Saturday 09 February 2019 03:59 PM IST : By സ്വന്തം ലേഖകൻ

ക്രമംതെറ്റുന്ന ആർത്തവം, നടുവേദന; ഗർഭാശയമുഖ കാൻസറിനെ കരുതിയിരിക്കുക; ലക്ഷണങ്ങളും ചികിത്സയും ഇവയൊക്കെയാണ്

cervical-cancer

കാൻസറും ലോകവും തമ്മിലുള്ള പോരാട്ടം അനുദിനം തുടർന്നു കൊണ്ടേയിരിക്കുകയാണ്. രണ്ടായിരത്തി ഇരുപതിൽ ലോകത്തിലെ കാൻസർ രോഗികളുടെ എണ്ണം ഒന്നരക്കോടി കഴിയുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ആശങ്കയേറ്റാൻ പോന്നതാണ്. പ്രതിരോധിക്കാൻ അത്യാധുനിക മാർഗങ്ങളുണ്ടെങ്കിലും ഈ മഹാമാരി നമ്മിൽ വിതയ്ക്കുന്ന ഭീതി ചെറുതൊന്നുമല്ല. പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ പടർന്നു പിടിക്കുന്ന സ്തനാർബുദത്തേയും ഗർഭാശയ മുഖ കാൻസറിനേയുമെല്ലാം ഏറെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ കാൻസറിനെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഒരുപിടി മാർഗങ്ങൾ നിർദ്ദേശിക്കുകയാണ് യുവ ഡോക്ടർ ഷിനു ശ്യാമളൻ.

കുറിപ്പ് വായിക്കാം;

1. തടയാം ഗര്‍ഭാശയമുഖ കാന്‍സറിനെ
__________________________________

പലപ്പോഴും ക്യാൻസർ എന്ന മാരകരോഗം അതിന്റെ അവസാനഘട്ടത്തിലായിരിക്കും നമ്മൾ അറിയുക.അതുകൊണ്ടു തന്നെ പലപ്പോഴും പല ചികിത്സകൾ നൽകിയിട്ടും രോഗികൾ മരണത്തിലേക് പോകുന്നു. പക്ഷെ സർവിക്കൽ കാൻസർ മതിയായ സ്‌ക്രീനിംഗ് റെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും തക്കസമയത്തു ചികിൽസിക്കുവാനും, കൂടാതെ കുത്തിവെപ്പിലൂടെ പ്രതിരോധിക്കുവാനും സാധിക്കും. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യത്തു സ്ത്രീകളിൽ സർവിക്കൽ ക്യാൻസർ ഇപ്പോഴും ധാരാളമായി കണ്ടുവരുന്നു?? സർവിക്കൽ ക്യാൻസറിനെ കുറിച്ചുള്ള അറിവില്ലായ്മ ആണോ അതിനു കാരണം?? അതുകൊണ്ടു തന്നെ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണിത്.

ലോകത്തു അഞ്ചാമതായി ഏറ്റവുമധികം കണ്ടുവരുന്ന ക്യാന്‍സറാണ് ഗര്‍ഭാശഗയമുഖ ക്യാന്‍സര്‍(സെര്‍വിക്കല്‍ കാന്‍സര്‍). ബ്രെസ്റ്റ് കാന്‍സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്ത്രീകളില്‍ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സറാണിത്.

ലോകത്തു പ്രതിവര്‍ഷം മൂന്നു ലക്ഷം സ്ത്രീകള്‍ ഈ രോഗംകൊണ്ട് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാത്രമല്ല അഞ്ചു ലക്ഷം പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെടുന്നുമുണ്ട്.

ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സര്‍വിക്കല്‍ കാന്‍സറിനും കാരണമാകുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്.

80ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നു പറയപ്പെടുന്നു.

70ശതമാനം സര്‍വിക്കല്‍ കാന്‍സറും HPV 16 ,HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്.
സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമ്മുടെ നാട്ടില്‍ അവബോധം കുറവാണെന്നത് ഒരു വലിയ പ്രശ്നമാണ്. അതുകൊണ്ട് ഇത് തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും പലര്‍ക്കുമറിയില്ല.

എച്ച്.പി.വി. വൈറസുകള്‍ സര്‍വിക്കല്‍ കാന്‍സറിനു മാത്രമല്ല മലദ്വാരത്തിലും, വായിലും,തൊണ്ടയിലും, പുരുഷലിംഗത്തിലും, യോനിയിലെ ക്യാന്‍സറിനും കാരണമായേക്കാം. സാധരണ 15 മുതല്‍ 20 വർഷം വരെ എടുക്കും അണുബാധമൂലം സര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടാവാന്‍.പക്ഷെ പ്രതിരോധശേഷി കുറഞ്ഞവരില്‍ അഞ്ചുമുതല്‍ 10 വര്‍ഷം കൊണ്ട് വരാം.

രോഗ ലക്ഷണങ്ങള്‍

1.ആര്‍ത്തവം ക്രമം തെറ്റുക

2.ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക.

3.ലൈംഗിക ബന്ധത്തിന് ശേഷം രക്തം കാണുക.

4.ക്ഷീണം,തൂക്കം കുറയുക,വിശപ്പില്ലായ്മ

5. വെള്ളപോക്ക്.

6.നടുവേദന

7.ഒരു കാലില്‍ മാത്രം നീര് വരുക.

എങ്ങനെ രോഗം വരാതെ നോക്കാം

1.ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം അല്ലെങ്കില്‍ മറ്റു സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുക.

2.പുകയില ഉപയോഗം കുറയ്ക്കുക.

3.വൈറസിനെതിരായ കുത്തിവെപ്പ് എടുക്കുക.

4.കാന്‍സര്‍ കണ്ടെത്താന്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുക.

രോഗനിര്‍ണയം.

നാലുതരം പരിശോധനകളാണ് പ്രധാനമായും രോഗനിര്‍ണയത്തിന് നിലവിലുള്ളത്.

1.പാപ്പ് സ്മിയര്‍ ടെസ്റ്റ്

2.എല്‍.ബി.സി.

3.എച്ച.പി.വി. ടെസ്റ്റ്

4.വി.ഐ.എ (V.I.A)

ഇതില്‍ പാപ് സ്മിയര്‍ ടെസ്റ്റ് എന്നത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പരിശോധനയാണ്. കേരളത്തില്‍ പല ആശുപത്രികളിലും സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങളുണ്ട്. ഗര്‍ഭാശയമുഖത്തെ(cervix) കോശങ്ങള്‍ക്കു എന്തെങ്കിലും മാറ്റമുണ്ടോ ,കാന്‍സര്‍ ഉണ്ടോ ,ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്നിവയെല്ലാം ഈ പരിശോധനയിലൂടെ അറിയുവാന്‍ സാധിക്കും. മാത്രവുമല്ല ചിലവു വളരെ കുറഞ്ഞതുമാണ്.

എല്ലാ സത്രീകളും ഈ പരിശോധന നടത്തണം. 30 വയസ്സ് മുതലെങ്കിലും രണ്ടോ മൂന്നോ വര്‍ഷമെങ്കിലും കൂടുമ്പോള്‍ സ്‌ക്രീനിങ് നടത്തുന്നത് നല്ലതാണ്. അതും പറ്റില്ലെങ്കില്‍ ഒരിക്കലെങ്കിലും ചെയ്യുക.

ചികിത്സ

1.ക്രയോസര്‍ജറി

2.സര്‍ജറി

3.കീമോതെറാപ്പി

4.റേഡിയോതെറാപ്പി

പരിഹാരം വാക്‌സിന്‍

ഗര്‍ഭാശയ മുഖ കാന്‍സര്‍ വരാതിരിക്കുവാനുള്ള പ്രധാന മാര്‍ഗം പ്രതിരോധ കുത്തിവെപ്പെടുക്കുക എന്നതാണ്.വാക്‌സിനുകള്‍ വളരെ ഫലപ്രദവുമാണ്. ലോകാരോഗ്യ സംഘടന ഈ കുത്തിവെപ്പ് നിർദേശിക്കുന്നുവുണ്ട്. ഇന്ത്യയില്‍ പ്രധാനമായും രണ്ടു തരം കുത്തിവെപ്പ് ലഭ്യമാണ്.

സെര്‍വിക്കല്‍ കാന്‍സറുള്ളവര്‍ ഈ കുത്തിവെപ്പ് എടുത്തിട്ട് പ്രയോജനമില്ല.പക്ഷെ സർവിക്കൽ കാൻസർ വരാതെയിരിക്കുവാൻ ഈ കുത്തിവെപ്പ് വളരെ സഹായിക്കുന്നു. അതുകൊണ്ട് ഒന്‍പതിനും പതിമൂന്ന് വയസ്സിനുമിടയില്‍ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.ഒരു പെൺകുട്ടി ലൈംഗിക ബന്ധത്തിൽ എർപെടുന്നതിന് മുൻപ് തന്നെ ഈ കുത്തിവെപ്പെടുക്കുന്നതാണ് നല്ലത്. എങ്കിലും 26 വയസ്സ് വരെ കുത്തിവെപ്പ് എടുക്കാവുന്നതാണ്.

ആറു മാസത്തിനുള്ളില്‍ മൂന്നെണ്ണമായിട്ടാണ് ഇവ എടുക്കുന്നത്.വാക്‌സിനുകള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലെന്നത് ഒരു പ്രധാന പ്രശ്‌നമാണ്. വിലയും കൂടുതലാണ്. 2700 മുതല്‍ 3300 രൂപ വരെ വരും. ഡല്‍ഹി ഗവണ്മെന്റ് 2016 മുതല്‍ സൗജന്യമായി 13 വയസുള്ള പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ കൊടുത്തു വരുന്നു.അങ്ങനെ കൊടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ഡല്‍ഹി.

2016 മുതല്‍ 65 രാജ്യങ്ങളില്‍ കുത്തിവെപ്പ് നല്‍കിവരുന്നു എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
മതിയായ സ്‌ക്രീനിങും കുത്തിവെപ്പും തക്ക സമയത്തുള്ള ചികിത്സയിലൂടെയും സര്‍വിക്കല്‍ ക്യാന്‍സര്‍കൊണ്ട് ഒരുപരിധി വരെയുള്ള മരണനിരക്ക് കുറയ്ക്കാവുന്നതാണ്.

ലോകാരോഗ്യ സംഘടന മുന്നോട്ടു വെയ്ക്കുന്ന ഈ കുത്തിവെപ്പ് തീർച്ചയായും നമ്മുടെ ജനങ്ങളിലേക്ക് എത്തേണ്ടതാണ്. അതിനു വേണ്ട നടപടി നമ്മുടെ സർക്കാർ എടുക്കുമെന്ന് കരുതുന്നു.

****************
" 2. സ്തനാർബുദം"

സ്വന്തം സ്തനങ്ങൾ നിങ്ങൾ കണ്ണാടിയ്ക്ക് മുന്നിൽ വിവസ്ത്രയായി നിന്ന് കൊണ്ട് സ്വയം പരിശോധിക്കാറുണ്ടോ?

ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ വളരെ നല്ലത്. ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഇനി വൈകിക്കണ്ട.

ആർത്തവത്തിന് പത്തു ദിവസങ്ങൾക്ക് ശേഷം കണ്ണാടിയ്ക്ക് മുന്നിൽ വിവസ്ത്രയായി നിൽക്കുക. പുറമെ കാഴ്ച്ചയിൽ എന്തെങ്കിലും മാറ്റമുണ്ടോ സ്തനങ്ങൾക്ക് എന്ന് നോക്കുക.

തൊലിയ്ക്ക് നിറ വ്യത്യാസമോ, മുല കണ്ണുകൾ ഉള്ളിലേയ്ക്ക് വലിഞ്ഞിരിക്കുകയോ, മുലക്കണ്ണുകളിൽ നിന്ന് എന്തെങ്കിലും ദ്രാവകം ഒലിക്കുന്നുണ്ടോ എന്നൊക്കെ നോക്കുക.

മുലക്കണ്ണുകൾ ഞെക്കി അവയിൽ നിന്നും എന്തെങ്കിലും ദ്രാവകം വരുന്നുണ്ടോ എന്നു നോക്കുക.

ശേഷം ഇടത്തെ കൈ തലയുടെ പിറകിൽ വെക്കുക. വലത്തെ കൈകൊണ്ട് ഇടത്തെ സ്തനത്തിൽ തൊട്ടു നോക്കുക. ഉള്ളം കൈയുടെ പരന്ന ഭാഗം ഉപയോഗിക്കുക. ഇടത്തെ സ്തനത്തിലും, ഇടത്തെ കക്ഷത്തിലും പരിശോധിക്കുക.

തൊട്ടു നോക്കുമ്പോൾ എന്തെങ്കിലും തടിപ്പോ കട്ടിയോ തോന്നുന്നെങ്കിൽ അത് എവിടെയാണെന്ന് ശ്രദ്ധിക്കുക.

അതിന് ശേഷം ഇടത്തെ മാറിൽ ചെയ്തത് പോലെ തന്നെ ഇടത്തെ കൈ കൊണ്ട് വലത്തെ മാറിലും കക്ഷത്തിലും പരിശോധിക്കുക. വലത്തെ സ്തനം പരിശോധിക്കുമ്പോൾ വലത്തെ കൈ തലയുടെ പിറകിൽ വെക്കുക.

താഴെ ചിത്രത്തിൽ കൈ വെച്ചത് ശ്രദ്ധിക്കുക. അതുപോലെ കൈകൾ വെക്കുക.

സ്ത്രീകളിൽ സ്തനങ്ങളിലെ ക്യാൻസർ ഇന്ന് ധാരാളമായി കണ്ടു വരുന്നു. ലോകത്ത് സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്ന ക്യാൻസറും സ്തനങ്ങളുടെ ക്യാൻസറാണ്.

ഏതു ക്യാൻസറിനെ പോലെ തന്നെ നേരത്തെ കണ്ടെത്തുവാൻ സാധിച്ചാൽ വളരെ നല്ലതാണ്.

സ്വന്തം സ്തനങ്ങൾ വിവസ്ത്രയായി കണ്ണാടിയ്ക്ക് മുന്നിലോ, അല്ലെങ്കിൽ കുളിക്കുമ്പോഴോ പരിശോധിക്കുക. മാസത്തിൽ ഒന്നോ അല്ലെങ്കിൽ 6 മാസം കൂടുമ്പോഴെങ്കിലും സ്വയം പരിശോധിക്കുക. ആർത്തവത്തിന് 10 ദിവസങ്ങൾക്ക് ശേഷം ചെയ്യുക.

ആർത്തവം നിന്ന സ്ത്രീകൾക്ക് മാസത്തിൽ എപ്പോൾ വേണമെങ്കിലും സ്തനങ്ങൾ പരിശോധിക്കാം.

ഡോ. ഷിനു ശ്യാമളൻ