തിരുവനന്തപുരം മാറനല്ലൂരില്‍ ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ച നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. പരാതിക്കാരിയും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പതിവായി ബസുകളില്‍ തിരക്കുണ്ടാക്കി മാല പൊട്ടിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
തമിഴ്നാട് പൊള്ളാച്ചിയിലെ കൊല്ലയ്ക്കാപാളയം കുറവൂര്‍ കോളനിയില്‍ താമസക്കാരായ ഹരണി, അംബിക, അമൃത എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. കാട്ടാക്കട പൂവാര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന ശോഭയുടെ മാലയാണ് മോഷ്ടിച്ചത്.
ശോഭ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ മനഃപൂര്‍വം തിരക്കുണ്ടാക്കി മാല കവരുകയായിരുന്നു. മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ ശോഭ ബസിനെ പിന്തുടര്‍ന്നു. ഇതിനിടെ ബസില്‍ നിന്നിറങ്ങി പ്രതികള്‍ ഓട്ടോയില്‍ കയറിയിരുന്നു.
ഓട്ടോ തടഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. മാറനല്ലൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്ത പ്രതികളില്‍ നിന്ന് മാല കണ്ടെടുത്തു. കൂട്ടമായി എത്തി തിരക്കുള്ള ബസുകളില്‍ കയറി മോഷണം നടത്തി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി രക്ഷപെടുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.