Thursday 04 August 2022 02:26 PM IST : By സ്വന്തം ലേഖകൻ

ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് കുത്തനെ ഉയരാൻ സാധ്യത; തീരപ്രദേശത്തു താമസിക്കുന്നവരോട് ക്യാംപുകളിലേക്ക് മാറാന്‍ നിർദേശം, അതീവ ജാഗ്രത

thrissur-heavy-rain-flooding-chalakudy-river

തൃശൂര്‍ ചാലക്കുടിയിൽ അടുത്ത ഒരു മണിക്കൂർ അതിശക്ത മഴയ്ക്കു സാധ്യത. തമിഴ്നാട് ഷോളയാർ ഡാമിലെ വെള്ളം ഒഴുകിയെത്തി കേരള ഷോളയാര്‍ ഡാം തുറക്കേണ്ട നിലയിലെത്തി. പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളവും ചേരുന്നതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് കുത്തനെ ഉയരാൻ സാധ്യത. 2018ലെ പ്രളയത്തിൽ മുങ്ങിയ സ്ഥലങ്ങളിലെ നിവാസികളോടു ദുരിതാശ്വാസ ക്യാംപുകളിലേക്ക് അടിയന്തരമായി മാറാൻ കലക്ടറുടെ നിർദേശം. 

അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്നതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുകയാണ്. ആളുകള്‍ തീരപ്രദേശത്തുനിന്ന് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

പെരിങ്ങല്‍ക്കുത്ത് ഡാമിലെ നാലാമത്തെ സ്ലുയിസ് വാല്‍വും ഉടന്‍ തുറക്കും. ചാലക്കുടി പുഴയില്‍ ഒരു മീറ്ററിലേറെ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും പുഴക്കരയിലുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്നും കലക്ടര്‍ മുന്നറിയിപ്പു നല്‍കി. പെരിങ്ങല്‍ക്കുത്ത് ഡാമിലെ 7 ഷട്ടറുകളും 3 വാള്‍വും  ഇതിനകം തുറന്നിട്ടുണ്ട്. 2018ലും ഇതേ അവസ്ഥയായിരുന്നു. തമിഴ്‌നാട്ടിലും ചാലക്കുടി പുഴ വൃഷ്ടി പ്രദേശത്തും കനത്ത മഴയുണ്ട്. തമിഴ്നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്സ് ആയി ഉയരുകയും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് നാലാമത്തെ സ്ലുയിസ് വാള്‍വും തുറക്കുന്നത്.  2018ല്‍ ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.

ചിമ്മിനി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. കുറുമാലി പുഴക്കരയിലുള്ളവര്‍ മാറിത്താമസിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിലവില്‍ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം.

പറമ്പിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.  തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് കലക്ടര്‍ മുന്നറിയിപ്പു നല്‍കി. 

പീച്ചി ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ 2.5 സെ.മീ കൂടി ഉയര്‍ത്തി. മണലി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. പുഴയില്‍ 5 മുതല്‍ 10 സെമീ വരെ വെള്ളം ഉയരും. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

Tags:
  • Spotlight