Wednesday 22 May 2019 10:37 AM IST : By സ്വന്തം ലേഖകൻ

എരിഞ്ഞടങ്ങിയത് തണലാണ്...വാവിട്ടു നിലവിളിച്ച് ജീവനക്കാർ, വാക്കുകളില്ലാതെ ഉടമകൾ

chellam എരിഞ്ഞത് തണലാണ്.... കിഴക്കേക്കോട്ടയ്ക്കു സമീപം അഗ്നിക്കിരയായ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി കല എരിയുന്ന കടയ്ക്കു സമീപം പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടിലേക്കു ഫോൺ ചെയ്യുന്നു. ചിത്രം ∙ ആർ.എസ്.ഗോപൻ∙ മനോരമ

വനിത ജീവനക്കാർ വാവിട്ടു നിലവിളിക്കുന്നതു കണ്ടപ്പോൾ ചെല്ലം അമ്പ്രല്ല മാർട്ടിന്റെ ഉടമകളും സഹോദരങ്ങളുമായ വി.രവികുമാറിനും വി.സുനിൽകുമാറിനും സഹിക്കാനായില്ല. ആശ്വാസവാക്കുകളില്ലാതെ അവർ നിശബ്ദരായി നിന്നു. സ്കൂൾ തുറക്കാറായതിനാൽ‍ തിരക്കേറിയ കച്ചവടമാണിപ്പോൾ.

9.30നു ജോലിക്കു കയറാൻ എത്തിയതായിരുന്നു 10 സ്ത്രീ തൊഴിലാളികൾ. ബസിൽ സഞ്ചരിച്ചിരുന്ന അവർ ഏറെ ദൂരെവച്ചുതന്നെ അന്തരീക്ഷത്തിൽ പുക ഉയരുന്നതു കണ്ടു. അഗ്നിബാധയാണെന്നു വിവരം അറിഞ്ഞുവെങ്കിലും തങ്ങളുടെ അന്നത്തിനുമേൽ തീപടരുകയാണെന്നറിയാൻ വീണ്ടും സമയമെടുത്തു.

കടകൾക്കുമുന്നിൽ ആൾക്കൂട്ടം കണ്ടപ്പോൾ തന്നെ അവർ അലമുറയിട്ടു കരഞ്ഞു. മേൽപ്പാലത്തിനുതാഴെ ആൾക്കൂട്ടത്തിനിടയിൽ തൊഴിലാളികളുടെ പൊട്ടിക്കരച്ചിൽ. ആളുകൾ ചുറ്റുംകൂടിനിന്ന് ആശ്വസിപ്പിച്ചു. രാവിലെ 10നാണു വിവരം അറിയുന്നതെന്നു രവികുമാർ പറഞ്ഞു. സീസണായതിനാൽ ഒരു കോടി രൂപയുടെ സാധനങ്ങൾ സംഭരിച്ചിരുന്നു. 1948ൽ രംഗസ്വാമിയാണു ചെല്ലം അമ്പ്രല്ല മാർട്ട് ആരംഭിച്ചത്. പിന്നീട് മക്കളും ഇപ്പോൾ ചെറുമക്കളും ചേർന്നു നടത്തുന്നു.