Saturday 01 September 2018 02:55 PM IST

‘ചന്ദ്രാ ലക്ഷ്മൺ ശബരിമലയിൽ...’; ആ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

Roopa Thayabji

Sub Editor

chandra-lakshman21

നടി ചന്ദ്രാ ലക്ഷ്മൺ ശബരിമലയിലെത്തി എന്നാണ് ഇന്നത്തെ സോഷ്യൽ മീഡിയയിലെ പ്രധാനവാർത്ത. പതിനെട്ടാം പടിക്കുമുന്നിൽ നിൽക്കുന്ന ചിത്രം ചന്ദ്ര തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് പുകിലു തുടങ്ങിയത്. എന്നാൽ താൻ നിൽക്കുന്നത് യഥാർഥ ശബരിമലയിലല്ലെന്നും നോർത്ത് ശബരിമല എന്നറിയപ്പെടുന്ന രാജാ അണ്ണാമലൈപുരം സ്വാമി അയ്യപ്പൻ ക്ഷേത്രത്തിലാണെന്നും ചന്ദ്ര ‘വനിത ഓൺലൈനോ’ടു പറഞ്ഞു.

‘‘ഇത് ശബരിമല അല്ല, നോർത്ത് ശബരിമല എന്നറിയപ്പെടുന്ന തമിഴ്നാട്, ആർ.എ. പുരത്തെ രാജാ അണ്ണാമലൈപുരം സ്വാമി അയ്യപ്പൻ ക്ഷേത്രമാണിത്. ഇന്നലെ ഇവിടെ ദർശനത്തിനു പോയപ്പോൾ പതിനെട്ടാം പടിക്കു മുന്നിൽ നിന്നെടുത്ത ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അതോടെ പലരും സംശയങ്ങളുമായെത്തി. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ മാതൃകയിൽ തമിഴ്നാട്ടിലെ പ്രശസ്തമായ ചെട്ടിനാട് കുടുംബം പണികഴിപ്പിച്ച ക്ഷേത്രമാണിത്.

ശബരിമലയിലെ പൂജാവിധികളൊക്കെ അതേപടി ഇവിടെ പിന്തുടരുന്നു. ഇവിടെ 365 ദിവസവും ദർശനം നടത്താമെങ്കിലും പതിനെട്ടാം പടി വഴി ദർശനത്തിനെത്തുന്നതിനു ചില നിയന്ത്രണങ്ങളുണ്ട്. ഇരുമുടിയേന്തി പതിനെട്ടാം പടി ചവിട്ടുന്നതിനു മണ്ഡലകാലത്തും ചില പ്രത്യേക ദിവസങ്ങളിലും മാത്രമേ അനുവദിക്കൂ. കന്നിമൂല ഗണപതിയും മാളികപ്പുറത്തമ്മയുമെല്ലാം ഇവിടെയുമുണ്ട്. എല്ലാ ദിവസവും ദർശനം നടത്താവുന്ന ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല.’’