Friday 19 July 2019 04:02 PM IST : By സ്വന്തം ലേഖകൻ

മടിയൻ ഭർത്താക്കൻമാർ കാണുന്നുണ്ടല്ലോ അല്ലേ? ജോലിക്കിടെ കുഞ്ഞിന് പാലൂട്ടി സിഇഒ അച്ഛൻ; വൈറൽ ഡാഡി

ceo-daddy

‘നിനക്കിവിടെ എന്താ ജോലി!’ വീട്ടിൽ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി നട്ടം തിരിയുന്ന വീട്ടമ്മമാരോട് ഭർത്താക്കൻമാർ സ്ഥിരം ചോദിക്കുന്ന ചോദ്യമാണിത്. ഉത്തരവാദിത്തങ്ങൾ മുഴുവൻ സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭർത്താക്കൻമാർ ട്യൂൺ ചെയ്ത് വച്ചമാതിരിയാണ് ഇജ്ജാതി ചോദ്യങ്ങൾ‌ ചോദിക്കുന്നത്. കുട്ടികളെ നോക്കൽ മുതൽ വീട്ടു ജോലി വരെ പെണ്ണുങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മുൻവിധിയെഴുതുന്ന ഭർത്താക്കൻമാരുടെ കാലത്ത് ഇതാ ഒരു മാതൃകാപുരുഷൻ! സ്വന്തം കുഞ്ഞിനെ നോക്കാനുള്ള ഉത്തരവാദിത്തം ഭാര്യയുടെ തലയിൽ ചാർത്താതെ സ്വയം ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹം. കക്ഷി സിഇഒ ആണെന്ന് കൂടി കേൾക്കുമ്പോഴാണ് പലരുടേയും അമ്പരപ്പ് ഇരട്ടിയാകുന്നത്.

ജോലിക്കിടെ കൈക്കു‍ഞ്ഞിന് പാലു കൊടുക്കുന്ന ഈ അച്ഛന്റെ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് നന്മക്കഥ വെളിയിൽ വരുന്നത്. മാർക്കറ്റിങ് കമ്പനിയിലെ സിഇഒ ആയ അഷുതോഷാണ് കഥയിലെ നായകൻ.

‌‌നോയിഡയിലെ മാർക്കറ്റിങ് കമ്പനിയിൽ സിഇഒ ആയ അഷുതോഷിനെ സൂപ്പർ സ്റ്റാർ വർക്കിങ് ഡാഡ് എന്നാണ് സോഷ്യൽ ലോകം വിളിക്കുന്നത്. അഷുതോഷിന്റെ സഹപ്രവർത്തകനായ ദുഷ്യന്ത് സിങ് തന്റെ സിഇഒയുടെയും കുഞ്ഞിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടു കുറിച്ചതിങ്ങനെ

''അദ്ദേഹം എന്റെ സിഇഒ ആണ്. എല്ലാ അർഥത്തിലും അദ്ദേഹം ഒരു വർക്കിങ് ഡാഡ് തന്നെയാണ്. കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കുന്ന നിമിഷത്തിലും എത്ര പെർഫെക്റ്റ് ആയിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത്. നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനായി ഞാൻ ഈ ചിത്രം പങ്കുവയ്ക്കുകയാണ്''.