Wednesday 29 August 2018 12:30 PM IST

മാളു ഷെയ്ഖയെ ഓർക്കുന്നുണ്ടോ? സങ്കടങ്ങളുടെ കടലാഴം നീന്തിക്കടന്ന ഈ പെൺകുട്ടിയുെട മനസ്സിൽ ഇപ്പോൾ പുതിയൊരു ലക്ഷ്യമുണ്ട്

V R Jyothish

Chief Sub Editor

_C2R8816 ഫോട്ടോ: ശ്യാം ബാബു

അച്ഛൻ എന്നെ രാജകുമാരി എന്നാണു വിളിച്ചിരുന്നത്!

മൂന്നാം ക്ലാസ് വരെ ഞാനൊരു രാജകുമാരി ആയാണ് വളർന്നത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും വേർപിരിയുന്നത്. അവർ രണ്ടുപേരും വേറെ കല്യാണം കഴിച്ചു. അച്ഛൻ എന്നെ വിളിച്ച പേര് ‘ഷെയ്ഖ’ എന്നായിരുന്നു. അറബിയിൽ ഷെയ്ഖ എന്ന വാക്കിന് രാജകുമാരി എന്നാണ് അർഥം. അ ച്ഛൻ വിളിച്ചത് ഷെയ്ഖ എന്നാണെങ്കിലും അമ്മയോടൊ       പ്പമായിരുന്നു പ്ലസ് വൺ വരെ ഞാൻ നിന്നത്. അമ്മ എന്നെ മാളു എന്നാണു വിളിച്ചിരുന്നത്. പിന്നീട് എനിക്കു രണ്ടുപേരെയും നഷ്ടപ്പെട്ടെങ്കിലും അവരെന്നെ വിളിച്ച പേരുകൾ ഞാൻ നിലനിർത്തി. അങ്ങനെ ഞാൻ മാളു ഷെയ്ഖയായി.

അച്ഛനും അമ്മയും മക്കളെ തെരുവിൽ തള്ളിയാലും  എളുപ്പം മറക്കാനാകില്ലല്ലോ. ഞാൻ എന്നൊരാളെ ഭൂമിയിലേക്കു കൊണ്ടുവന്നവർ അവരാണ്. പലപ്പോഴും കഷ്ടപ്പെടാൻ വേണ്ടി മാത്രമായിരുന്നെങ്കിൽപ്പോലും.

ബെംഗളൂരുവിൽ പ്ലസ് വണ്ണിനു പഠിക്കുമ്പോൾ എന്റെ  പഠനം മുടങ്ങി. ഞങ്ങൾ ആലുവയിലേക്കു തിരിച്ചു പോന്നു. പതിനാറാം വയസ്സിൽ എനിക്കു കല്യാണാലോചനകൾ വന്നു. അ തു നേരായ വഴിയാണെന്ന് എനിക്കു തോന്നിയില്ല. ബാധ്യത ഒഴിച്ചുവിടാനുള്ള വീട്ടുകാരുടെ ഉപായമായി തോന്നി.

പഠിക്കണം എന്നതിനെക്കാൾ നന്നായി ജീവിക്കണം എ ന്ന ആഗ്രഹമായിരുന്നു എനിക്ക്. വീട്ടിലാണെങ്കിൽ ഇഷ്ടമില്ലാത്ത വിവാഹത്തിനുവേണ്ടിയുള്ള നിർബന്ധം. എനിക്കു മുന്നിൽ രണ്ടു വഴികളേയുണ്ടായിരുന്നുള്ളൂ. ഒന്നുകിൽ വീട്ടുകാരുടെ ഇഷ്ടത്തിനു വഴങ്ങി ആ വിവാഹത്തിനു സമ്മതിച്ച് ഒരു അടിമയെപ്പോലെ ജീവിക്കുക. അല്ലെങ്കിൽ മരിക്കുക.

എന്തായാലും രണ്ടാമത്തെ വഴിയാണു ഞാൻ തിരഞ്ഞെടുത്തത്. ഇങ്ങനെ ജീവിക്കുന്നതിലും േഭദം മരണമാണ്. ആത്മഹത്യ ചെയ്യാൻ ഒരുപാടു വഴികളുണ്ട്. പുഴയുണ്ട്, തീവണ്ടിയുണ്ട്. ഞാെനന്തായാലും പുഴയാണു തിരഞ്ഞെടുത്തത്. മരിക്കുമ്പോൾ വെള്ളം കുടിച്ചു മരിക്കാം. പിന്നെ, പുഴമരണത്തി         ൽ മുറിവുകളില്ല. ചോര പൊടിയില്ല. അതുകൊണ്ടൊക്കെയാണു  പുഴയാണു മരണവഴി എന്നു തീരുമാനിച്ചത്.

അങ്ങനെ ഒരു െെവകുന്നേരം ഞാൻ പുഴക്കടവിലെത്തി. സന്ധ്യ മയങ്ങിയ സമയം. പുഴക്കരയിൽ ആരെയും കണ്ടില്ല.  പുഴയുടെ ആഴം കൂടിയ സ്ഥലം നോക്കി ഞാൻ നടന്നു. ആ രും പെട്ടെന്നു വന്നെത്താത്ത ഒരിടം. അങ്ങനെ ചാടാനുറച്ച് ഞാൻ മുന്നോട്ടു നടന്നപ്പോൾ പിറകിൽ നിന്ന് ഒരു വിളി. പേടിച്ചു ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ, ഒരാൾ തൊട്ടു പിറകിലുണ്ട്. ‘നീയെന്താ കുട്ടീ ഈ കാണിക്കുന്നത്’ എന്ന സ്നേഹം നിറഞ്ഞ ശകാരം. കുട്ടിക്കാലം മുതൽക്കേ െെബബിൾ വായിക്കാറുണ്ട് ഞാൻ. െെദവം ഏതു രൂപത്തിലും പ്രത്യക്ഷപ്പെടാം എന്നു ഞാൻ വിശ്വസിച്ചിരുന്നു. എന്റെ മുന്നിൽ മനുഷ്യനല്ല െെദവമാണ് എന്നു ഞാനങ്ങു കരുതി. അദ്ദേഹമെന്നെ ഉപദേശിച്ചു. ‘മരിച്ചല്ല ജയിക്കേണ്ടത്, ജീവിച്ചാണു ജയിക്കേണ്ടത്. െെദവം ഒാേരാ മനുഷ്യനും ഒാേരാ കഴിവ് കൊടുത്തിട്ടു                ണ്ട്. ആ കഴിവ് അവനവൻ തന്നെ കണ്ടെത്തിയാൽ ജീവിക്കാനുള്ള മാർഗമാകും’ അദ്ദേഹം പറഞ്ഞു.

പുഴയിൽ നിന്ന് ജീവിതത്തിലേക്ക്

_C2R9172

ജീവിക്കാൻ പ്രേരിപ്പിച്ച വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. െെദവം തന്ന കഴിവുകൾ ഞാനായിട്ട് നശിപ്പിക്കാൻ പാടില്ല. ജീവിക്കണം, അെതാരു ഉറച്ച തീരുമാനമായിരുന്നു. അങ്ങനെയാണ് ഞാൻ ആലുവ ക്യൂൻ മദേഴ്സ് കോളജിൽ എത്തിയത്. അവിടുത്തെ അധ്യാപകരായ പ്രസാദ് കുമാർ സാറിനെയും വർഗീസ് മൂത്തേടൻ സാറിനെയും കണ്ടു. എന്റെ ജീവിതാവസ്ഥകൾ പറഞ്ഞു. അവരാണ് സത്യത്തിൽ എന്റെ ജീവിതത്തിന് ഒരു അർഥം തന്നത് എന്നു പറയാം. അഞ്ചു വർഷം അവിടെ പഠിച്ചു. ബികോം പാസായി. ആലുവാപ്പുഴയിൽ ജീവി തം തീരേണ്ട ഞാൻ ഡിഗ്രിയുള്ള ഒരാളായി. 

ഒരാൾ ജനിക്കുമ്പോൾ തന്നെ അയാളെക്കുറിച്ചുള്ള പദ്ധ  തികൾ െെദവം എഴുതിവയ്ക്കുന്നു. അല്ലെങ്കിൽപ്പിന്നെ അ ച്ഛനും അമ്മയുമുള്ള എനിക്ക് അനാഥയായി വളരേണ്ടിവ രില്ലായിരുന്നു. പുഴയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കില്ലായിരുന്നു. അതേ പുഴ നീന്തിക്കടന്നു മറ്റൊരു ജീവിതത്തിനു തുടക്കമിടില്ലായിരുന്നു. 

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞതെന്നു പറഞ്ഞല്ലോ? അതിനിടയിൽ ഞ ങ്ങൾ കുടുംബസമേതം ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച ഒരോ ർമ എനിക്കില്ല. ഒരു യാത്ര പോയ ഒാർമയില്ല. വയറു നിറയെ ആഹാരം കഴിച്ച ഒാർമയില്ല. അച്ഛൻ എന്നെ രാജകുമാരി യെന്നു വിളിച്ചിരുന്നെങ്കിൽപ്പോലും.

ക്യൂൻ മദേഴ്സിൽ പഠിക്കുമ്പോഴേ ഞാൻ ജോലിക്കു പോകുമായിരുന്നു. െെഡ്രവിങ് എനിക്കു വളരെ ചെറുപ്പത്തിലേ  ഇഷ്ടമായിരുന്നു. അങ്ങനെ െെഡ്രവിങ് പഠിച്ചു. പിന്നെ, അ തൊരു ഉപജീവനമാർഗമാക്കി. രാവിലെ െെഡ്രവിങ് പഠിപ്പിക്കാൻ പോകുക. പിന്നെ, കോളജിൽ പഠിക്കാൻ പോകുക. വൈകുന്നേരം വീണ്ടും പഠിപ്പിക്കുക. അങ്ങനെ മറ്റൊരാളെ ആ ശ്രയിക്കാതെ ജീവിക്കാനുള്ള വക ഞാൻ കണ്ടെത്തിയിരുന്നു.അമ്മവീട്ടിൽ നിന്നു ഞാൻ വനിതാ ഹോസ്റ്റലിലേക്ക് മാറി.

തീവണ്ടി ഒഴികെ എന്തും

ഉപജീവന മാർഗം ആയിരുന്നു ഡ്രൈവിങ് എങ്കിലും ഇഷ്ടക്കൂടുതൽ ഉള്ളതു കൊണ്ടാണ് ഹെവി ലൈസൻസ് എടുത്തത്. കണ്ടെയ്നർ ലോറിയും മണ്ണുമാന്തി യന്ത്രവും വരെ ഒാടിക്കും. ചുരുക്കിപ്പറഞ്ഞാൽ തീവണ്ടി ഒഴികെ കരയിലൂടെ ഓടുന്ന ഏതു വണ്ടിയും ഒാടിക്കും.

ഇതിനിടയിൽ ഞാൻ എൽഐസി ഏജന്റായും ജോലി ചെയ്തു. ഒരിക്കൽ മരണം ലക്ഷ്യമാക്കി ഞാൻ ചെന്ന പുഴയിലേക്ക് വിജയം തേടി ചെല്ലുന്നത് പിന്നീടാണ്. നീന്തൽ പഠിക്കാൻ മോഹിച്ച് സജി വാളശേരി മാഷിനെ കണ്ടു. പക്ഷേ, അച്ഛനോ അമ്മയൊ ഒപ്പം വേണം പഠിക്കാൻ ചെല്ലുന്ന കുട്ടികൾക്ക്. എന്റെ കൂടെ രണ്ടു പേരുമില്ല. അവസ്ഥ പറഞ്ഞപ്പോൾ മനസ്സില്ലാമനസോടെ  അദ്ദേഹം സമ്മതിച്ചു.  പുഴവെള്ളത്തിന്റെ തണുപ്പിൽ ഞാനൊരു പ്രകാശം കണ്ടു. വാശിയോടെ  നീന്താൻ പഠിച്ചു. പതിനഞ്ചാം  ദിവസം മുപ്പതടി താഴ്ചയിൽ നാലരമണിക്കൂർ നീന്തി ഞാൻ പുഴയെ കീഴടക്കി. 

ആലുവാപ്പുഴയിലെ ആ റെക്കോർഡ് നീന്തൽ എനിക്കുതന്ന ആത്മവിശ്വാസം ചെറുതല്ല. ഇനി ഏതു കായലും നീന്തിക്കടക്കാം എന്നു ഞാനൊരു തമാശ പറഞ്ഞതാണ്. സജി സാ റു ചോദിച്ചു ‘ഏതു കായലും നീന്തിക്കടക്കാനുള്ള െെധര്യമുണ്ടോ?’ ഞാൻ പറഞ്ഞു സാറിനു വിശ്വാസമുണ്ടെങ്കിൽ ഞാൻ നീന്താം. പിന്നെ, ആറു മാസം കഠിന പരിശീലനത്തിന്റെ നാളുകൾ. അങ്ങനെ വേമ്പനാട്ടുകായലിന്റെ ഏറ്റവും വീതികൂടിയ ഭാഗം കുറുകെ നീന്തിക്കടന്നപ്പോൾ അത് ചരിത്രമായി.

പലരും ചോദിച്ചു. കായലിൽ നീന്തിക്കൊണ്ടിരുന്നപ്പോൾ എന്തായിരുന്നു മനസ്സിൽ. ഞാൻ പറഞ്ഞു: ‘അനാഥയായി വ ളർന്ന എനിക്ക് ഇത്രയും കഴിയുമെങ്കിൽ ഇതിനേക്കാൾ മികച്ച സാഹചര്യങ്ങൾ ഉള്ളവർക്ക് എത്ര ദൂരം മുന്നോട്ട് പോകാൻ കഴിയും?’

വിജയിക്കുന്നതുവരെ ജീവിതത്തിൽ നമ്മൾ ഒറ്റയ്ക്കായിരിക്കും. വിജയിച്ചാൽ  നമ്മളോടൊപ്പം  ഒരുപാടു പേരുണ്ടാകും. വിജയിക്കുന്നവരെയാണ് എല്ലാവർക്കും ഇഷ്ടം. തോൽക്കുന്നവരെയല്ല.

ജീവിതത്തിൽ എന്നെ െെകപിടിച്ച് ഉയർത്തിയ ഒരുപാടു പേരുണ്ട്. ജോസച്ചനെയും സ്റ്റെപ്റ്റോ സാറിനെയും പ്രത്യേകം പറയണം. അതു പോലെ ജോസ് അങ്കിൾ, രാധാകൃഷ്ണ ൻ സാർ, ലളിതാംബിക മാഡം, ദിവ്യചേച്ചി (ദിവ്യ അയ്യർ) അവരെയൊക്കെ പ്രത്യേകം  ഓർക്കണം. 

ഈ കഷ്ടപ്പാടിനിടയിൽ സഹായിച്ചവർ മാത്രമല്ല. ശല്യപ്പെടുത്തിയവരും ഉണ്ട്. അച്ഛനും അമ്മയും കാവലായി ഇ ല്ലാത്ത പെൺകുട്ടി പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. അങ്ങനെ വന്ന സാഹചര്യങ്ങളിൽ എനിക്ക് തുണയായത് ബിനാനിപുരം സ്റ്റേഷനിലെ എസ്.െഎ.യാണ് അദ്ദേഹം. 

വേമ്പനാട്ടുകായൽ നീന്തിക്കടന്നപ്പോൾ എന്നെക്കുറിച്ചു മലയാള മനോരമ ദിനപത്രത്തിന്റെ വാരാന്ത്യത്തിൽ വന്ന ലേഖനം എന്റെ മൂന്നാം ജന്മത്തിന്റെ തുടക്കമായിരുന്നു. അത് വായിച്ചാണ് മമ്മൂട്ടി സാർ എന്നെ ശ്രദ്ധിക്കുന്നത്. ചാനൽ അവാർഡിന് ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. അവാർഡ് വേദിയിൽ എ  ല്ലാവരും എന്നെക്കുറിച്ച് നല്ലത് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് എനിക്ക് കരച്ചിൽ വന്നു. മമ്മൂട്ടി സാർ പഠനച്ചെലവിനായി ഒരു ലക്ഷം രൂപ തന്നു. പ്രസംഗത്തിനിടയിലാണ് മമ്മൂട്ടി സാർ എന്നെ രാജകുമാരി എന്ന് വിളിച്ചത്. വർഷങ്ങൾക്കു മുൻപ് നഷ്ടമായ വിളി. എന്റെ അച്ഛൻ വിളിച്ചതു പോലെ.

ദൈവത്തോടുള്ള എന്റെ കടം

ആലുവാപ്പുഴയിൽ വച്ച് എന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന െെദവത്തോട് എനിക്കൊരു വാഗ്ദാനമുണ്ട്. പഠിച്ച് ഒരു െഎഎഎസുകാരിയാകുക. എറണാകുളത്ത് െഎഎ എസ് കോച്ചിങ് സെന്ററിലാണ് പഠനം. പഠനത്തിന് എനിക്ക് ഫീസിളവ് കിട്ടി. ‍ഇവിടത്തെ സംജദ് സാർ പറയാറുണ്ട്, സമൂഹത്തിനായി ഒരു ലക്ഷ്യമുള്ളവർക്ക് മികച്ച വഴിയാണ് ഐഎഎസ് എന്ന്. ഒരു സിവിൽ സർവന്റ് ആയാൽ നമുക്ക് ഈ സമൂഹത്തിന് പല കാര്യങ്ങളും ചെയ്യാൻ കഴിയും. അടിസ്ഥാനപരമായി കുട്ടികളുടെയും സ്ത്രീകളുെടയും ഉന്നമനത്തിനായി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും.

െെഡ്രവിങ് പഠിപ്പിക്കുമ്പോൾ ഞാൻ പറയുമായിരുന്നു. റോഡ് എന്നു പറഞ്ഞാൽ ജീവിതം പോലെയാണ്. കുണ്ടും കുഴിയും വളവും തിരിവും ബ്ലോക്കും എല്ലാം ഉളളതാണ്. ഇതിലൂടെയൊക്കെ ഒറ്റയ്ക്ക് ഒാടിച്ചു പഠിച്ചാലേ വണ്ടി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. ജീവിക്കാൻ വീട്ടുവേല മുതൽ ലോറി ഡ്രൈവിങ് വരെ ഒരുപാടു ജോലികൾ ഞാൻ ചെയ്തിട്ടുണ്ട്. അതൊക്കെ തന്ന അനുഭവവും ധൈര്യവും വലുതാണ്.

മമ്മൂട്ടി സാർ വിളിച്ചതു പോലൊരു രാജകുമാരിയാകണമെങ്കിൽ, ദൈവത്തോടുള്ള എന്റെ കടം തീർക്കണമെങ്കിൽ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയണം. സിവിൽ സർവീസ് അതിനുള്ള വഴി ആയി കണ്ടാണ് ഞാൻ പഠിക്കുന്നത്. എല്ലാവരുടെയും പ്രാർഥനകൾ എനിക്കു വേണം. ഈയ  ടുത്ത് ഒരു പ്ലസ് ടു വിദ്യാർഥി എന്നെ കാണാൻ വന്നു. എന്നെക്കണ്ടതും അവൻ പറഞ്ഞു ‘നിങ്ങൾ ജീവിച്ചിരിക്കുന്നോ എന്ന് അറിയാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്.’ എന്താ കാര്യമെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു. 

‘ഞാൻ ആത്മഹത്യ െചയ്യാൻ തീരുമാനിച്ചതാണ്. അപ്പോഴാണ് നിങ്ങളെക്കുറിച്ച് വായിക്കുന്നത്. നിങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെങ്കിൽ ആത്മഹത്യ െചയ്യേണ്ട നിങ്ങളെപ്പോലെ ജീവിതത്തിലേക്കു തിരിച്ചുവരണം എന്നു ഞാൻ തീരുമാനിച്ചു. അതൊന്ന് ഉറപ്പാക്കാൻ വേണ്ടി വന്നതാണ്.’  ആ മറുപടിയിൽ  ആദ്യം തെല്ലമ്പരപ്പ് തോന്നി. പക്ഷേ, എനിക്ക് മനസ്സിലാക്കാൻ കഴിയും. അങ്ങനെയൊക്കെ സംസാരിക്കാൻ പ്രേരിപ്പിക്കുന്ന മാനസികാവസ്ഥ.  കുറേ നേരം സംസാരിച്ചു കഴിഞ്ഞപ്പോൾ അവന്റെ മുഖത്ത് ഒരു തെളിച്ചം വന്നു. തികഞ്ഞ  ആത്മവിശ്വാസത്തോടെയാണ് ആ കുട്ടി മടങ്ങിപ്പോയത്.