Saturday 07 September 2019 11:12 AM IST : By സ്വന്തം ലേഖകൻ

നിറകണ്ണുകളോടെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; വികാരനിർഭര രംഗങ്ങൾ!

modi-shivan888654

"കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി നിങ്ങൾ ഏത് അവസ്ഥയിലൂടെയാണു കടന്നുപോകുന്നതെന്ന്‌ നിങ്ങളുടെ കണ്ണുകൾ പറയുന്നുണ്ട്. നിങ്ങൾക്കെല്ലാവർക്കും ഇന്ത്യയുടെ ആദരമുണ്ടാകും. ഞാൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു."- നിറകണ്ണുകളോടെ യാത്രയാക്കാനെത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏറെ വികാരനിര്‍ഭരമായ രംഗത്തിനാണ് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രം സാക്ഷിയായത്. ചന്ദ്രയാന്‍ 2 ദൗത്യം അനിശ്ചിതത്വത്തിലായതിനു പിന്നാലെ പ്രധാനമന്ത്രി ശാസ്ത്രജ്ഞമാരെ അഭിസംബോധന ചെയ്തു. ശാസ്ത്രജ്ഞരെ സല്യൂട്ട് ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 

"കുറച്ചു മണിക്കൂറുകളായി രാജ്യമാകെ സങ്കടത്തിലാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ കൂടെ എല്ലാവരും ഐക്യപ്പെടുകയാണ്. ഈ ബഹിരാകാശ പദ്ധതിയിൽ നമുക്ക് അഭിമാനമുണ്ട്. ഇതോടെ ചന്ദ്രനെ തൊടാനുള്ള ഇന്ത്യയുടെ പ്രതിജ്ഞ കൂടുതൽ ശക്തമായി. നമ്മുടെ ചരിത്രത്തിൽ തന്നെ പല സാഹചര്യങ്ങളിലും പതുക്കെയായിപ്പോയിട്ടുണ്ട്. പക്ഷേ, നമ്മുടെ മനോഭാവത്തെ അതൊന്നും തകർത്തിട്ടില്ല. നമ്മൾ തിരിച്ചുവന്ന് നിരവധി നേട്ടങ്ങൾ സ്വന്തമാക്കി.

നമ്മുടെ സംസ്കാരം ഉന്നതങ്ങളിലെത്താൻ കാരണവും അതാണ്. നിങ്ങൾ നടത്തിയ ശ്രമങ്ങൾ സാരവത്താണെന്ന് ഇന്ന് എനിക്കു പറയാൻ സാധിക്കും. ഐഎസ്ആർഒ സംഘം കഠിനാധ്വാനം ചെയ്തു, ഒരുപാടു ദൂരം സഞ്ചരിച്ചു, ഈ പാഠമാണ് നമ്മോടൊപ്പം ഉണ്ടാകേണ്ടത്. ഇക്കാര്യം ഇനി മുതൽ നമ്മളെ കൂടുതൽ കരുത്തരാക്കും. തിളക്കമാർന്ന നാളെയാണു കാത്തിരിക്കുന്നത്. ശാസ്ത്രത്തിൽ തോൽവിയെന്നത് ഇല്ല. പരീക്ഷണങ്ങൾക്കും ശ്രമങ്ങൾക്കുമാണ് അവിടെ സ്ഥാനം."- ബെംഗളുരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Tags:
  • Spotlight
  • Inspirational Story