വിവരം പുറത്തറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മാര്‍വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാസോവരികളെ വില്‍ക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമുണ്ട്. പക്ഷിയെ സംരക്ഷിക്കാന്‍ മാര്‍വിന് അനുമതി ലഭിച്ചിരുന്നുവോ എന്ന കാര്യം അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അല്‍പ്പം പോലും പറക്കാന്‍ കഴിയില്ലെങ്കിലും ഏറെ അപകടകാരിയാണ് ഈ പക്ഷിയെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു. മൃഗശാലകളില്‍ പ്രത്യേക മുന്‍കരുതലുകളും കടന്ന സുരക്ഷയ്ക്കും നടുവിലാണ് ഇവയെ പരിപാലിക്കുന്നത്. ഒരു ജീവികളേയും പേടിയില്ലാത്ത ഇവ മനുഷ്യനെപ്പോലും പിന്തുടര്‍ന്ന് ആക്രമിക്കുന്നവയാണ്. എപ്പോഴും ഒളിച്ചു കഴിയാന്‍ ഇഷ്ടപ്പെടുന്ന ഇവയുടെ തീറ്റ തേടലും കൂട്ടുകൂടലുമെല്ലാം ഉള്‍ക്കാട്ടില്‍ തന്നെ.

കാലുകളിലെമൂര്‍ച്ചയുള്ള നഖങ്ങളാണ് പലപ്പോഴും മരണത്തിന് ഹേതുവാകുന്നത്. കൂര്‍ത്ത നഖങ്ങളോട് കൂടിയ നീളമുള്ള കാല്‍വിരലുകള്‍ക്ക് കഠാരയോളം മൂര്‍ച്ചയുണ്ട്. ഈ പക്ഷിയുടെ തൊഴി ഏല്‍ക്കുന്നത് ഗുരുതര പരിക്കുകള്‍ക്ക് കാരണമാകും. ഈ പക്ഷിയുടെ ആക്രമണത്തില്‍ ഓസ്‌ട്രേലിയയില്‍ മാത്രം 150 ലേറെപ്പേര്‍ മരിച്ചിട്ടുണ്ട്. ഒന്നരമീറ്ററില്‍ അധികം ഉയരമുള്ള ഈ പക്ഷി ഉയരത്തില്‍ ചാടിയാണ് ആക്രമിക്കാറ്.

ഒളിച്ചിരുന്ന ശത്രുക്കളെ ആക്രമിച്ച് കീഴ്‌പ്പെടുത്താനും ആഴത്തില്‍ മണ്ണുമാന്തി കുഴികള്‍ ഉണ്ടാക്കാനും ഇവയ്ക്ക് കഴിയും. നിശ്ചിത ചുറ്റളവിനുള്ളില്‍ സ്വന്തമായി ഒരു ആവാസമേഖല തീര്‍ക്കുന്ന കാസോവരികള്‍ ഇവിടേയ്ക്ക് അതിക്രമിച്ച് കയറുന്നവരെ ശക്തമായി കൈകാര്യം ചെയ്യാനും മടിക്കാറില്ല.

ക്യൂന്‍സ് ലാന്റ്, ഓസ്‌ട്രേലിയ, ന്യൂഗിനിയ എന്നീ രാജ്യങ്ങളിലാണ് കാസോവരിയെ സാധാരണയായി കണ്ടു വരുന്നത്. ഒട്ടകപക്ഷിയുടെയും എമുവിന്റെയും ബന്ധുവായ കാസോവരി വലിപ്പത്തില്‍ രണ്ടാം സ്ഥാനത്താണ്. കറുത്ത് കട്ടി കൂടിയ തൂവലുകള്‍ ശരീരമാകെ മൂടിയിട്ടുള്ള കാസോവരിയുടെ കഴുത്തിന്റെ ഭാഗം കൊബാള്‍ട്ടിന്റെ നീല നിറത്താന്‍ ആകര്‍ഷണീയമാണ്. കഴുത്തില്‍ കോഴിയുടേത് പോലെ ചുവന്ന താടിയും തലയില്‍ പൂവും കാസോവരിയ്ക്കുണ്ട്.