Tuesday 07 April 2020 05:54 PM IST : By Shyama

'ഡാഡാ പറഞ്ഞത് ഹെൽപ്പ് ചെയ്തു, എന്റെ മൂഡ് ഓഫ്‌ മാറി'; മകളുടെ മെസേജ് നൽകിയ മോട്ടിവേഷനുമായി എബി

cera

സെറ സാനിറ്ററിവെയർ ലിമിറ്റഡിന്റെ   പ്രസിഡന്റ്‌ സെയിൽസ്, എബി റോഡ്രിഗസ് തന്റെ ലോക്ക്ഡൗൺ കാലത്തെ കുറിച്ച് പറയുന്നു....

നമ്മുടെ നാട്ടിൽ ലോക്ക്ഡൗൺ തുടങ്ങും മുൻപ്... ഒരു ദിവസം ഭാര്യ എന്നെ വിളിച്ചു പറഞ്ഞു 'മോൾ വിളിച്ചിരുന്നു, അവൾക്ക് വല്ലാത്ത സങ്കടവും ഡിപ്രഷനും ഒക്കെ തോന്നുന്നു...എന്ത് ചെയ്യണം എന്നറിയില്ല എന്നൊക്ക പറയുന്നു, നിങ്ങളൊന്ന് അവളെ വിളിക്കണേ' എന്ന്. മകൾ കരീന ഓസ്ട്രേലിയയിൽ സിഡ്‌നിയിലാണ് പഠിക്കുന്നത്. അവിടെ മുൻപേ തന്നെ ഇത്തരം വിലക്കുകളൊക്കെ വന്ന് തുടങ്ങിയിരുന്നു. ഓഫീസിലെ തിരക്കൊക്കെ കഴിഞ്ഞ് രാത്രിയാണ് അവളെ വിളിച്ചത്. ഞാൻ പറഞ്ഞത് ഇത്രേയുള്ളൂ 'ഇത് നൂറ് വർഷത്തിലൊരിക്കലൊക്കെ വരുന്നൊരു കാര്യമാണ്, നമുക്ക് ഇതിലൂടെ കടന്ന് പോകാൻ സാധിക്കുന്നു... ആ രീതിയിൽ ഈ സമയത്തെ കണ്ടിട്ട് നമ്മളാൽ കഴിയുന്ന രീതിയിൽ അതിനായി പ്രവർത്തിക്കാൻ പറ്റും എന്ന് നോക്കാം. നമ്മുക്ക് പറ്റുന്ന രീതിയിൽ മറ്റുള്ളവർക്ക് ഈ ദുരിതകാലത്ത് ആശ്വാസം പകരാൻ ശ്രമിക്കാം' എന്നൊക്കെ പറഞ്ഞത് ആശ്വസിപ്പിച്ച് ഫോൺ വെച്ചു. അടുത്ത ദിവസം ഉച്ചയായപ്പോ അവളുടെ മെസ്സേജ് വന്നു 'ഡാഡാ പറഞ്ഞത് എന്നെ വളരെ അതികം ഹെല്പ് ചെയ്തു, എന്റെ മൂഡ് ഓഫ്‌ ഒക്കെ മാറി'... ആ മെസ്സേജ് ആണ് എനിക്ക് മോട്ടിവേഷൻ ആയത്." വാക്കിൽ നിറയെ വെളിച്ചവുമായ് എബി പറഞ്ഞു തുടങ്ങി.

"വീട്ടിൽ തന്നെ ഇരിക്കുമ്പോൾ നമുക്ക് പലതരം ചിന്തകൾ വരും. ചിന്തിച്ചു കാടുകയറി പലതരം ശാരീരിക മാനസിക പ്രശ്നങ്ങളായി മാറും. അതൊക്ക മാറ്റാനാണ് എല്ലാവർക്കും വേണ്ടി പോസിറ്റീവ് ആയ പാട്ടുകൾ പാടാൻ തീരുമാനിച്ചത്. മോട്ടിവേഷനൽ പാട്ടുകളും ഭക്തി ഗാനങ്ങളും ഉണ്ട്. ഞാനും എന്റെ രണ്ടു പിള്ളേരും ചേട്ടന്റെ മകനുമാണ് ഞങ്ങളുടെ ഹോം ബാന്റിലുള്ളത്. ഭാര്യയാണ് വീഡിയോഗ്രാഫർ."

തുടക്കം ശുഭം

ജനത കർഫ്യുവിന്റെ അന്നാണ് ഞങ്ങൾ ആദ്യത്തെ വീഡിയോ ഇട്ടത്. അതിന് മുൻപേ എല്ലാ ദിവസവും വീഡിയോ ഇടും എന്ന് ഞാൻ ഫേസ്ബുക്കിൽ ഇട്ടിരുന്നു. ആദ്യത്തെ വീഡിയോയ്ക്ക് നല്ല റെസ്പോൺസ് ആണ് കിട്ടിയത് അങ്ങിനെ വീഡിയോസ് തുടരെ തുടരെ ചെയ്യാൻ തുടങ്ങി. കുറച്ചധികം ജോലി തിരക്കുള്ള ഒരു ദിവസം ഒഴികെ ബാക്കി എല്ലാ ദിവസവും ദേ... ഇന്ന് വരെ വീഡിയോ ഇടാൻ സാധിച്ചു.

ഞാൻ തന്നെയാണ് മിക്കവാറും പാട്ടുകൾ തിരഞ്ഞെടുക്കുന്നത്. ചില സംഭവങ്ങൾ കാണുമ്പോഴും വായിക്കുമ്പോഴും ഒക്കെ ചില പാട്ടുകളും അതിനൊപ്പം നമ്മളിലേക്ക് വരും. അതിനെ കുറിച്ചും ഞാൻ എഴുതാറുണ്ട്. ഇപ്പൊ പാട്ടിന്റെ സജജ്ഷൻസ് ഒക്കെ ധാരാളം വരുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരു ഓസ്‌ട്രേലിയൻ ചാനൽ ഞങ്ങളുടെ ഇന്റർവ്യൂ എടുത്തു... നമ്മൾ വിചാരിക്കുന്നതിനേക്കാൾ ഉപരിയായി ഇതൊക്ക ആളുകളിൽ എത്തുന്നു, അവർക്ക് ആശ്വാസം നൽകുന്നു എന്നറിയുന്നത് കൂടുതൽ നന്മ ചെയ്യാനുള്ള പ്രചോദനം തന്നെയാണ്.

നല്ല എഫോർട്ട് ഉണ്ട്. പാട്ട് ആദ്യം തീരുമാനിച്ചിട്ട് ഞങ്ങൾ പ്രാക്ടീസ് ചെയ്യും. പാടി നന്നായി എന്നുതോന്നുമ്പോ ഭാര്യ ജൂഡിയെ വിളിക്കും. പുള്ളിക്കാരി ഫോണിൽ ഷൂട്ട്‌ ചെയ്യും. ചില സമയത്ത് റെക്കോർഡിങ് ഓൺ ആക്കാൻ വിട്ട് പോകും, ചില സമയം അവസാനമാകുമ്പോ ഞങ്ങൾ ആരേലും തെറ്റിക്കും, വീണ്ടും എടുക്കും അങ്ങിനെയൊക്കെ.... അഹമ്മദാബാദിലെ ഫ്ലാറ്റിലുള്ളവരോട് ഇപ്പൊ 11 മണി വരെ ഞങ്ങളെ ഒന്ന് സഹിക്കണേ ഇങ്ങനൊരു കാര്യത്തിന് വേണ്ടിയാണെന്നൊക്കെ പറഞ്ഞു വെച്ചിട്ടുണ്ട്.... ഇതുവരെ നല്ല സഹകരണമാണ്. മൂത്ത മകൻ ഡാനിയൽ ആണ് ഗിറ്റാർ വായിക്കുന്നത്. ഇളയ മകൻ ലിയാണ്ടർ ഡ്രംസ്സിൽ, ചേട്ടന്റെ മകൻ അലിസ്റ്റർ ആണ് ഇടക്ക് വോക്കലും ഗിറ്റാറും ഒക്കെയായി വരുന്നത്. ഞാൻ പാട്ടും കീബോർഡും.

ആ ശക്തി എന്നെ നയിക്കുന്നു

ത്രോട്ട് ക്യാൻസർ അതിജീവിക്കുന്ന സമയത്ത് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എനിക്ക് പള്ളിയിൽ പാടാനാകണം എന്നാണ്. ഇപ്പൊ പാടുമ്പോൾ മുൻപ് പാടിയിരുന്ന റേഞ്ച്-ന് മുകളിൽ പാടാൻ സാധിക്കുന്നു. നമ്മൾ കാണുന്ന ഈ കഷ്ടപ്പാടിന് മുകളിലായി ദൈവത്തിന്റെ അത്ഭുതം നമ്മളിൽ പ്രവർത്തിക്കും എന്ന് എനിക്ക് അതിലൂടെ മനസിലായി.

വേറൊരു അത്ഭുതം കൂടിയുണ്ട് ആ സമയത്ത് ഞാൻ ക്യാൻസറിനെ അതിജീവിച്ച കഥ 'വനിത'യിലൂടെ ആണ് പുറത്ത് വന്നത്. അതിറങ്ങി ഒന്നര മാസം കഴിഞ്ഞപ്പോ എന്റെ ഒരു ബന്ധു തിരുവനന്തപുരത്തു നിന്ന് വിളിച്ചു ആ കുട്ടിയുടെ അച്ഛൻ മുൻപേ മരിച്ചു പോയി അമ്മ വല്ലാത്ത ഡിപ്രെഷനിലേക്ക് പോയി ഭക്ഷണം ഒന്നും കഴിക്കാതിരുന്ന സമയത്ത് ഈ ലേഖനം വായിക്കാൻ കൊടുത്തു... അന്ന് ഒരുപാട് ദിവസങ്ങൾക്കു ശേഷം ആരും നിർബന്ധിക്കാതെ തന്നെ അവർ രാത്രി ഭക്ഷണം കഴിക്കാൻ വന്നിരുന്നു എന്ന്. നമ്മുടെ സഹനത്തിലൂടെ അതിജീവനത്തിന്റെ സന്ദേശം മറ്റുള്ളവർക്ക് കിട്ടുന്നുണ്ട്... എന്നണ് ഞാൻ മനസിലാക്കുന്നത്.

വീട്ടിൽ എല്ലാവരും ഒത്തുചേരണം, സഹായിക്കണം

കല്യാണം കഴിഞ്ഞ് ഇത്രേം നാളായിട്ട് ആദ്യമായിട്ടാണ് ഞങ്ങളൊക്കെ ഇങ്ങനെ ദിവസങ്ങളോളം ഒരുമിച്ചിരിക്കുന്നത്, അതിന്റെ സന്തോഷമുണ്ട്‌. ഭാര്യയെ സഹായിക്കും, കഴിച്ച് കഴിഞ്ഞാൽ എല്ലാവരും അവരവരുടെ പാത്രം കഴുകി വെയ്ക്കണം എന്നൊരു നിയമവും കൊണ്ട് വന്നിട്ടുണ്ട്. ഗാർഡനിങ് ഉണ്ട്, ഒരു അക്വാറിയം ഉണ്ട്... അതൊക്കെ എല്ലാരും നോക്കി നടത്തുന്നു. അച്ഛനും അമ്മയും വേണം കുട്ടികൾക്കുള്ള ഏറ്റവും വലിയ റോൾ മോഡൽ ആവാൻ . കാരണം അവർ നമ്മളെ കണ്ടാണ് പലതും പഠിക്കുന്നതും ശീലിക്കുന്നതും.അതൊക്ക ശരിയായി തന്നെ അവർ ശീലിക്കട്ടെ.

ജോലിക്കാര്യം പറഞ്ഞാൽ പല തരം ആശങ്കകൾ ഉള്ളപ്പോഴും അതൊക്ക മാറ്റിവെച്ച് ഞങ്ങൾ വളരെ പോസറ്റീവ് ആയാണ് മുന്നോട്ടുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത്. അതിന്റെ ചർച്ചകളും കാര്യങ്ങളും എന്നും ഓൺലൈൻ വഴിയും ഫോൺ വഴിയും ഒക്കെ നടക്കുന്നു. എങ്ങിനെ കോസ്റ്റ് റെഡ്‌ക്ഷൻ ചെയ്യാം, നിലവിലുള്ള വിഭവങ്ങൾ എങ്ങിനെ ഏറ്റവും നന്നായി ഉപയോഗിക്കാം...എന്നൊക്ക നോക്കി വരുന്നു. സെറയുടെ ഏറ്റവും പുതിയ ക്യംപെയിൻ തന്നെ 'കേൾക്കാം വീടിന്റെ സ്പന്ദനം' എന്നായിരുന്നു. ക്വാളിറ്റി ടൈം വീടിനുള്ളിൽ ചിലവഴിക്കൂ എന്ന് പറയുന്നതായിരുന്നു അത്. ഇന്നിപ്പോൾ അതിന് വളരെ അർത്ഥമുണ്ട്. ഒരു ഇടവേള കിട്ടിയാൽ വീടിനു പുറത്തേക്ക് പോകാനായിരുന്നു നമ്മൾ പലരും നോക്കിയിരുന്നത് ഇനി മുതൽ ആ സന്തോഷം വീട്ടിലേക്ക് തന്നെ കൊണ്ട് വരാൻ നമ്മൾ നോക്കും...

ലോക്ക്ഡൗൺ എന്ന് തീരും കൊറോണ കഴിഞ്ഞ് എന്ത് സംഭവിക്കും എന്നതൊന്നും നമ്മുടെ കയ്യിലുള്ള കാര്യങ്ങളല്ല. പക്ഷേ, മനുഷ്യനുള്ളിടത്തോളം കാലം അവനിതൊക്കെ അതിജീവിക്കും. അതാണ് കാലം പറയുന്നത്. ഇത്രയധികം ടെക്നോളജിയും ഇത്രയും ഊർജ്ജവും ഒക്കെ ഉള്ളതുകൊണ്ട് ഇനിയും അത്ഭുതങ്ങൾ നടക്കും.

Tags:
  • Spotlight