Thursday 24 May 2018 05:34 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾ മൊബൈൽ ചാർജറിൽ കളിക്കാറുണ്ടോ; എങ്കിൽ ഇതു വായിക്കണം

n1

നമ്മൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന പലതും നമ്മുടെ കുട്ടികളെ അപകടകരമായി ബാധിക്കുന്നവയാകും. ദുരന്തങ്ങൾ സംഭവിച്ച ശേഷം മാത്രമാകും നമ്മൾ അതേക്കുറിച്ച് ബോധവാൻമാരാകുക. അപ്പോഴേക്കും സമയം ഏറെ വൈകിയിരിക്കാം. ഇത്തരത്തിൽ ഒരു ചെറിയ കൺതെറ്റൽ തന്റെ ഒന്നര വയസ്സുകാരി മകളിലേൽപ്പിച്ച ആഘാതത്തേക്കുറിച്ച് ഒരു അമ്മയെഴിതിയ കുറിപ്പ് നിസ്സാരമായി തള്ളിക്കളയാനാകില്ല. ഇവിടെ മൊബൈൽ ചാർജറാണ് വില്ലന്‍. വൈദ്യുതി ബന്ധം വിച്ഛേദിക്കാത്ത നിലയിൽ കുട്ടിക്ക് കൈയെത്തുന്ന ഉയരത്തിലായിരുന്നു ചാർജർ. അമ്മയുടെ കണ്ണു തെറ്റിയതും കുട്ടി ചാർജറിന്റെ അഗ്രം വായ്ക്കുള്ളിലാക്കി കടിച്ചു. വൈദ്യുതി പ്രവഹിച്ച ചാർജറിൽ നിന്നും കുട്ടിക്ക് ഷോക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വായയുടെ വലതു ഭാഗത്ത് പൊള്ളലേറ്റിരുന്നു. ചെറിയ ഒരു പാടു മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു. പ്രാഥമിക ചികിത്സ നൽകി ഡോക്ടർ കുട്ടിയെ വീട്ടിലേക്കു വിട്ടു.

baby-1

എന്നാൽ അന്നു രാത്രിയോടെ സ്ഥിതി വഷളായി. പൊള്ളലേറ്റ പാട് വലുതായി. അവിടുത്തെ മാംസമടർന്ന് വലിയ മുറിവാകുകയും ചെയ്തു. പിറ്റേന്ന് ‌രാവിലെ മുറിവ് വീണ്ടും വലുതായി. പഴുത്തു തുടങ്ങി. അടിയന്തിരമായി വിദഗ്ദ ചികിത്സ നേടി.

baby-2

ആറാം ദിവസമായപ്പോഴേക്കും അവിടെ അർദ്ധവൃത്താകൃതിയിൽ ഒരു വലിയ പാട് രൂപപ്പെട്ടു.അതിനിടയിൽ ആ കുരുന്ന് വലിയ വേദന അനുഭവിച്ചു കഴിഞ്ഞിരുന്നു.

baby-3

ഇപ്പോൾ പ്ലാസ്റ്റിക് സർജറിയിലൂടെ മുറിവുണ്ടാക്കിയ പാട് ഒട്ടൊക്കെ പരിഹരിച്ചെങ്കിലും പൂർണ്ണമായും പഴയ സ്ഥിതിയിലേക്കെത്തിയിട്ടില്ല. തന്റെ മകളുടെ അനുഭവം മുൻനിർത്തി ഇത്തരം അശ്രദ്ധകൾ സൃഷ്ടിച്ചേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ് ഈ അമ്മ. പ്രത്യേകിച്ചും മൊബൈൽ ചാർജർ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ. അതും പോള്ളലേറ്റ ശേഷമുള്ള മകളുടെ മുഖത്തിന്റെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങൾ സഹിതം.