Thursday 12 December 2019 10:58 AM IST : By സ്വന്തം ലേഖകൻ

മുഖത്ത് നീരു വന്നതോടെ ചികിത്സ; വീട്ടമ്മയുടെ കവിളിൽ നിന്ന് നായ്ക്കളിൽ കണ്ടുവരുന്ന വിരയെ കണ്ടെത്തി!

germ997g Representative Image

ചാലക്കുടി കൊടകര സ്വദേശിനിയായ വീട്ടമ്മയുടെ കവിളിൽ നിന്നു വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നായ്ക്കളിൽ കണ്ടുവരുന്ന ഡോഗ് ഹാർട്ട് വേം (ഡിറോഫൈലേറിയ) ഇനത്തിലെ 1.6 സെമീ. നീളമുള്ള വിരയെയാണ് സ്ത്രീയുടെ കവിളിൽ നിന്ന് കണ്ടെത്തിയത്. ഒരു മാസം മുൻപ് മുഖം നീരു വന്നു വീർത്തതോടെയാണ് ചികിത്സ തേടിയത്. ശരീരത്തിൽ കാണുന്ന തടിപ്പ്, വേദന, ചുവന്നു തടിക്കൽ എന്നിവയാണ് ലക്ഷണങ്ങൾ.

പോട്ട ധന്യ ആശുപത്രിയിലെ ഡോ. ജോജി പീറ്ററാണ് കവിളിന്റെ ഉൾവശത്തു കൂടി വിരയെ പുറത്തെടുത്തത്. ശസ്ത്രക്രിയ കവിളിന്റെ അകത്തായതിനാൽ മുഖത്ത് അടയാളങ്ങൾ പ്രകടമല്ല. ചെന്നൈയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ ലാബ് പരിശോധനയിൽ നായ്ക്കളിൽ കാണുന്ന വിര തന്നെയാണെന്നു സ്ഥിരീകരിച്ചു.

വിരകൾ നായ്ക്കളിൽ നിന്നു കൊതുകുകളിലേക്കു വ്യാപിച്ചിരുന്നു. കൊതുകുകൾ വഴി തന്നെയാകാം ഇവ മനുഷ്യശരീരത്തിൽ എത്തിയതെന്നാണു നിഗമനം. കൃത്യമായി വേവിക്കാത്ത ഇറച്ചി കഴിച്ചാലും ഇവ മനുഷ്യ ശരീരത്തിലെത്താം. അടുത്തയിടെ ഇരിങ്ങാലക്കുടയിൽ ഒരാളുടെ കണ്ണിൽ നിന്നും വിരയെ പുറത്തെടുത്തിരുന്നു.

Tags:
  • Spotlight