Wednesday 05 September 2018 02:36 PM IST

‘പാട്ടും പാടി’ കെമിസ്‌ട്രി പഠിക്കാം, രസമുള്ള തന്ത്രവുമായി സുജാത ടീച്ചർ!

Rakhi Parvathy

Sub Editor

sujatha.jpg.image.784.410

സൂത്രവാക്യങ്ങളെ ‘പാട്ടി’ലാക്കിയ സുജാത ടീച്ചറെ പരിചയപ്പെടാം

രസതന്ത്രം എന്നവാക്കിൽ രസമൊക്കെ ഉണ്ടെങ്കിലും അത് പഠിച്ചെടുക്കാൻ പാടുപെടുന്ന കുട്ടികൾ മിക്കവർക്കും അത്ര രസകരമൊന്നുമായിരിക്കില്ല ഈ വിഷയം. ഇതേ അഭിപ്രായം തന്നെ കെമിസ്്ട്രി ടീച്ചർക്കും തോന്നിയാലോ. നല്ല തല്ലു കൊടുത്തു പഠിപ്പിക്കണം എന്നാകും ചിലരുടെ അഭിപ്രായം. എന്നാൽ കോട്ടയം ഇല്ലിക്കൽ എക്സെൽഷ്യർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സുജാത ടീച്ചറുടെ വഴി വേറെയാണ്. സ്വയം വികസിപ്പിച്ചെടുത്ത രസകരമായ തന്ത്രത്തിലൂടെ രസതന്ത്രത്തെ മെരുക്കിയെടുത്തിരിക്കുകയാണ് ഈ ടീച്ചർ. അധ്യാപക ദിനത്തിൽ ഈ ‘രസ’തന്ത്രം വനിത ഓൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് സ്കൂളിലെ വൈസ് പ്രിൻസിപ്പലും സീനിയർ സ്കൂൾ അക്കാദമിക് കോ–ഓർഡിനേറ്ററും കൂടിയായ കുട്ടികളുടെ സുജാത മിസ്.

മിസ്റ്ററി ഈ കെമിസ്ട്രി

പത്താം ക്ലാസ്, ഹയർ സെക്കന്ററി ക്ലാസുകളിൽ കെമിസ്ട്രി പഠിപ്പിക്കാൻ പോകുമ്പോൾ ടീച്ചർ ശ്രദ്ധിച്ചു, കുട്ടികളെല്ലാവരും വളരെ ശ്രദ്ധിച്ചു തന്നെയാണ് ക്ലാസിൽ ഇരിക്കുന്നത്. എന്നിട്ടും പരീക്ഷയാകുമ്പോൾ എല്ലാവർക്കും മാർക്ക് കുറവ്. കാരണം അന്വേഷിച്ച ടീച്ചർ കണ്ടെത്തി, മനഃപ്പാഠമാക്കേണ്ട മൂലകങ്ങളും സംയുക്തങ്ങളുടെ ഫോർമുലകളുമെല്ലാം പലപ്പോഴും കുട്ടികൾ മറന്നു പോകുന്നു. ഇതു മറികടക്കാൻ വഴിയെന്താണെന്നായി ചിന്ത.

പാലക്കാട് കഞ്ചിക്കോട് സംഗീതിൽ രാധാകൃഷ്ണൻ നായരുടെയും പങ്കജത്തിന്റെയും മകളായ സുജാത ടീച്ചർക്ക് കോളേജ് കാലത്തൊക്കെ സംഗീതത്തിൽ വലിയ കമ്പമുണ്ടായിരുന്നു. അന്നും ഫോർമുലകളൊക്കെ കൃത്യമായി പഠിച്ചിരുന്നത് അൽപ്പം സംഗീതസ്വരങ്ങൾ കലർത്തിയായിരുന്നു. എങ്കിൽ എന്തു കൊണ്ട് അത് തന്റെ സ്കൂളിലെ കുട്ടികൾക്ക് കൂടി പറഞ്ഞു കൊടുത്തു കൂടാ എന്ന് ടീച്ചർ ഓർത്തു. അങ്ങനെയാണ് മൂലക സംയുക്തങ്ങൾക്കും സമവാക്യങ്ങൾക്കുമെല്ലാം തന്റേതായ രീതിയിൽ ഈണം നൽകി പാട്ടുകളാക്കി പരീക്ഷിച്ചു നോക്കിയത്.

sujatha03.jpg.image.784.410


‘‘പാട്ടിന്റെ രൂപത്തിൽ കെമിസ്ട്രിയോ എന്ന് ആദ്യം കുട്ടികൾക്ക് അതിശയമായിരുന്നു. പിന്നെ ചിരി. പഠിക്കാൻ പ്രയാസമുള്ള പാഠങ്ങളാണ് പാട്ടുകളായി ചിട്ടപ്പെടുത്തുന്നത്. ഉറക്കെ പറഞ്ഞാണ് കെമിസ്ട്രി പാട്ട് പഠിപ്പിക്കുന്നത്. തുടക്കത്തില്‍ ആൺകുട്ടികൾക്ക് ഇതു വലിയ മടിയായിരുന്നു. പഠിച്ചു തുടങ്ങിയപ്പോൾ ഇഷ്ടമായി. ഗിത്താർ ഒക്കെയായി വന്ന് പലരും കെമിസ്ട്രി ക്ലാസിൽ പാട്ട് പോലെ സമവാക്യങ്ങൾ പാടാൻ തുടങ്ങി. രസതന്ത്രം മടുത്തും വെറുത്തും തുടങ്ങിവർ ഇന്ന് ഏറ്റവും ഇഷ്ടപ്പെടുന്നത് ആ വിഷയമാണ്. അതിനു കാരണം മ്യൂസിക് കെമിസ്ട്രിയും.’’ – ടീച്ചർ അഭിമാനത്തോടെ പറയുന്നു.

അധ്യാപനത്തിനൊപ്പം എംഫിൽ പഠനം നടത്തുമ്പോഴായിരുന്നു സുജാത ടീച്ചർ പരീക്ഷണം നടത്തിയത്. ഇപ്പോൾ രണ്ടു വർഷമായി. പുതിയ ‘ഫോർമുല’ സക്സസ് എന്നു ടീച്ചർ പറയുന്നു. ശരാശരിക്കാർക്കും അതിലും താഴെയുള്ളവരുമായ വിദ്യാർഥികൾക്കാണ് ഇത് ഏറ്റവും ഉപകാരപ്പെടുന്നതെന്ന് സുജാത ടീച്ചർ പറയുന്നു. കെമിസ്ട്രിയുടെ സമവാക്യങ്ങൾ തെറ്റിയാൽ അവർക്ക് ലഭിക്കുന്ന മാർക്കിൽ വലിയ കുറവ് വരും. ചിലപ്പോൾ പരീക്ഷയിൽ ജയിക്കാനുമാകില്ല. ഇപ്പോൾ പത്താം ക്ലാസുകാർക്കും പ്ലസ്ടു പരീക്ഷക്കാർക്കുമൊക്കെ സുജാത ടീച്ചറിന്റെ മ്യൂസിക് കെമിസ്ട്രി വഴി ഉയർന്ന മാർക്കാണ് ലഭിക്കുന്നത്.

പാട്ടും പാടി കെമിസ്ട്രി പഠിക്കാമെന്നറിഞ്ഞ് ടീച്ചറുടെ അടുക്കലേക്ക് ട്യൂഷൻ എടുക്കാൻ ആവശ്യപ്പെട്ട് എത്തുന്നതും നിരവധി പേർ. ഫലത്തിൽ വീട്ടിലും ഇപ്പോൾ മ്യൂസിക് കെമിസ്ട്രിയുടെ രസമുള്ള മൂഡാണ്. സഹായിക്കാൻ ഭർതൃമാതാവായ റിട്ടയേർഡ് കെമിസ്ട്രി പ്രഫസർ ടിഎൻ പൊന്നമ്മയുമുണ്ട്. സ്കൂളിലെ പ്രിൻസിപ്പൽ ഡോ. മോൻസി ജോർജും മറ്റ് അധ്യാപകരും രക്ഷിതാക്കളുമെല്ലാം മികച്ച പ്രോൽസാഹനമാണ് നൽകുന്നതെന്ന് ടീച്ചർ പറയുന്നു. ഡൽഹിയിലെ ‘പ്രോഗ്രസീവ് ടീച്ചർ’ ഗ്രൂപ്പ് ഏർപ്പെടുത്തിയ ടീച്ചേഴ്സ് എക്സലൻസ് അവാർഡിൽ സ്റ്റാർ ഇന്നൊവേഷൻ കാറ്റഗറിയിൽ ദേശീയ പുരസ്കാരത്തിന് അർഹയായിരിക്കുകയാണ് സുജാത ടീച്ചറിപ്പോൾ. ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ ജനറൽ മാനേജർ ആയി ജോലി ചെയ്യുന്ന ഹരിമോഹൻ ആണ് ഭർത്താവ്. നിരഞ്ജനയും നവ്നീതുമാണ് മക്കൾ.

sujatha02.jpg.image.784.410