Saturday 18 April 2020 05:42 PM IST

മൺപാത്രങ്ങളിൽ അദ്ഭുതങ്ങൾ നിറയ്ക്കുന്ന സ്വർണ്ണമത്സ്യം; ഹാൻഡ്മെയ്ഡ് സെറാമിക്ക് പോട്ടറിയുമായി അനു ചീരാന്റെ ‘ലിറ്റിൽ ഗോൾഡ്ഫിഷ്’

Unni Balachandran

Sub Editor

anu

പണ്ട് കളിമണ്ണ് ഉപയോഗിച്ച് ചട്ടിയും കുടവുമൊക്കെ ഉണ്ടാക്കുന്ന ധാരാളം സ്ഥലങ്ങൾ നാട്ടിലുണ്ടായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഇത്തരം സ്ഥലങ്ങൾ. പണ്ടു മുതലേ ഡിസൈനിങ്ങിലുണ്ടായിരുന്ന താൽപര്യത്തിനൊപ്പം കളിമണ്ണുകൾ കുറയുന്നതുകൂടെ ശ്രദ്ധിച്ചപ്പോൾ അനു ഒന്നാലോചിച്ചു. കളിമണ്ണിന്റെ ഒരു ന്യൂജനറേഷൻ വെർഷനായി ‘ഹാൻഡ്മെയ്ഡ് സെറാമിക്ക് പോട്ടറി’യിലേക്ക് തിരിഞ്ഞാലെന്താ?. ആ ചിന്തയാണിപ്പോൾ ആവശ്യക്കാരേറിവരുന്ന ‘ദ് ലിറ്റിൽ ഗോൾഡ്ഫിഷ്’ എന്ന ഇൻസ്റ്റാഗ്രം അക്കൗണ്ടിന്റെ വിജയത്തിന് പിന്നീൽ.

‘സെറാമിക്ക് പോട്ടറിയിൽ എല്ലാത്തിന്റെയും മിനിമൽ രൂപങ്ങളോടാണ് ആളുകൾക്കിഷ്ടം. ഭക്ഷണം വിളമ്പുന്ന വിവിധ തരം പാത്രങ്ങൾ ( ടേബിൾ വെയർ), പെൻസ്റ്റാൻഡ്, കീ ചെയ്ൻ, കപ്പ്, സോസർ, ഷോ കേസ് സാധനങ്ങൾ എന്നിവയെല്ലാം ഗോൾഡ്ഫിഷിന്റേതായി വിപണിയിലൂണ്ട് . മലയാളം എഴുത്തുകളുമായെത്തുന്ന ഐറ്റങ്ങൾക്കാണ് കൂടുതൽ ഫാൻസുള്ളത്. പേരും ആക്ഷരങ്ങളും വിളിപ്പേരുമൊക്കെയായി ഗിഫ്റ്റായി നൽകാനും ഈ മലയാളം എഴുത്തുകൾ ഉപയോഗിക്കും. ഒരിക്കൽ അമ്മയ്ക്കു ഗിഫ്റ്റ് നൽകാനായി മക്കൾ എന്നോട് ചെയ്തു കൊടുക്കാൻ പറയുന്നത് ആറ് ടീ കപ്പുകളാണ്. അവയിൽ ഓരോന്നിലും അമ്മയെ അവർ വിളിക്കുന്ന ചെല്ലപ്പേരുകളാണ് എഴുതിയിരുന്നു, അത്രയും പ്രെവറ്റായ ഇഷ്ടങ്ങളേ ആകർഷിക്കപ്പെടുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ട് ’ അനു ചീരാൻ പറയുന്നു

പഠിച്ചതും പരീക്ഷിച്ചതും

എല്ലാവരേയും പോലെ സ്കൂളിൽ പഠിക്കുമ്പോൾ ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ ആവണമെന്നേ ഞാനും ഓർത്തിട്ടുള്ളൂ. പക്ഷേ, ക്ലാസ് മുൻപോട്ടു പോയപ്പോൾ തോന്നി ഈ പഠിക്കുന്നതൊന്നും വച്ച് ജീവിതത്തിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന്. അങ്ങനെ വീട്ടിൽ സംസാരിച്ചപ്പോൾ അച്ഛന്‍ വർഗീസും അമ്മ മിനിയും ഇഷ്ടമുള്ളതെന്തും സിലക്ട് ചെയതോളാനുള്ള ഫുൾ ഫ്രീഡം തന്നു, ജോബിന്റെ സാലറിയെ പറ്റി ചിന്തിക്കേണ്ടെന്ന് ചേട്ടൻ അശോകും പറഞ്ഞതോടെ ഞാൻ റിലാക്സ്ഡായി. ആ സ്വാതന്ത്ര്യത്തിന്റെ ധൈര്യത്തിലാണ് ഡിസൈനിങ്ങിലേക്ക് തിരിയുന്നത്.

anu1

അങ്ങനെയാണ് തൃശൂരിലെ ചിന്മയവിദ്യാലയ സ്കൂളിൽ നിന്ന് ചെന്നൈ എൻഎഫ്റ്റിയിലേക്ക് ഞാനെത്തിയത്. അവിടെ ലെതർ ഡിസൈനിങ്ങിൽ നാല് വർഷത്തെ കോഴ്സ് ചെയ്തു. അവിടെ ഷൂസ്, ബാഗ്സ് ഡിസൈനിങ്ങിൽ നിന്നാണ് കൂടുതൽ ക്രാഫ്റ്റുകളിലേക്കും അതിന്റെ മേക്കിങ്ങിലേക്കും എത്തുന്നത്.

പിന്നീട് സെറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ കോഴ്സ് എൻഐഡി അഹമ്മദാബാദിൽ നിന്നു ചെയ്തു. പത്തു സീറ്റുകൾ മാത്രമുള്ള കോഴ്സ് ആയതുകൊണ്ട് തന്നെ തീരെ പ്രതീക്ഷിക്കാതെയാണ് ആപ്ലിക്കേഷൻ കൊടുത്തത്. പക്ഷേ, ഭാഗ്യത്തിന് അവിടെ തന്നെ പഠിക്കാൻ പറ്റി. ആ കോഴ്സ് കംപ്ലീറ്റ് ചെയ്തപ്പോൾ സെറാമിക് പോട്ടറി ഒരു ജോലിയായി കാണാമെന്ന് കരുതി.

ടെൻഷനോടെ തുടക്കം

ആളുകൾക്ക് ഈ ബിസിനസിനെ പറ്റിയുള്ള അറിവിനെക്കുറിച്ചു എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. ചെറിയൊരു പെണ്ണ് അവൾടെ ഇഷ്ടത്തിന് എന്തൊക്കെയൊ വരച്ചു കൂട്ടുന്നുവെന്നെ ചിന്തിച്ചാലോ. പഠിക്കുന്ന സമയത്തും അത്തരം ചോദ്യങ്ങളുണ്ടായിരുന്നകൊണ്ട് ഞാൻ ഒരുപാട് ആലോചിച്ചു, ആളുകൾ എന്റെ വർക്കുകൾ വാങ്ങിക്കണെമെങ്കിൽ ക്രാഫ്റ്റിന് മാത്രം പോരാ പ്രൊഡക്ടുകൾക്കെല്ലാം ഉപയോഗവും ഉണ്ടാവണമെന്ന്.

എന്തായാലും വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നൊരു പഴയ പോട്ടറി വീൽ ഞാനാദ്യം വാങ്ങി. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങാൻ സാധ്യതയുള്ള കളിമണ്ണിന്റെ പ്രൊഡക്ടിനെക്കുറിച്ചായി ആലോചന.

ആ ചിന്തയവസാനിച്ചത് ചെറിയ ചെടികൾക്കായി കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ പോട്ടുകളിലാണ്. കാണാൻ വളരെ ഒതുക്കവും ഭംഗിയും ഉണ്ടായിരുന്നകൊണ്ട് പലർക്കും അത് ഇഷ്ടപ്പെട്ടു. അത്തരത്തിലൊരു പ്രൊഡക്ട് കളിമണ്ണ് കൊണ്ടാണ് ഉണ്ടാക്കിയതെന്നറിയുമ്പോൾ എല്ലാവർക്കും ആകാംക്ഷ കൂടി. അവരുടെ ആ ആകാംഷയാണ് എന്റെ കോൺഫിഡെൻസായി മാറിയത്.

anu3

മേക്കിങ്ങാണ് ഹൈലേറ്റ്

നമുക്ക് ആവശ്യമുള്ള ഷെയ്പ്പുകളിൽ പോട്ടറി വീലിൽ പ്രൊഡക്ട് ഡിസൈൻ ചെയ്യുക എന്നതാണ് ആദ്യത്തെ സ്‌റ്റെപ്പ്. അതിനുശേഷം ഇവയെല്ലാം നാച്യൂറലായി തന്നെ ഉണങ്ങാനായി സുര്യപകാശത്തിനടിയിൽ വയ്ക്കണം. അത് കഴിഞ്ഞു ഈ പ്രൊഡക്ടുകളെല്ലാം ഒരുമിച്ച് ഫയർ ചെയ്യണം. അതിനായി ക്ലിൻ എന്നൊരു ഉപകരണമാണ് വേണ്ടത്. പ്രൊഡക്ടുകളെല്ലാം ക്ലിന്നിൽ 900 ഡിഗ്രിയിൽ വച്ചു കഴിഞ്ഞാൽ പിന്നെ, നമുക്കൊന്നും ചെയ്യാനില്ല. അതുകൊണ്ട് ക്ലിന്നിലേക്കു പ്രൊടക്ട് വയ്ക്കും മുൻപ് അവയെല്ലാം നല്ല രീതിയിൽ ഉണങ്ങിയിട്ടുണ്ടെന്നും ക്ലെ സെറ്റ് ആയെന്നും ഉറപ്പുവരുത്തണം. ഇല്ല്യുസ്ട്രേഷന് ശേഷം കളർ കോട്ടിങ്ങിനായി സിലിക്കയുടെയും ഓക്സൈഡിന്റെയും മിക്സായ ഗ്ലേസിൽ മുക്കിയിടും. എല്ലാം കഴിഞ്ഞ് 1200 ഡിഗ്രിയിൽ വീണ്ടും ഫയറ് ചെയ്യുമ്പോഴാണ് പ്രൊഡക്ട് പൂർണമാകുന്നത്.

എന്റെ ക്യാരക്ടർ പോലെ കുട്ടിത്തമുള്ളതാണ് എന്റെ ഓരോ ഡിസൈനുകളെമെന്നാണ് എല്ലാവരും പറയുന്നത്. ഓരോ പ്രൊഡക്ടിനും നൽകുന്ന ഡിസൈനിലും കാണും ഇതേ പോലെ എന്തെങ്കിലും ഒരു മിനിമൽ ശ്രമം. മഴയുടെ, പ്രകൃതിയുടെ ,മൃഗങ്ങളുടെ...എല്ലാത്തിന്റെയും ഓരോ ചെറിയ ചിത്രങ്ങൾ. നമ്മളിലൊരു സന്തോഷമുണ്ടാകുമ്പോഴല്ലെ മറ്റുള്ളവരിലേക്കും അത് പകർന്നു വയ്ക്കാൻ കഴിയൂ. കൂടുതൽ പരീക്ഷണങ്ങളുമായി ആ സന്തോഷം വളർത്താനുള്ള സ്വപ്നത്തിലാണ് ഞാൻ.

Tags:
  • Spotlight